മാനന്തവാടി ടൗണിലും പരിസരങ്ങളിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

Posted on: October 3, 2015 3:03 pm | Last updated: October 3, 2015 at 3:03 pm
SHARE

മാനന്തവാടി: മാനന്തവാടി ടൗണിലും പരിസരങ്ങളിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മാവോയിസ്റ്റ് തടവുകരെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കുക, എന്‍.എസ്.എ. യു.എ.ടി.എ. നിയമങ്ങള്‍ പിന്‍വലിക്കുക, മാവോയിസ്റ്റ് നേതക്കളുടെ അന്യായതടവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ നടത്തുന്ന പ്രചരണ ക്യാമ്പയിന്റെ ഭാഗമെന്നോണമാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ അച്ചടിച്ചിരിക്കുന്നത്. മാവോയിസ്റ്റ് നേതാവ് രൂപേഷ്, ഭാര്യ ഷൈനി എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററുകളിലുണ്ട്. മാനന്തവാടി പോസ്‌റ്റോഫീസിന് സമീപവും ബ്ലോക്ക് ഓഫീസിന് സമീപമുള്ള മതിലുകളിലുമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. രാവിലെ പോസ്റ്ററുകള്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു. കഴിഞ്ഞദിവസം ഇതേരീതിയിലുള്ള പോസ്റ്ററുകള്‍ പേരാമ്പ്രയിലും പ്രത്യക്ഷപ്പെട്ടിരുന്നു ഇതോടനുബന്ധിച്ച് ഒരു യുവതിയെയും യുവാവിനെയും പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.