ഐ എസിനെതിരെ ഒറ്റക്കെട്ടായി പോരാടണം

Posted on: October 2, 2015 11:24 pm | Last updated: October 2, 2015 at 11:24 pm
SHARE

അബുദാബി: മധ്യാപൂര്‍വ ദേശത്തിനും ലോകത്തിന് തന്നെയും ഭീഷണിയായി മാറിയിരിക്കുന്ന ഐ എസ് തീവ്രവാദികള്‍ക്കെതിരെ ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പോരാടണമെന്ന് യു എ ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന യു എന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായ തീവ്രവാദത്തിനെതിരായ പ്രതിനിധികളുടെ യോഗത്തിലാണ് ശൈഖ് അബ്ദുല്ല ഇക്കാര്യം ആവശ്യപ്പെട്ടത്.
തീവ്രവാദത്തിന്റെ ഭീഷണി എത്രത്തോളമാണെന്ന് യു എ ഇക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്യത്തിന് സൈനികര്‍ നഷ്ടപ്പെട്ടത് ഉള്‍പെടെയുള്ള സമീപകാല സംഭവങ്ങള്‍ ഓര്‍മിപ്പിച്ച് ശൈഖ് അബ്ദുല്ല പറഞ്ഞു. തീവ്രവാദ ചിന്തകള്‍ പ്രചരിപ്പിക്കുന്നവര്‍ യുവാക്കളുടെ മനസിനെ വിഷലിപ്തമാക്കുകയാണ്. അവര്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയും തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയുമാണ്. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ഉള്‍പെടെയുള്ള തീവ്രവാദികളുടെ എല്ലാവിധ പ്രചാരണങ്ങളെയും ശക്തവും ഫലപ്രദവുമായി നേരിടുന്ന രാജ്യമാണ് യു എ ഇയെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അധ്യക്ഷനായ യു എന്‍ യോഗത്തില്‍ ശൈഖ് അബ്ദുല്ല വ്യക്തമാക്കി.
തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമായി യു എ ഇ തുടരും. തീവ്രവാദ ചിന്തകള്‍ യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് ഐ എസ് ഉള്‍പെടെയുള്ള ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. ഇതിനെ തടയാന്‍ സമഗ്രമായ രാജ്യാന്തര തന്ത്രം ആവിഷ്‌ക്കരിക്കണം. തീവ്രവാദ ചിന്തകളുടെ വേരറുക്കാന്‍ ഉതകുന്ന തന്ത്രങ്ങള്‍ക്കാണ് രൂപംനല്‍കേണ്ടത്. നിരപരാധികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും മതന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയുമാണ് ഐ എസ് ഭീകരര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചരിത്ര സ്മാരകങ്ങള്‍ നശിപ്പിച്ച് രാഷ്ട്രങ്ങളുടെയും ജനതയുടെയും ചരിത്രം പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സമകാലിക ലോകത്തെ ഞെട്ടിക്കുന്ന പ്രവര്‍ത്തികളാണ്. ഇതിനെ ഇല്ലാതാക്കിയേ തീരൂ. തീവ്രവാദത്തിനും ഭീകരതക്കുമെതിരായ യൂദ്ധമെന്നാല്‍ മാനുഷിക മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി നടത്തേണ്ട യുദ്ധമാണ്. രാജ്യാന്തര സമൂഹത്തിന്റെ കൂട്ടായുള്ള സൈനിക ഇടപെടലിലൂടെ മാത്രമേ ഐ എസിനെ നശിപ്പിക്കാന്‍ സാധിക്കൂ. ഇറാഖിലും സിറിയയിലുമുള്ള ഐ എസിന്റെ പരിശീലന കേന്ദ്രങ്ങള്‍ ഇല്ലാതാക്കിയാലേ അവരെ ഉന്മൂലനം ചെയ്യാനാവൂവെന്നും ശൈഖ് അബ്ദുല്ല യു എന്‍ അംഗ രാജ്യങ്ങളെ ഓര്‍മിപ്പിച്ചു.