Connect with us

Kerala

അധ്യാപക സ്ഥലംമാറ്റത്തിലെ അനിശ്ചിതത്വം തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തിലെ അനിശ്ചിതത്വം പരിഹരിക്കാതെ സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും മൗനം പാലിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ഹയര്‍ സെക്കന്‍ഡറി സ്ഥലംമാറ്റം മരവിപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും വിദ്യാഭ്യാസ മന്ത്രിയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും നടപ്പിലാക്കിയിട്ടില്ല. ഇതോടെ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. 975 അധ്യാപകരെയാണ് സ്വന്തം ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍, ഇവര്‍ മാറിയെത്തിയ സ്‌കൂളുകളിലെ അധ്യാപകരെ മാറ്റിയിട്ടില്ല. സ്ഥലംമാറ്റം ഉത്തരവ് പ്രകാരം പുതിയ സ്‌കൂളുകളില്‍ അധ്യാപകര്‍ എത്തിയതോടെ അവിടങ്ങളില്‍ ഒരു വിഷയത്തിന് രണ്ട് അധ്യാപകരായി. അവര്‍ വിട്ടുവന്ന വിദ്യാലയങ്ങളില്‍ അധ്യാപകരെ നിയമിച്ചിട്ടുമില്ല. ഇതുകാരണം ഇംപ്രൂവ്‌മെന്റ് പരീക്ഷ പലയിടങ്ങളിലും നടത്താനായിട്ടില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വന്നതോടെ നവംബര്‍ അഞ്ച് കഴിയാതെ ഇനി സര്‍ക്കാറിന് പുതിയ ഉത്തരവിറക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ അത്രയും സമയം ഈ വിദ്യാലയങ്ങളിലെ പഠന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുമെന്നുറപ്പായി. എന്നാല്‍, പെരുമാറ്റച്ചട്ടത്തിന്റെ മറവില്‍ അത്രയും സമയം സ്ഥലംമാറ്റത്തിന്റെ പേരില്‍ അഴിമതിക്ക് വഴിയൊരുക്കാനാണ് വകുപ്പിന്റെ നീക്കമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അധ്യായന വര്‍ഷത്തിന്റെ മധ്യത്തില്‍ അധ്യാപക സ്ഥലംമാറ്റവും ഉത്തരവിലെ അനിശ്ചിതത്വവും സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠന പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചിരിക്കുകയാണ്.