തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; നവംബര്‍ രണ്ടിനും അഞ്ചിനും

Posted on: October 3, 2015 7:19 pm | Last updated: October 5, 2015 at 2:16 pm
SHARE

vote

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ ആദ്യ വാരം രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ്. തുടര്‍ന്ന് അഞ്ചിന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ടാം ഘട്ടമായും വോട്ടെടുപ്പ് നടക്കും. ഏഴിന് ഫലപ്രഖ്യാപനം നടക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന കമ്മീഷന്റെ യോഗത്തിന് ശേഷം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരി കെ ശശിധരന്‍ നായരാണ് തീയതി പ്രഖ്യാപിച്ചത്. പെരുമാറ്റചട്ടം നിലവില്‍ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 17നകം തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഏഴിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി 14 ആണ്. തുടര്‍ന്ന് 15ന് സുക്ഷ്മ പരിശോധന നടക്കും. 17 വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പ്രചാരണത്തിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും കഴിയുന്നതും ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ഥിച്ചു. പൂര്‍ണമായും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് ഇത്തവണ വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്. നിഷേധ വോട്ടായ നോട്ട ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥാനാര്‍ഥികളുടെ ചിത്രവും ഇല്ല.
941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 21,871 നിയോജക മണ്ഡലങ്ങളില്‍ 35,000ത്തോളം പോളിംഗ് ബൂത്തുകളാണ് ഇത്തവണ ക്രമീകരിക്കുക. പൂര്‍ണമായും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാകും തിരഞ്ഞെടുപ്പ് നടക്കുക.
ആദ്യ ഘട്ടത്തില്‍ മധ്യകേരളത്തില്‍ നിന്ന് ഇടുക്കി മാത്രമാണ് ജനവിധി എഴുതുക. തെക്കന്‍ ജില്ലകളായ തിരുവനന്തപുരവും കൊല്ലവും രണ്ടിന് പോളിംഗ് ബൂത്തിലെത്തുമ്പോള്‍ മലബാറില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും.
ത്രിതല പഞ്ചായത്തുകളിലെ സംവരണപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം സ്ത്രീകള്‍ക്കാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലാ പഞ്ചായത്തുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 67 എണ്ണവും സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
941 ഗ്രാമ പഞ്ചായത്തുകളിലെ 417 പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കാണ്. തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.