Connect with us

International

വെസ്റ്റ് ബാങ്കില്‍ ആക്രമണ സന്നാഹം

Published

|

Last Updated

ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ യുവദമ്പതികള്‍ മക്കളുടെ കണ്‍മുന്നില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളികളെന്ന് സംശയിക്കുന്നവരെ വേട്ടയാടാനായി ഇസ്‌റാഈല്‍ നൂറ് കണക്കിന് സൈനികരെ ഇവിടെ വിന്യസിച്ചു.
30 വയസ് പ്രായമുള്ള ഐതം, നാമ ഹെന്‍കിന്‍ എന്നിവരാണ് വടക്കന്‍ ഫലസ്തീന്‍ മേഖലയിലെ ഐതാമര്‍, എലോന്‍ എന്നീ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കിടയിലൂടെ കാറില്‍ സഞ്ചരിക്കവെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നാല് മാസത്തിനും ഒമ്പത് വയസിനും ഇടയില്‍ പ്രായമുള്ള നാല് മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്. കാറിന് പിറകിലുണ്ടായിരുന്ന കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ഇവിടെ തുടര്‍ച്ചയായ തിരച്ചില്‍ നടത്തുമെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് ആരിഷാലികര്‍ പറഞ്ഞു.
വടക്ക് പടിഞ്ഞാറന്‍ റാമല്ലയില്‍ മധ്യവെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രമായ നീരിയയിലാണ് കൊല്ലപ്പെട്ട ഹെന്‍കിനും കുടുംബവും കഴിഞ്ഞുവന്നിരുന്നത്. ഇവരുടെ സംസ്‌കാരം ഇന്നലെ ജറൂസലേമിലെ ഹാര്‍ ഹേമന്‍ഹോട്ട് സെമിത്തേരിയില്‍ നടന്നു. അതേസമയം ഫലസ്തീന്‍ ഗ്രാമമായ ബെയ്തിലുവില്‍ പ്രതിയോഗികള്‍ ഒരു കാര്‍ തകര്‍ക്കുകയും ഹെന്‍കിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുകയെന്ന് പെയിന്റുകൊണ്ട് ചുമരില്‍ എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ ആരും ആക്രമിക്കപ്പെട്ടിട്ടില്ല. കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആക്രമണം നടന്ന സ്ഥലത്തിന് സമീപം സംഘര്‍ഷം വര്‍ധിക്കാതിരിക്കാന്‍ നാല് ബറ്റാലിയനെ വിന്യസിക്കുമെന്ന് സൈന്യം പറഞ്ഞു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച് മണിക്കൂറുകള്‍ക്കകമാണ് വ്യാഴാഴ്ച ദമ്പതികള്‍ കൊല്ലപ്പെട്ടത്.

Latest