Connect with us

National

നിതീഷ് ധിക്കാരിയെന്ന് പ്രധാനമന്ത്രി

Published

|

Last Updated

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ധിക്കാരിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനം കള്ളം പറഞ്ഞ് പെരുപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബീഹാറിലെ ബങ്കയില്‍ ബി ജെ പിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിലേക്കുള്ള വഴി ബാലറ്റുകള്‍ മാത്രമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, വെടിയുണ്ടകളില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ അത് നമ്മെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ബുള്ളറ്റുകളിലല്ല, ബാലറ്റുകളിലാണ് നമ്മള്‍ വിശ്വസിക്കേണ്ടത്. ബീഹാറിന്റെ സുസ്ഥിര വികസനം ഉറപ്പു വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബി ജെ പി അധികാരത്തിലെത്തിയ ശേഷം ഝാര്‍ഖണ്ഡില്‍ ഉണ്ടായിട്ടുള്ള മാറ്റം ഒരു പാഠമാണ്. ഇതേ വികസനത്തിന് അവകാശികളാണ് ബീഹാറികളും. യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കുക, കര്‍ഷകര്‍ക്ക് അനുകൂല നയങ്ങള്‍ രൂപീകരിക്കുക, രാഷ്ട്ര നിര്‍മാണത്തില്‍ സ്ത്രീകളുടെ സംഭവനകള്‍ ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ തിരഞ്ഞെടുപ്പ് അജണ്ട. ഇത്തവണ ബീഹാര്‍ ജനതക്ക് രണ്ട് ദീപാവലി ആഘോഷിക്കാന്‍ സാധിക്കും. ഒന്ന് ദീപാവലി ദിവസത്തിലും മറ്റൊന്ന് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ജയിക്കുമ്പോഴെന്നും മോദി വ്യക്തമാക്കി.

Latest