Connect with us

Malappuram

നന്നമ്പ്രയില്‍ ലീഗും-കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരിനൊരുങ്ങുന്നു

Published

|

Last Updated

തിരൂരങ്ങാടി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നന്നമ്പ്ര പഞ്ചായത്തില്‍ മുസ്‌ലിംലീഗും-കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരിനൊരുങ്ങുന്നു. ലീഗ്- കോണ്‍ഗ്രസ് ഭിന്നതക്ക് കേളികേട്ട ഈപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ഒരുവിഭാഗം ലീഗിനൊപ്പമുണ്ടാവുമ്പോള്‍ മറ്റൊരു വിഭാഗം മറുചേരിയില്‍ ഉണ്ടാവുകയാണ് പതിവ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും ഒന്നിച്ചു നിന്നു മത്സരിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള നന്നമ്പ്ര സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം യു ഡി എഫിന് എതിരിലും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം വൈസ്പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് ലീഗ് നല്‍കാത്തതിനെ ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായവുകയും യു ഡി എഫ് ജില്ലാ നേതൃത്വം ഇടപെട്ട് കോണ്‍ഗ്രസിന് വൈസ്പ്രസിഡന്റ് സ്ഥാനം നല്‍കുകയുമായിരുന്നു. എന്നാല്‍ പിന്നീട് നടന്ന സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്‌ലിംലീഗ് രംഗത്ത് വന്നു.
ഈ ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് വൈസ്പ്രസിഡന്റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കുകയാണ് ഉണ്ടായത്. ഈ ഭിന്നത നിലനില്‍ക്കെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ഇവിടെ ഒറ്റക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കണ്‍വെന്‍ഷന്‍ ചേരുകയും ഒറ്റക്ക് മത്സരിക്കുന്നതിന്റെ ആവശ്യകത അണികളെ തര്യപ്പെടുത്തുകയും ചെയ്തു. അതേ സമയം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ഇതില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടത്രെ. എന്നാല്‍ മുസ്‌ലിംലീഗ് ഇവിടെ ഒറ്റക്ക് മത്സരിക്കുന്നതിനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഏത് വിഭാഗവുമായും കൂട്ടുകൂടേണ്ടതില്ലെന്ന പൊതുവികാരമാണത്രെ പ്രാദേശിക ലീഗ് ഘടകത്തിനുള്ളത്.
ഈനയം പ്രചരിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ ചിലഭാഗങ്ങളിലെങ്കിലും സ്വാധീനമുള്ള സി പി എമ്മുമായും ധാരണയില്‍ ആയാല്‍ പോലും കോണ്‍ഗ്രസിനെ അടുപ്പിക്കേണ്ടതില്ലെന്ന് വരെ ലീഗിന്റെ ഭാഗത്തുനിന്ന് പ്രചാരണം നടക്കുന്നുണ്ട്. യു ഡി എഫ് ജില്ലാഘടകത്തിന് എക്കാലത്തും തലവേദന ആകാറുള്ള നന്നമ്പ്ര ഈ പ്രാവശ്യവും പുകഞ്ഞ കൊള്ളിയായി നിലകൊള്ളുകയാണ്.

Latest