കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കാലാവധി കഴിയുന്നു; ജില്ല വീണ്ടും ആശങ്കയില്‍

Posted on: October 3, 2015 3:01 pm | Last updated: October 3, 2015 at 3:01 pm
SHARE

കല്‍പ്പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള 123 വില്ലേജുകളില്‍ 119 വില്ലേജുകളും ഇ എസ് ഐ വില്ലേജുകളായി പരിഗണിച്ചുകൊണ്ടുള്ള പുതിയ കരടു വിജ്ഞാപനത്തിന്റെ കാലാവധി കഴിയാറാകുന്ന സാഹചര്യത്തില്‍ ജില്ല വീണ്ടും ആശങ്കയുടെ കരിനിഴലിലായി. വില്ലേജ് മുഴുവനായി തന്നെ ഇ എസ് ഐയില്‍ പെടുത്തണമെന്നും അതില്‍ കുറച്ചുഭാഗം മാത്രം ഒഴിവാക്കാനാവില്ലെന്നുമുള്ള കേന്ദ്ര നിലപാട് അംഗീകരിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. വന ഭൂമിയും കൃഷിഭൂമിയും തരം തിരിച്ച് റീസര്‍വേ ചെയ്യാതെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇതാണ് ആശങ്കക്ക് കാരണം. അന്തിമ വിജ്ഞാപനത്തില്‍ ജില്ലയിലെ കസ്തൂരിരംഗന്‍ പരിധിയില്‍പെട്ട വില്ലേജുകള്‍ ഇ എസ് ഐ വില്ലേജുകളായി മാറിയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണുണ്ടാവുക. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ 119 വില്ലേജുകള്‍ ഇ എസ് ഐ ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ എസ് ഐ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വന്നാല്‍ കര്‍ഷകര്‍ സ്വാഭാവികമായും വനാതിര്‍ത്തികളില്‍നിന്ന് കുടിയൊഴിയേണ്ട അവസ്ഥ വരും. വനഭൂമിയോട് ചേര്‍ന്ന് കര്‍ഷകര്‍ പതിറ്റാണ്ടുകളായി കൈവശം വെക്കുന്ന ഭൂമിക്കും വനഭൂമിക്കും ഒറ്റ സര്‍വേ നമ്പറുള്ള നിരവധി സ്ഥലങ്ങളുണ്ട്. കേന്ദ്ര നിലപാട് അനുസരിച്ച് ഈ വില്ലേജുകളിലെ കൃഷിഭൂമിയും ഇ എസ് ഐയില്‍പെടാനാണ് സാധ്യത. വനഭൂമിയുടെ സര്‍വേ നമ്പറില്‍ ഉള്‍പ്പെടുന്ന കൃഷിഭൂമി പാര്‍ട്ടാക്കി കാണിച്ചാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലയിലെ പേര്യ, തിരുനെല്ലി, തൃശിലേരി, നൂല്‍പ്പുഴ, വെള്ളരിമല എന്നീ വില്ലേജുകളില്‍ ഹെക്ടര്‍ കണക്കിന് കൃഷിഭൂമി ഇത്തരത്തിലുള്ളതാണ്. സര്‍വേ നമ്പര്‍ തരംതിരിക്കാത്ത പ്രശ്‌നം കേന്ദ്രസര്‍ക്കാരിനെ ബോധിപ്പിച്ച് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അത്തരം നീക്കങ്ങളൊന്നുമുണ്ടായില്ല. കേന്ദ്രനിലപാട് അംഗീകരിക്കയാണുണ്ടായത്. തൊണ്ടര്‍നാട്, കിടങ്ങനാട്, തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടി, ചുണ്ടേല്‍, കുന്നത്തിടവക എന്നിവയാണ് കസ്തൂരിരംഗന്‍ പരിധിയില്‍ വരുന്ന മറ്റു വില്ലേജുകള്‍. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലാണ് പരിസ്ഥിതി സംരക്ഷണാര്‍ഥം ചില മേഖലകള്‍ ഇ എസ് ഐ ആയി പ്രഖ്യാപിക്കുന്നതിനുള്ള പരാമര്‍ശമുള്ളത്. 2000ല്‍ ഇ എസ് ഐ പ്രഖ്യാപനത്തിന്റെ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്താന്‍ നിയോഗിച്ച പ്രണാബ്‌സെന്‍ കമ്മിറ്റി ഇ എസ് ഐ പ്രഖ്യാപനം വളരെസൂക്ഷിച്ചു നടത്തണമെന്നും ഇതു രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുമെന്നും സൂചന നല്‍കിയിട്ടുണ്ട്. ഇ എസ് ഐയില്‍ ജീവിക്കുന്നവര്‍ക്ക് ഒരു നിയമവവും അതിന് പുറത്തുള്ളവര്‍ക്ക് മറ്റൊരു നിയമവുമെന്ന വേര്‍തിരിവുണ്ടാകും. ഇഎസ്‌ഐ ആയി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലത്തുതന്നെ അതു വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് 2006ല്‍ ഇ എസ് ഐ ആയി പ്രഖ്യാപിക്കപ്പെട്ട മഹാരാഷ്ട്രയിലെ മഹാവലേശ്വര്‍, പഞ്ചണഗി, പ്രദേശങ്ങളിലെ അനുഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. പണവും സ്വാധീനവുമുള്ളവര്‍ വലിയ വീടുകളും കെട്ടിടങ്ങളും മറ്റും വയ്ക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ചെറിയ കാര്യങ്ങള്‍ പോലും നിഷേധിക്കപ്പെടും. കിണര്‍ കുത്താന്‍ പോലും ഉദ്യോഗസ്ഥരോട് യാചിക്കേണ്ടി വരും. കോട്ടയത്തെ നാലു വില്ലേജുകള്‍ ഇഎസ്‌ഐയില്‍നിന്ന് ഒഴിവാക്കിയതില്‍ മുഖ്യമന്ത്രി ഇരട്ടത്താപ്പാണ് കാണിച്ചത്. കോട്ടയം ജില്ലയിലെ നാലു വില്ലേജുകളെ ഒഴിവാക്കിയാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ടു കൊടുത്തത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ കരടു വിജ്ഞാപനം നിയമമായി വരുന്നതിന് മുമ്പ് തീരുമാനമെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഒരുമാസത്തിലേറെയായി കരടു പ്രസിദ്ധീകരിച്ചിട്ട്. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ 119 വില്ലേജുകള്‍ പൂര്‍ണമായും കരടു വിജ്ഞാപനം അനുസരിച്ച് ഇ എസ് ഐ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടി വരും.