മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാ പരീക്ഷ മാത്രം

Posted on: October 3, 2015 10:00 am | Last updated: October 3, 2015 at 10:00 am
SHARE

legacy-sprague-lc-rappaport-type-stethoscope-ന്യൂഡല്‍ഹി; രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ പ്രവേശനം പാടുള്ളൂവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. മെഡിക്കല്‍ പ്രവേശനത്തിന് സംസ്ഥാന തലങ്ങളില്‍ നടത്തുന്ന പരീക്ഷ നിര്‍ത്തലാക്കാനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചു. കൗണ്‍സിലിന്റെ ശിപാര്‍ശ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ ശിപാര്‍ശ നടപ്പില്‍ വരുത്താനാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കൗണ്‍സില്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള മെഡിക്കല്‍ കോളജുകളിലേക്ക് പ്രവേശന പരീക്ഷ നടത്താന്‍ സര്‍ക്കാറുകള്‍ക്ക് ഇനി അനുവാദമില്ല. മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയും പരിഗണിക്കില്ല. പ്രവേശന പരീക്ഷകളിലെ വ്യാപകമായ ക്രമക്കേടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കാന്‍ വ്യാഴാഴ്ച അവസാനിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ യോഗം തീരുമാനിച്ചത്. വ്യാഴാഴ്ച രാത്രി അവസാനിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ യോഗമാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. സംവരണ സീറ്റുകള്‍ സംബന്ധിച്ച് ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കും ഈ തീരുമാനം ബാധകമാണ്.
രാജ്യത്ത് ആകെ എഴുപതിനായിരം എം ബി ബി എസ് സീറ്റുകളും 21,000 എം ഡി സീറ്റുകളുമാണുള്ളത്. നിലവില്‍ അതാത് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ പരീക്ഷ നടത്തും. അതുപോലെ സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന കല്‍പ്പിത സര്‍വകലാശാലകള്‍ അവരുടേതായ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും (സി ഇ ടി) നടത്തുന്നുണ്ട്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഈ പരീക്ഷകള്‍ എഴുതാറുണ്ട്.
പൊതുപരീക്ഷ തീരുമാനിക്കുന്നതിന് അനുമതി നല്‍കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുപ്പത്തിരണ്ടാം വകുപ്പ് ഭേദഗതി ചെയ്യാനും തീരുമാനമായി. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇതു സംബന്ധിച്ച സുപ്രീം കോടതിയിലെ കേസില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരാജയപ്പെട്ടിരുന്നു. 2013ല്‍ മെഡിക്കല്‍ കോളജുകളിലെ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. എന്നാല്‍, ഇതിനെതിരെ 115 പരാതികളാണ് കോടതിയില്‍ വന്നത്. തുടര്‍ന്നാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്.