Connect with us

Editorial

ബീഹാറിലെ കുതികാല്‍ വെട്ട് മഹോത്സവം

Published

|

Last Updated

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബീഹാറില്‍ പ്രധാന കക്ഷികളിലെല്ലാം തമ്മില്‍ തല്ല് രൂക്ഷമാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ ഡി (യു), ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട മതനിരപേക്ഷ മഹാസഖ്യവും ബി ജെ പി, ലോക് ജനശക്തി പാര്‍ട്ടി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച എന്നിവ ഉള്‍പ്പെട്ട എന്‍ ഡി എയും തമ്മിലാണ് പ്രധാന മത്സരം. പതിനഞ്ചിലേറെ വര്‍ഷം നിലനിന്ന ജെ ഡി (യു)- ബി ജെ പി സഖ്യത്തെ തകര്‍ത്ത നിതീഷ് കുമാറിനോട് പകരംചോദിക്കാനുള്ള അവസരമായി ബി ജെ പി നിയമസഭാ തിരഞ്ഞെടുപ്പിനെ കാണുമ്പോള്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന് ഈ തിരഞ്ഞെടുപ്പ് വര്‍ഗീയതക്കെതിരായ പോരാട്ടത്തി്‌ന്റെ ഭാഗമാണ്. എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും “മണി പവറും മസില്‍ പവറും” തന്നെയാണ് ബീഹാറില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന് തുടക്കം ഒക്‌ടോബര്‍ 12നാണ്. നവംബര്‍ എട്ടിന് ഫലപ്രഖ്യാപനം നടക്കും. മുന്നണി വ്യത്യാസമില്ലാതെ ബീഹാറില്‍ എല്ലാ രാഷ്ട്രീയ കക്ഷികളിലും തമ്മില്‍ തല്ല് രൂക്ഷമാണ്. ബി ജെ പി നേതൃത്വം പാര്‍ട്ടി ടിക്കറ്റുകള്‍ അറിയപ്പെടുന്ന ക്രിമിനലുകള്‍ക്ക് വില്പന നടത്തിയെന്ന് ആരോപിച്ച് ലോക്‌സഭാംഗം ആര്‍ കെ സിംഗാണ് ബി ജെ പിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. സംസ്ഥാനത്തെ മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയാണ് സിംഗ്. അതുകൊണ്ട് ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷാ അടുത്ത ദിവസം തന്നെ മുതിര്‍ന്ന മറ്റ് നേതാക്കള്‍ക്കൊപ്പം കലാപമൊതുക്കാന്‍ പാറ്റ്‌നയിലെത്തി. അപ്പോഴേക്കും സീറ്റ് തര്‍ക്കം കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി(എല്‍ ജെ പി) യേയും പിടിച്ചുലച്ചിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി നഗിന ദേവിയാണ് ആദ്യവെടി പൊട്ടിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ട ഭീമമായ തുക നല്‍കാന്‍ കഴിയാത്തതിനാല്‍ സീറ്റ് നിഷേധിച്ചെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് അവര്‍ പരാതിപ്പെട്ടു. നല്ലകാലം വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്നവരെ തഴയുന്നുവെന്നാണ് അവരുടെ പരാതി. പണമാണ് അവിടെ എല്ലാം നിശ്ചയിക്കുന്നത്. മഹാസഖ്യത്തിലെ കോണ്‍ഗ്രസിലും പടല പിണക്കങ്ങളുണ്ട്. പക്ഷെ, സംസ്ഥാനത്ത് കാര്യമായ ശക്തിയല്ലാത്തതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് ഗൗരവം കുറവാണ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷന്‍ രാം ജിതന്‍ സിന്‍ഹ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത് കഴിഞ്ഞ ദിവസമാണ്. അതിനിടയില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്നും മൃഗ സംരക്ഷണ മന്ത്രി ബദിയനാഥ് സാഹ്നി രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നതാണ് ഏറ്റവും പുതിയ വിശേഷം.
പലപാര്‍ട്ടികളിലും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരായി രംഗത്ത് വന്നവരില്‍ ഏറെ പ്രമുഖരുമുണ്ട്. കേന്ദ്രമന്ത്രി പസ്വാന്റെ മരുമകനായ അനില്‍ കുമാര്‍ സാധു, പസ്വാന്റെ ഇളയ സഹോദരനെതിരെയാണ് മത്സരിക്കുന്നത്. ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മരുമകന്‍ തേജ് പ്രസാദ് സിംഗ് എം പി ഭാര്യാപിതാവിനെതിരെ പ്രചാരണ രംഗത്ത് സജീവമാണ്. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മഞ്ചി രണ്ട് സീറ്റുകളില്‍ മത്സരിക്കുമ്പോള്‍, മരുമകന്‍ ദേവേന്ദ്ര മഞ്ചി ബോധ്ഗയ സീറ്റില്‍ സ്വതന്ത്രനായി രംഗത്തുണ്ട്. മഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമനും വിമതനായി മത്സരരംഗത്തുണ്ട്. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് മത്സരരംഗത്തില്ലെങ്കിലും പകരം രണ്ട് പുത്രന്മാരെ മത്സരിപ്പിക്കുന്നു. മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ബീഹാറില്‍ ഏതാനും സീറ്റുകളില്‍ മത്സരിക്കുമെന്നും നിതീഷ് കുമാര്‍ നയിക്കുന്ന മഹാസഖ്യത്തില്‍ സഖ്യകക്ഷിയാകുമെന്നും ആദ്യം സൂചനകളുണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല. ബീഹാറില്‍ വേരോട്ടമില്ലാത്ത മുലായം സിംഗിന്റെ സമാജ് വാദി പാര്‍ട്ടിയുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ ജെ ഡി (യു) നേതാവ് നിതീഷ് കുമാര്‍ തന്ത്രപൂര്‍വം അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ആവശ്യമില്ലാതെ സഖ്യമുണ്ടാക്കി മുലായത്തിനെ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി തനിക്ക് തന്നെ പാരയാക്കണോ എന്ന് നിതീഷ് കുമാര്‍ ചിന്തിച്ചിരിക്കണം. അതുമല്ലാതെ ബി ജെ പിയുമായി “നല്ല ബന്ധം” നിലനിര്‍ത്തുന്ന മുലായം ഒടുക്കം മഹാസഖ്യത്തിന് തന്നെ ഭീഷണിയാകുമോ എന്നും പലരും ചിന്തിച്ചിരിക്കണം. ഇതെല്ലാം ബീഹാറിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങളാണ്.
തിരഞ്ഞെടുപ്പ് തീയതി അടുത്ത് വരുന്നതിനനുസരിച്ച് പാര്‍ട്ടികളില്‍ പലതും പണം വീശിയെറിയുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കകം പോലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡുകളില്‍ കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപയാണ് പിടിച്ചെടുത്തത്. അതോടൊപ്പം മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ജനാധിപത്യത്തെ തകിടം മറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സമ്മതിദായകര്‍തന്നെ രംഗത്തിറങ്ങണം. എങ്കിലെ ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടം ബീഹാറില്‍ അധികാരത്തിലെത്താന്‍ സാധ്യതയുള്ളൂ.

Latest