മാട്ടിറച്ചി കഴിച്ചെന്ന് ആരോപിച്ച് കൊല: രണ്ട് പേര്‍ കൂടി അറസ്റ്റില്‍; പ്രദേശത്ത് സംഘര്‍ഷം

Posted on: October 4, 2015 12:44 am | Last updated: October 4, 2015 at 12:44 am
SHARE

Rahul_2570784fന്യൂഡല്‍ഹി: മാട്ടിറച്ചി കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു. ഇരുപത് വയസ്സുകാരായ വിശാല്‍ റാണ, ശിവം കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ വിശാലിന് നിര്‍ണായകമായ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് ആള്‍ക്കൂട്ടം പ്രകോപിതരായതും അഖ്‌ലാഖിനെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. കൊലപാതകത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന ഒമ്പത് പേരെ പോ ലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, അന്വേഷണവുമായി സഹകരിക്കാന്‍ അറസ്റ്റിലായവരുടെ കുടുംബങ്ങളും നാട്ടുകാരും തയ്യാറാകുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ തടയുകയാണ്. സ്ഥലം സന്ദര്‍ശിക്കുന്ന രാഷ്ട്രീയക്കാരെ അധികൃതരും തടഞ്ഞു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.
കൊലപാതകത്തിന് സജ്ജരായെത്തിയ ആക്രമിക്കൂട്ടത്തെ തിരിച്ചറിയാന്‍ ഊര്‍ജിതമായ തിരച്ചിലാണ് നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് നിര്‍ണായക പ്രതികളായ രണ്ട് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയത്. പക്ഷേ, സംഭവ സ്ഥലത്തെത്തി തെളിവെടുക്കുന്നതിനോ അന്വേഷണം നടത്തുന്നതിനോ പോലീസിന് എളുപ്പത്തില്‍ സാധിക്കുന്നില്ല.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമിസംഘം മുഹമ്മദ് അഖ്‌ലാഖ് എന്ന അമ്പത് വയസ്സുകാരനെ അടിച്ചുകൊന്നത്.
വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചുപറയുന്നത് കേട്ട് സംഘടിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. പ്രദേശത്ത് രണ്ട് മുസ്‌ലിം കുടുംബങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ അഖ്‌ലാഖിന്റെ മകന്‍ ദാനിഷ് ആശുപത്രിയിലാണ്. പ്രദേശത്തുനിന്ന് ഒരു പശുക്കിടാവിനെ കാണാതായെന്നും അതിനെ കൊന്നുതിന്നുവെന്നുമായിരുന്നു പ്രചാരണം.
കുപ്രചാരണം അഴിച്ചുവിട്ടവരെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ജനക്കൂട്ടത്തിന്റെ സംഘടിത ആക്രമണമായതിനാല്‍ ശരിയായ വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കുപ്രചാരണം അഴിച്ചുവിട്ടതിന്റെ ഉത്ഭവസ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതിനിടെ, ദാദ്രിയിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. ഇദ്ദേഹത്തെ ആദ്യം പോലീസ് തടഞ്ഞുവെങ്കിലും പിന്നീട് സന്ദര്‍ശനത്തിന് അനുവദിക്കുകയായിരുന്നു. എന്നാല്‍ തടഞ്ഞതിന്റെ കാരണം വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ആം ആദ്മി പാര്‍ട്ടി നേതാക്കാളായ കുമാര്‍ ബിശ്വാസ്, അശുതോഷ്, സഞ്ജയ് സിംഗ് എന്നിവരും കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ കുംബത്തെ സന്ദര്‍ശിച്ചു. ഔദ്യോഗിക ട്വിറ്ററിലാണ് സന്ദര്‍ശന വിവരം കോണ്‍ഗ്രസ് അറിയിച്ചത്. സന്ദര്‍ശനത്തിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമവാസികളുമായും അദ്ദേഹം സംസാരിച്ചെന്നും ട്വിറ്ററില്‍ പറയുന്നു.

(ചിത്രം_ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ വീട്ടിലെത്തിയ രാഹുല്‍ ഗാന്ധി കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു)