Connect with us

Articles

ഉമറാക്കളുടെ വീണ്ടെടുപ്പിന്

Published

|

Last Updated

സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി പ്രവാചകരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും
– മുഹമ്മദ് നബി(സ)
മനുഷ്യന്റെ ഏറ്റവും വലിയ ബലഹീനതകളില്‍ ഒന്നാണ് പണം. എത്ര കിട്ടിയാലും മതിയാകുന്നില്ല. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പാവപ്പെട്ടവന്‍ യാചിക്കുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങളും ആഡംബരങ്ങള്‍ക്കും പിന്നാലെയാണ് പണക്കാരന്‍. ദാരിദ്ര്യം എന്നത് ഏറ്റവും വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന ജീവിതാനുഭവമാണ്. തിരുനബി(സ) ദാരിദ്ര്യത്തെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യാന്‍ ഉപദേശിച്ചിട്ടുണ്ട്. സമ്പത്തിന്റെ കാര്യത്തിലായാലും അല്ലെങ്കിലും മനുഷ്യ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് മിഴി തുറന്നാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ ശ്രദ്ധേയമാകുന്നത്. സമ്പത്തിനെക്കുറിച്ചും അത് കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ചും വിശദമായും വ്യക്തമായും ഇസ്‌ലാം മനുഷ്യ സമൂഹത്തിന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.
പണമുണ്ടാക്കുക എന്നത് ഒരു അപരാധമല്ല. പ്രപഞ്ചനാഥനായ അല്ലാഹു അനുവദിച്ച മാര്‍ഗത്തിലൂടെയാകണം എന്നുമാത്രം. തന്റെ കഴിവും യോഗ്യതയും പ്രകൃതിദത്തമായ ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തി ജീവിതായോധന മാര്‍ഗങ്ങള്‍ തേടാനുള്ള അവകാശം ഓരോ മനുഷ്യനും ഇസ്്‌ലാം നല്‍കുന്നു. നിഷിദ്ധമായ മാര്‍ഗങ്ങളിലൂടെ പണമുണ്ടാക്കുന്ന എല്ലാ സാധ്യതകളും ഇസ്്‌ലാം കൊട്ടിയടക്കുന്നു. സമ്പത്തുണ്ടാകുമ്പോള്‍ എന്തൊക്കെയാണ് പാടില്ലാത്ത കാര്യങ്ങളെന്നും വ്യക്തമായി പറയുന്നുമുണ്ട് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം.
വ്യാപാരികള്‍ മുഖേനയാണ് പല നാടുകളിലും ഇസ്്‌ലാം പ്രചരിച്ചത്. അവരുടെ വിശ്വസ്തതയും സത്യസന്ധതയും നീതിയും ജനങ്ങളെ ആകര്‍ഷിക്കുകയും ഇസ്്‌ലാമിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രബുദ്ധരായ ഇസ്‌ലാമിക പണ്ഡിത്മാര്‍ ഓരോ കാലത്തും പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നേറിയപ്പോള്‍ പലപ്പോഴും വ്യാപാരികളായ ഉമറാക്കള്‍ അവര്‍ക്ക് തണലായി നിന്നു. സാമ്പത്തിക പിന്തുണയും സ്വാധീനവും നല്‍കി ദീന്‍ വളര്‍ത്താന്‍ പണ്ഡിതന്മാര്‍ക്ക് പിന്നില്‍ എപ്പോഴും അവര്‍ അണിനിരന്നു. ഇസ്‌ലാമിക പൈകൃത നഗരങ്ങള്‍ പിറവിയെടുത്ത സ്ഥലങ്ങളിലും വൈജ്ഞാനിക നവോത്ഥാന മുന്നേറ്റങ്ങള്‍ സാധ്യമായ അവസരങ്ങളിലുമെല്ലാം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപാരികളുടെ പങ്ക് വളരെ വലുതായിരുന്നു. അവര്‍ നാഥന്റെ മാര്‍ഗത്തില്‍ ചിലവഴിച്ചു. ശുദ്ധമായ മനസ്സോടെ ഉമറാക്കള്‍ ചെലവഴിച്ചപ്പോള്‍ അതിന് വലിയ ഫലങ്ങള്‍ ഉണ്ടായി. മതപണ്ഡിതരുടെ ആത്മീയ നേതൃത്വവും വ്യാപാരികളുടെ സാമ്പത്തിക പിന്തുണയും ഒരുമിച്ചപ്പോള്‍ വിവിധ നാടുകളില്‍ ഇസ്‌ലാമിന്റെ സന്ദേശം എളുപ്പത്തില്‍ പ്രചരിച്ചു.
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിത കാലം മുതല്‍ ഇന്നുവരെ ഉമറാക്കളുടെ ഈ സേവനം ദീനീപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഉസ്മാനുബ്‌നു അഫാന്‍(റ)വിന്റെ ജീവിതം ഈയര്‍ഥത്തില്‍ ഏറെ മാതൃകാപരമായിരുന്നു. യൗവന കാലത്തേ ഉസ്മാന്‍(റ) വിദഗ്ധനായ ഒരു വ്യാപാരിയായിരുന്നു. മക്കയിലെ സമ്പന്ന ഗോത്രത്തിലാണ് അദ്ദേഹം ജനിച്ചത്. സിറിയന്‍ അതിര്‍ത്തിയില്‍ തബൂഖ് യുദ്ധത്തിനായി ഒരുങ്ങാന്‍ തിരുനബി(സ) അനുയായികളോട് നിര്‍ദേശം നല്‍കി. തന്റെ അനുയായിവൃന്ദത്തെ ഒരുമിച്ചുകൂട്ടി മുഹമ്മദ് നബി(സ) ആരാണ് വിശുദ്ധയുദ്ധത്തിന് പണം ചെലവഴിക്കുക എന്ന് അന്വേഷിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് ചെലവഴിക്കാന്‍ സന്നദ്ധനായി മുന്നേട്ട് വന്നത് ഉസ്മാന്‍(റ) ആയിരുന്നു. ആയിരം ദീനാര്‍, ആയിരം ഒട്ടകങ്ങള്‍, കുതിരകള്‍ എന്നിവ നല്‍കിയാണ് ദീന്‍ സംരക്ഷിക്കാന്‍ ഉസ്മാന്‍(റ) തയ്യാറായത്. ഉസ്മാന്‍(റ)വിന്റെ ധീരത കണ്ട് പ്രവാചകന്‍ ഏറെ സന്തോഷിച്ചു.
ഖലീഫയായി ഭരണമേറ്റെടുത്ത സമയത്ത് നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ഉസ്മാന്‍(റ) മിടുക്ക് കാണിച്ചു. എല്ലാ ഓഫീസുകളിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും 25 ശതമാനം വേതനം വര്‍ധിപ്പിച്ചു അദ്ദേഹം. ഭൂമി, പച്ചക്കറികള്‍ എന്നിവ വില്‍പന നടത്താന്‍ മുമ്പുണ്ടായിരുന്ന എല്ലാ വിലക്കുകളും നീക്കി. വ്യാപാരം ഒരു കാരണവശാലും കെട്ടിക്കിടക്കരുത് എന്ന ഉദ്ദേശ്യശുദ്ധികൊണ്ടാണ് വില്‍പന നടത്താനുള്ള വിലക്കുകള്‍ നീക്കിയത്. വ്യാപാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമം എത്തണമെന്ന് ഉസ്മാന്‍(റ) ആഗ്രഹിച്ചു.
സത്യസന്ധതയാണ് കച്ചവടത്തിന്റെ കാതലെന്ന് ഇസ്‌ലാം വിശ്വസിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ പലിശ വെടിയുവാന്‍ നിങ്ങള്‍ തയ്യാറാകണം എന്നാണ് ഖുര്‍ആനിന്റെ നിര്‍ദേശം. ഒരിക്കല്‍ പ്രവാചകന്‍ അങ്ങാടിയിലേക്കിറങ്ങിച്ചെന്നു. ഒരു കച്ചവടക്കാരന്റെ ധാന്യപാത്രത്തില്‍ കൈയിട്ട് നോക്കിയപ്പോള്‍ അടിഭാഗത്ത് നനവ് കണ്ടപ്പോള്‍ റസൂല്‍(സ) ചോദിച്ചു: എന്താണിത്? അപ്പോള്‍ അയാള്‍ പറഞ്ഞു: റസൂലേ, മഴ നനഞ്ഞതാണ്. പ്രവാചകന്‍ അരുളി: എങ്കില്‍ നനഞ്ഞ ഭാഗം മുകളിലിട്ട് അത് ആളുകള്‍ കാണുന്ന രൂപത്തില്‍ ആക്കുക. വഞ്ചിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് ഖുര്‍ആനിലെ മുതഫിഫീനിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള വചനങ്ങള്‍ വിശദമായി വ്യക്തമാക്കുന്നു. അളവില്‍ കളവ് കാണിക്കുന്ന ആളുകള്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ളത് മറ്റുള്ളവരില്‍ നിന്ന് വാങ്ങുകയും മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ളത് പിടിച്ചു വെക്കുകയും ചെയ്യുന്നവരാണെന്നും അവര്‍ക്ക് വരാനിരിക്കുന്നത് സര്‍വനാശമാണെന്നും ഖുര്‍ആന്‍ മുന്നറിയിപ്പ് തരുന്നു.
നാളെ അല്ലാഹുവിനെ കാണുമെന്നും അതിനാല്‍ കൃത്രിമത്വവും ചതിയും കൊള്ളലാഭവും പരലോകത്ത് നാശം വിതക്കുമെന്നും പരലോക വിശ്വാസമുള്ള ഒരു വ്യാപാരി വിശ്വസിക്കുന്നു. അതിനാല്‍ മാനുഷിക മുഖമുള്ള, സത്യസന്ധതയുടെ പിന്തുണയുള്ള, പണം ചില ആളുകളില്‍ മാത്രം കെട്ടിക്കിടക്കാനിടവരാത്ത കച്ചവടവും വ്യാപാരവുമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ആധുനിക കച്ചവട മേഖലയില്‍ അവസരങ്ങള്‍ നിരവധിയാണ്. വന്‍ ലാഭമുണ്ടാക്കുന്ന വ്യാപാരികളുടെ കുത്തൊഴുക്ക് നമുക്ക് കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ അല്ലാഹു അനുവദിച്ചിട്ടില്ലാത്ത മാര്‍ഗത്തിലൂടെ പണം സമ്പാദിക്കാനുള്ള എളുപ്പ വഴികളും വളരെ കൂടുതലാണ്. നാഥനെ ഓര്‍ക്കാതെയും ഭയപ്പെടാതെയും എങ്ങനെയും ധനസമ്പാദനത്തിനായി ഓടുന്നവര്‍ വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തിലും ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന മാകൃതാ വ്യാപാരികള്‍ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട് എന്നതാണ് ആശ്വാസം നല്‍കുന്ന വസ്തുത. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായിട്ടും അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി മാത്രം ഹലാല്‍ അല്ലാത്ത ഒന്നും വേണ്ട എന്ന് തീരുമാനിക്കുന്ന ഈ ധീരതയാണ് വ്യാപാരികളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക പരിസരങ്ങളിലും ഉണ്ടാകേണ്ടത്. അപ്പോഴാണ് അല്ലാഹു സന്തോഷിക്കുക. നമ്മുടെ വ്യാവഹാരങ്ങളില്‍ റഹ്മത്ത് ചൊരിയുക..
ഈയര്‍ഥത്തിലാണ് ഇന്ന് ജാമിഅ മര്‍കസില്‍ വ്യാപാരി വ്യവസായി സംഗമം നടക്കുന്നത്. വ്യാപാരികളുടെ സമഗ്ര ക്ഷേമം ലക്ഷ്യമിട്ട് ഉമറാക്കളുടെ വീണ്ടെടുപ്പിനായി ഒരു വ്യത്യസ്തമായ കൂടിക്കാഴ്ചയാണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളും വ്യാവസായികളും സാമുദായിക ശാക്തീകരണത്തിനായി അവരുടേതായ ചിന്തകള്‍ അവതരിപ്പിക്കുന്ന ആത്മീയ സംഗമം. എല്ലാ വിഭാഗം ജനങ്ങളുടെയും വളര്‍ച്ചക്ക് മര്‍കസ് മുന്നോട്ട് വെക്കുന്ന ബൃഹദ് പദ്ധതികളുടെ ഭാഗമായാണ് വ്യാപാരി വ്യവസായി സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.
ധാര്‍മിക ബോധവും സാമുദായിക സേവനവും ലക്ഷ്യം വെച്ച് നാഥന്റെ തൃപ്തിയില്‍ ജീവിക്കുന്ന സുമനസ്സുകളുടെ ഈ മഹത്തായ പരിപാടിയില്‍ വ്യാപാരികളുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. സര്‍വോപരി, മര്‍കസ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ വൈവിധ്യങ്ങളായ പദ്ധതികള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ജനകീയ പരിപാടികളും ഇന്‍ഷാഅല്ലാഹ് പ്രയോഗത്തില്‍ കൊണ്ടുവരും.

 

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

Latest