മുദ്ര പത്രം കിട്ടാനില്ല; ജനം വലയുന്നു

Posted on: October 3, 2015 2:58 pm | Last updated: October 3, 2015 at 2:58 pm
SHARE

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയില്‍ മുദ്ര പത്രം കിട്ടാത്തത് ജനത്തിന് ദുരിതമാവുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മുദ്ര പത്രങ്ങള്‍ക്ക് നിരവധി പേരാണ് സ്റ്റാമ്പ് വെണ്ടറുടെ പടിക്കല്‍ കാത്തിരിക്കുന്നത്.
50, 100, 500 രൂപ വിലയുളളതാണ് തീരെ കിട്ടാകനിയായിരിക്കുന്നത്. 1000 മുതലുളള മുദ്ര പത്രങ്ങള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വരെയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം 10 രൂപയുടെയും 5000 രൂപയുടെയും പേപ്പറുകള്‍ മാ്രതമാണുണ്ടായിരുന്നത്. അതിരാവിലെ മുതല്‍ താലൂക്കിലെ വിവിധഭാഗങ്ങളില്‍ നിന്നുമെത്തിയ നിരവധി പേര്‍ വൈകുന്നേരം വരെ കാത്തിരുന്നുവെങ്കിലും മുദ്ര പത്രം കിട്ടാതെ മടങ്ങി പോവുകയായിരുന്നു.
ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തിഗത ആനുകൂല്യം ലഭിച്ച സാധാരണക്കാരാണ് മുദ്ര പത്രം കിട്ടാതെ പ്രയാസത്തിലാകുന്നത്. കൂടാതെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുളള പെരുമാറ്റചട്ടം വരാനിരിക്കെ മുദ്ര പത്രം കിട്ടാത്തത് കരാറുകരേയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്നലെ പലരും ഗ്രാമപഞ്ചായത്തുകളില്‍ എഗ്രിമെന്റ് വെക്കുന്നതിന് 10 രൂപയുടെ 20 എണ്ണം വാങ്ങിയാണ് പലരും എഗ്രിമെന്റ് വെച്ചത്. ഇതാകട്ടെ സ്റ്റാമ്പ് വെണ്ടര്‍ക്ക് ഒരാള്‍ക്ക് 20 പ്രാവശ്യം എഴുതേണ്ടി വരുന്നുണ്ട്.
ഇത് കാരണം സ്റ്റാമ്പ് വാങ്ങാനെത്തിയവര്‍ മണിക്കൂറുകളോളം വരിയില്‍ നില്‍ക്കേണ്ട ഗതികേടിലായി. മുദ്രപത്ര ക്ഷാമം പരിഹരിക്കാന്‍ ഇ സ്റ്റാമ്പിങ് സംവിധാനം അടിയന്തിരമായി നടപ്പാക്കണമെന്ന ആവശ്യവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്.