എന്തുകൊണ്ട് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍?

Posted on: October 3, 2015 6:00 am | Last updated: October 3, 2015 at 1:06 am
SHARE

harthal2വിയോജിപ്പും പ്രതിഷേധങ്ങളും എതിര്‍പ്പുകളും ജനാധിപത്യ സംസ്‌കാരത്തിന്റെ ജീവ വായുവാണ്. അവയെ ഞെരിച്ചമര്‍ത്തി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന സമൂഹങ്ങളും രാഷ്ട്രങ്ങളും ജനങ്ങളാല്‍ തന്നെ തുടച്ച് നീക്കപ്പെടും. എന്നാല്‍ പരിഷ്‌കൃത രാഷ്ട്രങ്ങളെല്ലാം തന്നെ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും, വിയോജിപ്പുകള്‍ക്കും സ്വയമേവ പരിധി നിശ്ചയിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കുറെ വര്‍ഷങ്ങളായി നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് ഹര്‍ത്താലുകള്‍. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും മുതല്‍ വലിയ ജനപിന്തുണയൊന്നും അവകാശപ്പെടാന്‍ കഴിയാത്ത പ്രസ്ഥാനങ്ങള്‍ വരെ ആവശ്യത്തിനും അനാവശ്യത്തിനും ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനജീവിതം സ്തംഭിപ്പിക്കാറുണ്ട്. ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിച്ചാല്‍ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നങ്ങള്‍ പോലും പലപ്പോഴും ഹര്‍ത്താലിലേക്കെത്തിച്ച് ഒരു ദിവസത്തെ ജനജീവിതം സമ്പൂര്‍ണമായും നിശ്ചലമാക്കുന്ന അവസ്ഥാ വിശേഷമാണിപ്പോഴുള്ളത്. ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചരിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്റെ അവകാശത്തെ സമ്പൂര്‍ണമായ നിരസിക്കുകയാണ് ഇത്തരം ഹര്‍ത്താലുകള്‍ ചെയ്യുന്നത്. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്, എന്റെ മൂക്ക് തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു(്യീൗൃ ളൃലലറീാ ലിറ െംവലൃല ാ്യ ിീലെ യലഴൗി). അഭിപ്രായ സ്വാതന്ത്ര്യത്തെ എക്കാലെത്തയും വലിയ നിര്‍വചനമായിട്ടാണ് ഈ വചനം വ്യാഖ്യാനിക്കപ്പെടുന്നത്. മറ്റൊരു വ്യക്തിയുടെ സഞ്ചാരത്തെയും സ്വാതന്ത്ര്യത്തെയും തടഞ്ഞു കൊണ്ടും പരിമിതപ്പെടുത്തിക്കൊണ്ടും ഒരു വ്യക്തിക്കും പ്രതിഷേധിക്കാന്‍ അവകാശമില്ല. ഈ വസ്തുതകളെല്ലാം മുന്‍നിര്‍ത്തിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ 2015ന്റെ കരട് രൂപം സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ഈ ബില്‍ ഉടന്‍ തന്നെ മന്ത്രിസഭായോഗത്തിന്റെ പരിഗണനക്കെത്തും.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ഹര്‍ത്താലുകളെക്കുറിച്ച് പല ഭാഗത്ത് നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു ബില്ല് അണിയറയില്‍ ഒരുങ്ങുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഹര്‍ത്താലുകള്‍ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഹൈക്കോടതിയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഹര്‍ത്താല്‍ നിയന്ത്രണ ആക്ട് എന്ന പേരില്‍ തയ്യാറാകുന്ന ബില്ലിലൂടെ ഹര്‍ത്താല്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഹര്‍ത്താല്‍ എന്നാല്‍ ഒരു കാരണമോ പ്രചാരണ പ്രവര്‍ത്തനമോ ഉയര്‍ത്തിക്കാട്ടുന്നതിനായി പൊതുജന സമ്മര്‍ദം, സാമൂഹിക സംക്ഷോഭം, സാമ്പത്തിക ഭീഷണി, ആക്രമം ഉണ്ടാകുമെന്ന ആശങ്ക എന്നിവ സൃഷ്ടിച്ച് ഏതെങ്കിലും ആളുകളുടെയോ സംഘടനയുടെയോ പ്രേരണ മൂലം വ്യാപാരമോ തൊഴിലോ മറ്റ് പ്രവര്‍ത്തനങ്ങളോ നിര്‍ത്തി വെക്കല്‍ എന്നാണ് പ്രസ്തുത ബില്ല് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പൊതുജനാഭിപ്രായം സ്വരൂപിച്ച് കൊണ്ടും, രാഷ്ട്രീയ – സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങളുമായി ആശയവിനിമയം നടത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്തും കൊണ്ടുമാത്രമേ ബില്ലിന് അന്തിമ രൂപം നല്‍കൂ.
എന്നാല്‍ ഈ ബില്ലില്‍ വിവക്ഷിക്കപ്പെടുന്ന ഹര്‍ത്താല്‍ എന്ന പദത്തിന്റെ നിര്‍വചനത്തില്‍ ജീവനക്കാരുടെ സമരമോ 1947ലെ വ്യവസായ തര്‍ക്ക ആക്ടിലോ 1926ലെ ട്രേഡ് യൂനിയന്‍ ആക്ടിലോ ഉള്‍പ്പെടുന്ന ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും നിയന്ത്രിക്കുന്ന മറ്റേതെങ്കിലും നിയമത്തിലെയോ വ്യവസ്ഥകള്‍ പാലിക്കുന്ന ഏതെങ്കിലും ട്രേഡ് യൂനിയനുകളോ സംഘടനയോ സംഘടിപ്പിക്കുന്ന സമരമോ ഉള്‍പ്പെടുന്നില്ല.
ഹര്‍ത്താലുകളുടെ നിയന്ത്രണം
1. ഈ ആക്ട് നിലവില്‍ വന്നാല്‍ ആക്ട് പ്രകാരം അനുവദനീയമായ രീതിയിലല്ലാതെ ഏതെങ്കിലും വ്യക്തിക്കൊ സംഘത്തിനോ സംഘടനക്കോ എതെങ്കിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാനോ നടത്താനോ ഉള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല.
2. മാധ്യമങ്ങള്‍ മുഖേനയുള്ള മൂന്ന് ദിവസത്തെ അറിയിപ്പ് കൂടാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനോ ഹര്‍ത്താലിന് പ്രേരിപ്പിക്കാനോ പാടുള്ളതല്ല.
3. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ജീവനും സ്വത്തിനും ഉണ്ടാകുന്ന വിനാശത്തിനോ നാശ നഷ്ടത്തിനോ ഉള്ള നഷ്ടപരിഹാരം നല്‍കുന്നതിന് വേണ്ടി നിശ്ചയിക്കപ്പെടുന്ന തുക ഈടായി നിക്ഷേപിക്കേണ്ടതാണ്.
ഏതെങ്കിലും വ്യക്തിക്കോ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ നേരിട്ടോ അവര്‍ ഏര്‍പ്പെടുത്ത മറ്റ് സംവിധാനങ്ങള്‍ വഴിയോ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാവുന്നതാണെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
സംഭവിക്കാന്‍ പാടില്ലാത്തത്
1. ബലം പ്രയോഗിച്ചോ ശാരീകവും മാനസികവുമായി ഭീഷണിപ്പെടുത്തിയോ ഹര്‍ത്താലുകള്‍ നടത്താന്‍ പാടില്ലന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
2 ബലം പ്രയോഗിച്ചോ ബലം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയോ മറ്റൊരാളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുകയോ ഏതെങ്കിലും ആളുടെ വ്യാപാരത്തെയോ വ്യവസായത്തെയോ അതിന്റെ സഹായ ഘടകങ്ങളുടെയോ പ്രവര്‍ത്തനത്തെ രാവിലെ ആറ് മണിക്ക് മുമ്പോ വൈകീട്ട് ആറ് മണിക്ക് ശേഷമോ നിര്‍ത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാന്‍ പാടില്ല.
3. വിദ്യാഭ്യാസ സ്ഥാപനങ്ങളോ ധര്‍മസ്ഥാപനങ്ങളോ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പൊതു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയോ പ്രയോജനകരമായ സേവനങ്ങളെയോ തടസപ്പെടുത്താനോ നിര്‍ത്തലാക്കാനോ പാടുള്ളതല്ല.
4. വ്യാപാരം, കച്ചവടം, സംരംഭം, അെല്ലങ്കില്‍ യാത്രാവാഹനത്തെയോ സൗകര്യത്തെയോ തടസ്സപ്പെടുത്തുന്നതിനോ ബലമോ ഭീഷണിയോ ആക്രമണമോ ഉപയോഗിക്കാനോ അവ പൂര്‍ണമായോ, ഭാഗികമായോ അടകുന്നതിനോ, അവ നിര്‍ത്തലാക്കാനോ നിര്‍ബന്ധിക്കുന്നത് കുറ്റകരമാണെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
5. ഏതൊരു പൗരന്റെയും ജീവനോ സ്വാതന്ത്രത്തിനോ സ്വത്തിനോ ഭീഷണിയും അപകടവും ആശങ്കയും വരുത്തി വെക്കുന്ന പ്രവര്‍ത്തികളോ സര്‍ക്കാര്‍ വസ്തുവിന്റെ നാശത്തിന് കാരണമാകുന്ന പ്രവര്‍ത്തികളോ പൊതുസമാധാനവും ക്രമസമാധാനവും അപകടപ്പെടുത്തുകയും ചെയ്യുകയോ പൊതുജനങ്ങളുടെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തികളും കര്‍ശനമായി തടയാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
നിരോധിക്കാം
ഹര്‍ത്താലുകള്‍ ജനജീവിതത്തിന് ആവശ്യമായ വ്യാപാരത്തെയോ പ്രവര്‍ത്തനത്തെയോ ബാധിക്കുന്നതാണെങ്കില്‍ അത് മൂന്ന് ദിവസത്തെ നോട്ടീസ് നല്‍കിയിട്ടുള്ളതാണെങ്കില്‍ പോലും സര്‍ക്കാറിന് ഹര്‍ത്താല്‍ നിരോധിക്കാം. ആശുപത്രികള്‍, ഹെല്‍ത്ത് ക്ലിനിക്കുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ ഫാര്‍മസി, എന്നിവയും പാല്‍, പത്രം, മീന്‍, ജലം, ആഹാരം എന്നിവയുടെ വിതരണവും ആംബുലന്‍സുകളുടെയും ആശുപത്രി വാഹനങ്ങളുടെയും ഗതാഗതം ഇന്ധന വിതരണം തുടങ്ങിയവയാണ് ജനജീവിതത്തിന് ആവശ്യമായ പ്രവര്‍ത്തനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
വ്യക്തിയുടെ നിയമപരമായ അവകാശങ്ങള്‍ ആരെങ്കിലും ബലം പ്രയോഗിച്ച് തടയുകയോ അങ്ങിനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ഉണ്ടായാല്‍ പോലീസും, മറ്റ് ക്രമസമാധാന അധികാര സ്ഥാപനങ്ങളും പൗരന്‍മാരെ സഹായിക്കേണ്ടതാണ്.
ആക്ടിന് വിരുദ്ധമായാല്‍
ഈ ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയോ നടത്തുകയോ ചെയ്താല്‍ ആറു മാസം വരെയുള്ള കാലയളവിലേക്കുള്ള തടവോ അല്ലങ്കില്‍ പതിനായിരം രൂപവരെയുള്ള പിഴയോ രണ്ടും കൂടിയോ ലഭിക്കാനുള്ള വ്യവസ്ഥകളും ആക്ടില്‍ വിഭാവനം ചെയ്യുന്നു. ഹര്‍ത്താല്‍ ആണെന്ന കാരണത്താല്‍ ഒരു വ്യക്തിയെ അയാളുടെ ജോലിക്ക് ഹാജരാകുന്നതില്‍ നിന്ന് വിലക്കുകയോ ആശുപത്രിയോ ഹോട്ടലോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇന്ധനം നല്‍കുന്ന കേന്ദ്രങ്ങളോ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ബലമായി തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ മേല്‍പ്പറഞ്ഞ ശിക്ഷകള്‍ ലഭിക്കും.
ഹര്‍ത്താല്‍ സമയത്ത് പൗരന്മാര്‍ക്ക് ആക്ടില്‍ വ്യവസ്ഥ ചെയ്യുന്ന സംരക്ഷണങ്ങള്‍ പൊലീസും മറ്റ് ക്രമസമാധാന ഏജന്‍സികളും ഏര്‍പ്പെടുത്തേണ്ടതും അതിന് വീഴ്ച വരുത്തുന്ന പൊലീസ് – ക്രമസമാധാന പരിപാലന ഏജന്‍സിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മേല്‍ കൃത്യവിലോപമായി കണക്കാക്കി പതിനായിരം രൂപ വരെ പിഴ ചുമത്താനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.
ഹര്‍ത്താലിനിടയിലെ, ഹര്‍ത്താലിന്റെ പേരിലോ ഏതെങ്കിലും വ്യക്തി പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ കോടതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്യേഗസ്ഥന്‍ തിട്ടപ്പെടുത്തിയ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കോടതി താത്കാലികമായി നിര്‍ണയിക്കുന്ന വസ്തുവിന്റെ മൂല്യം കോടതിയില്‍ നിക്ഷേപിച്ചാല്‍ മാത്രമെ ജാമ്യം അനുവദിക്കുകയുള്ളൂ. ഹര്‍ത്താലുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ പ്രതി നിരപരാധിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ നിക്ഷേപിക്കപ്പെട്ട സംഖ്യ തിരിച്ച് നല്‍കുകയും അപരാധിയെന്ന് ബോധ്യപ്പെട്ടാല്‍ നാശനഷ്ടത്തിന്റെ മൂല്യം കണക്കാക്കി നിക്ഷേപത്തുകയില്‍ നിന്നത് ഈടാക്കുകയും ബാക്കി തിരിച്ച് നല്‍കുകയും ചെയ്യും.
തൊഴിലെടുക്കാനും സഞ്ചരിക്കാനും വ്യാപാര വ്യവസായങ്ങള്‍ നടത്തിക്കൊണ്ടു പോകാനും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും ജനങ്ങള്‍ക്ക് നമ്മുടെ ഭരണഘടന നല്‍കുന്ന അവകാശത്തെ പൂര്‍ണമായി സംരക്ഷിക്കാനും നിലനിര്‍ത്താനും വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തൊരത്തിലൊരു ബില്‍ നിയമമാക്കാന്‍ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ പൊതുജനാഭിപ്രായ രൂപവത്കരണത്തിനും ജനപ്രതിനിധികള്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയം സൃഷ്ടിച്ചതിന് ശേഷം മാത്രമേ ഇത്തരത്തിലൊരു ബില്‍ നിയമമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ മുന്‍വിധികളോ പിടിവാശികളോ സര്‍ക്കാറിനില്ല. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും മാത്രം ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്. വിയോജിപ്പുകള്‍ക്കും എതിരഭിപ്രായങ്ങള്‍ക്കും മുഖം തിരിഞ്ഞ് നിന്നുകൊണ്ടാകില്ല സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമനിര്‍മാണം നടത്തുക.