യു എസിലെ ഒറിഗോണ്‍ കോളജിലെ വെടിവെപ്പ്: രക്ഷപ്പെട്ടിട്ടും ഭയത്തില്‍ നിന്ന് മോചിതരാകാതെ

Posted on: October 4, 2015 12:50 am | Last updated: October 4, 2015 at 12:50 am
SHARE

gunറോസ്ബര്‍ഗ്: അമേരിക്കയിലെ ഒറിഗോണ്‍ കോളജില്‍ ഒമ്പത് പേരെ കൊലപ്പെടുത്തിയ യുവാവ് എത്തിയത് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളുമായി. ക്ലാസ് മുറിക്കരികിലുണ്ടായിരുന്ന ഒരു മുന്‍ സൈനികന്റെ വീരോചിതമായ ഇടപെടലില്ലായിരുന്നില്ലെങ്കില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. അക്രമം നടത്തിയത് ക്രിസ് ഹാപര്‍ മെര്‍കര്‍ എന്ന 26കാരനാണെന്ന് നീതിനിര്‍വ്വഹണവിഭാഗം വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. മറ്റാര്‍ക്കും പ്രേരണയാകാതിരിക്കാനും അക്രമിക്ക് വീരപരിവേഷം ലഭിക്കാതിരിക്കാനും ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. റോസ്ബര്‍ഗിലെ കമ്യൂണിറ്റി കോളജില്‍ നടന്ന അക്രമത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് അധിക്യതര്‍ അന്വേഷിച്ച് വരികയാണ്. അമേരിക്കയില്‍ നിലനില്‍ക്കുന്ന തോക്ക് സംസ്‌കാരത്തിന്റെ ഫലമായുള്ള ഏറ്റവും അവസാനത്തെ കൂട്ടക്കരുതിയാണ് വ്യാഴാഴ്ച നടന്നത്.
പോലീസിന്റെ വെടിയേറ്റ് മരിച്ച അക്രമിയുടെ കൈവശം 13 തോക്കുകള്‍, വെടിയുണ്ട സൂക്ഷിക്കുന്ന ശരീര കവചം, വെടിയുണ്ടകള്‍ എന്നിവയുണ്ടായിരുന്നുവെന്ന് യു എസ് ബ്യൂറോ ഓഫ് അല്‍ക്കഹോള്‍, ടുബാക്കൊ, ഫയര്‍ആംസ് അന്റ് എക്‌സ്‌പ്ലൊസീവ്‌സിലെ പ്രത്യേക ഏജന്റ് സെലിനസ് നുനെസ് പറഞ്ഞു. ക്ലാസ് മുറിയിലേക്ക് ഇരച്ചെത്തിയ അക്രമി ഒരു പ്രൊഫസറുടെ തലക്ക്‌നേരെ വെടിയുതിര്‍ത്ത ശേഷം ഭയംകൊണ്ട് വിറച്ചിരിക്കുകയായിരുന്ന വിദ്യാര്‍ഥികളോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് ഓരോരുത്തരെയായി വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഈ ക്ലാസില്‍നിന്നും തൊട്ടടുത്ത ക്ലാസിലേക്ക് പോകാനൊരുങ്ങിയ അക്രമിയെ ഇറാഖില്‍ സേവനമനുഷ്ഠിച്ചിരുന്ന മുന്‍ സൈനികന്‍ ക്രിസ് മിന്റ്‌സ് തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് അക്രമിയുടെ വെടിയേറ്റ് നിലത്തുവീണ ക്രിസ് അക്രമിയോട് നാളെ തന്റെ ആറു വയസുകാരനായ മകന്റെ പിറന്നാളാണെന്ന് പറഞ്ഞെങ്കിലും അക്രമി വീണ്ടും ക്രിസിനുനേരെ രണ്ട് തവണകൂടി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ദിശമാറി അക്രമി മറ്റൊരു മുറിയിലേക്ക് കടക്കുകയായിരുന്നു. രണ്ട് കാലുകളും പൊട്ടിയ നിലയിലും ശരീരത്തില്‍ ഏഴ് വെടിയുണ്ടകളുമായാണ് മിന്റ്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. അതേ സമയം അക്രമി ഉപയോഗിച്ച ആറ് തോക്കുകള്‍ ക്യാമ്പസില്‍നിന്നും ഏഴെണ്ണം വിഞ്ചെസ്റ്ററിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നും കണ്ടെടുത്തുവെന്നും നുനെസ് പറഞ്ഞു. വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം നിയമപരമായി വിലകൊടുത്ത് വാങ്ങിയവയായിരുന്നു. ക്ലാസ് മുറിയില്‍ അക്രമി ഒരു വിഭാഗത്തിനോടുള്ള വെറുപ്പ് വെളിവാക്കുന്ന വാചകങ്ങള്‍ കുറിച്ചുവെച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സംഭവത്തോടെ തോക്ക് ഉപയോഗം കുറക്കുന്നത് സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്ക് അമേരിക്കയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. തോക്ക് സംസ്‌കാരത്തിന് രാഷ്ട്രീയ പരിഹാരം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടിട്ടുണ്ട്.