Connect with us

National

സംവരണം: ബി ജെ പി, ആര്‍ എസ് എസ് ഒത്തുകളിയെന്ന് സോണിയാ ഗാന്ധി

Published

|

Last Updated

ഭഗല്‍പൂര്‍: സംവരണ വിഷയത്തില്‍ ബി ജെ പിയും ആര്‍ എസ് എസും തമ്മില്‍ ഒത്തുകളി നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജനങ്ങളെ വിഭജിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ ചൊരിയുന്ന മോദിയെ ജനം തള്ളിക്കളയണമെന്നും അവര്‍ പറഞ്ഞു.
ഭഗല്‍പൂരിന് സമീപം കഹാല്‍ഗാവില്‍ നടന്ന തിരഞ്ഞെടുപ്പ് നടന്ന കോണ്‍ഗ്രസ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയാ ഗാന്ധി. ജനങ്ങളെ മോദി കബളിപ്പിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം പ്രഖ്യാപിച്ച ബീഹാര്‍ പാക്കേജ് അപഹാസ്യമാണ്. മുന്‍ സര്‍ക്കാര്‍ പദ്ധതികള്‍ പൊടിതട്ടിയെടുത്ത് പുതിയതെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. കഴിഞ്ഞ 15 മാസത്തെ മോദി ഭരണം രാജ്യത്തിനുണ്ടാക്കിയ കോട്ടങ്ങള്‍ സംബന്ധിച്ച് എല്ലാവര്‍ക്കുമറിയാവുന്നതാണ്. തൊഴിലില്ലായ്മ വര്‍ധിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിവന്ന ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം വെട്ടിക്കുറച്ചു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കൊന്നും ന്യായവില ലഭിക്കുന്നില്ല- സോണിയ പറഞ്ഞു. എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങള്‍ക്ക് ഭരണഘടനാ പ്രകാരം ലഭിച്ചുവരുന്ന സംവരണാവകാശം നിലനിര്‍ത്തണമെന്ന കാര്യത്തില്‍ കോ ണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, സംവരണം അട്ടിമറിക്കാന്‍ ബി ജെ പി നേതൃത്വം കൊടുക്കുന്ന സര്‍ക്കാറും ആര്‍ എസ് എസും ഒത്തുകളിനടത്തുകയാണെന്ന് സോണിയ ആരോപിച്ചു.
മോദി ഏറെ സമയവും ചെലവഴിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്. കൂടെക്കൂടെ വിദേശത്ത് പോയി വലിയ ആളുകളെ കെട്ടിപ്പിടിക്കുന്ന അദ്ദേഹത്തിന് പക്ഷേ, നാട്ടിലെ പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ സമയമില്ല. അദ്ദേഹം വേണമെങ്കില്‍ വിദേശത്ത് പോയിക്കോട്ടെ. പക്ഷേ, അദ്ദേഹത്തെ വിശ്വസിച്ച് അധികാരത്തിലേറ്റിയ ജനങ്ങളുടെ മുന്നില്‍ രാഷ്ട്രീയ നാടകം കളിക്കരുതെന്നും സോണിയാ ഗാന്ധി പറഞ്ഞു.

വാഗ്ദാനത്തിന് മേല്‍
വാഗ്ദാനവുമായി ബി ജെ പി
പാറ്റ്‌ന: തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നുകൂടി കൊഴുപ്പിക്കാന്‍ ബി ജെ പിയുടെ പുതിയ പ്രഖ്യാപനം കൂടി. പത്ത്, 12 ക്ലാസുകളില്‍ ഉയര്‍ന്ന വിജയം നേടുന്ന 50,000 പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടി നല്‍കുമെന്നായിരുന്നു പ്രകടന പത്രികയില്‍ ബി ജെ പി വാഗ്ദാനം ചെയ്തിരുന്നത്. ഇങ്ങനെ ലഭിക്കുന്ന സ്‌കൂട്ടികളില്‍ രണ്ട് വര്‍ഷക്കാലം സൗജന്യമായി സര്‍ക്കാര്‍ തന്നെ പെട്രോള്‍ അടിച്ചുകൊടുക്കും എന്നാണ് ഇന്നലെ വന്ന പുതിയ പ്രഖ്യാപനം. മുതിര്‍ന്ന നേതാവ് സുശീല്‍ മോദിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇക്കാര്യം അറിയിച്ചത്. “വിദ്യാര്‍ഥികള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കൂന്നതൊക്കെ കൊള്ളാം, അതില്‍ പെട്രോള്‍ നിറക്കാന്‍ അവര്‍ക്ക് ആര് കാശ് കൊടുക്കു”മെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ ഹാസ്യരൂപേണ ചോദിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് സുശീല്‍ മോദിയുടെ പുതിയ പ്രഖ്യാപനം. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതില്‍ ആര് പെട്രോള്‍ അടിക്കുമെന്നൊന്നും ആലോചിച്ച് ആരും വേവലാതിപ്പെടേണ്ട. അതും സര്‍ക്കാര്‍ തന്നെ നല്‍കും- സുശീല്‍ മോദി പറഞ്ഞു. എന്‍ ഡി എ അധികാരത്തില്‍ വരികയാണെങ്കില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതകം നല്‍കും. നിതീഷ് കുമാര്‍ ചുമതല വഹിക്കുന്ന ആരോഗ്യ വകുപ്പിനെതിരെ ഉയര്‍ന്നിട്ടുള്ള 100 കോടിയുടെ മരുന്നുകോഴ സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എക്ക് നിയമസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന നേതാക്കളില്‍ പ്രധാനിയാണ് സുശീല്‍ മോദി.

(സോണിയാ ഗാന്ധിയും ബിഹാര്‍ പി സി സി അധ്യക്ഷന്‍ അശോക് ചൗധരിയും തിരഞ്ഞെടുപ്പ് റാലിക്കിടെ)

---- facebook comment plugin here -----

Latest