മൂന്നാം രാഷ്ട്രീയ ബദലിന് പിന്തുണയുമായി പുലയര്‍ മഹാസഭ

Posted on: October 4, 2015 12:33 am | Last updated: October 4, 2015 at 12:33 am
SHARE

തൃശൂര്‍: സംസ്ഥാനത്ത് മൂന്നാം രാഷ്ട്രീയ ബദല്‍ രൂപം കൊള്ളേണ്ടത് ജനാധിപത്യത്തിന്റെ ശരിയായ വികാസത്തിന് അനിവാര്യമാണെന്ന് കേരള പുലയര്‍ മഹാസഭ വ്യക്തമാക്കി. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് മറ്റ് കക്ഷികള്‍ ശ്രമിക്കേണ്ടത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് എന്തും ചെയ്തു കൊടുക്കാന്‍ മത്സരിക്കുന്ന ഇടത്, വലത് മുന്നണികള്‍ ഭൂരിപക്ഷ ഹിന്ദുക്കള്‍ക്ക് വേണ്ടി നിലകൊള്ളുന്ന എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കുന്നത് അപലപനീയമാണ്. വിവേചനങ്ങള്‍ക്കെതിരെ എസ് എന്‍ ഡി പി യോഗത്തിന്റെ എല്ലാ ഇടപെടലുകളെയും കെ പി എം എസ് പിന്തുണക്കും. മൂന്നാം മുന്നണിയില്‍ പങ്കാളികളാകാനും തയ്യാറാണ്. സംഘടനാ നേതൃത്വം നല്‍കുന്ന എസ് സി, എസ് ടി സംയുക്ത സമിതിയിലെ 12 സംഘടനകളും ഇതേ നിലപാട് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും കെ പി എം എസ് പ്രസി. എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി വി ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പട്ടിക വിഭാഗത്തിന് ആദ്യമായി കോളജ് അനുവദിച്ചതിനോട് എതിര്‍പ്പില്ല. എന്നാല്‍, കെ പി എം എസിന്റെ പേരോ പദവിയോ ഓഫീസോ ഉപയോഗിക്കരുതെന്ന് കോടതി വിലക്കുള്ള പുന്നല ശ്രീകുമാറിന്റെ ട്രസ്റ്റിന് മുഖ്യമന്ത്രി വഴിവിട്ട് കോളജ് അനുവദിച്ചതിനെതിരെ നിയമപോരാട്ടം തുടരും. പാറപ്പുറത്ത് ചന്ദ്രന്‍, വി എസ് കാര്‍ത്തികേയന്‍, സി എ ശിവന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.