വ്യാജ സീലുകളും നിരവധി രേഖകളും കണ്ടെടുത്തു

Posted on: October 3, 2015 2:59 pm | Last updated: October 3, 2015 at 2:59 pm
SHARE

പേരാമ്പ്ര: കക്കയം തലയാട് റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വ്യാജ സീലുകളും നിരവധി രേഖകളും കണ്ടെടുത്തു. കൃത്രിമമായി രേഖകളുണ്ടാക്കുന്നതിന് ഉപയോഗിക്കാവുന്ന മുദ്ര പത്രങ്ങള്‍, വില്ലേജ് ഓഫീസറുടെ പേരിലുള്ള സീല്‍പതിച്ച രശീതുകള്‍, 11 ബ്ലാങ്ക് ചെക്കുകള്‍ തുടങ്ങി കോടികളുടെ കൃത്രിമം നടത്താന്‍ കഴിയാവുന്ന വിധത്തില്‍ തയ്യാറാക്കി സൂക്ഷിച്ച രേഖകളാണ് പോലീസ് പിടിച്ചെടുത്തത്. ഷാജു എന്നയാളുടെ വീട്ടിലാണ് കൂരാച്ചുണ്ട് പോലീസും എസ് പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡും പരിശോധന നടത്തിയത്. നാദാപുരം ഡി വൈ എസ് പി. എം പി പ്രേംദാസ്, പേരാമ്പ്ര സി ഐ. കെ കെ ബിജു എന്നിവരുടെ നിര്‍ദേശം തേടിയ ശേഷമാണ് പോലീസ് റെയ്ഡ് തുടങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍, വിദഗ്ധ നിയമോപദേശം നല്‍കാന്‍ പ്രാപ്തിയുള്ള ഒരു അഭിഭാഷകന്റെയും ഇന്‍കം ടാക്‌സ് ഓഫീസറുടെയും വ്യാജ സീലുകള്‍, വ്യക്തികളുടെ പേരിലുള്ള എഗ്രിമെന്റ് പേപ്പറുകള്‍, റജിസ്ട്രര്‍ ആധാരം, വില്ലേജ് ഓഫീസിന്റെ സീല്‍ പതിച്ച വെള്ള പേപ്പറുകള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കൂരാച്ചുണ്ട് എസ് ഐ സുമിത് കുമാര്‍, എസ് സി പി ഒ സന്തോഷ് കുമാര്‍, മുനീര്‍, ഷാജു തോമസ്, ഡബ്ലിയു സി പി ഒ സുനിത എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഡി വൈ എസ് പി പ്രേംദാസും, സി ഐ ബിജുവും കൂരാച്ചുണ്ട് സ്റ്റേഷനിലെത്തി, പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചു. പ്രതിയുടെ പേരില്‍ കൂരാച്ചുണ്ടിലും, മറ്റ് സ്റ്റേഷനുകളിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാന്‍ പോലീസ് ഊര്‍ജിത ശ്രമമാരംഭിച്ചിട്ടുണ്ട്.