Connect with us

Kerala

താമരശ്ശേരിയില്‍ നൂറ് കുപ്പി വിദേശമദ്യം പിടികൂടി

Published

|

Last Updated

അമ്പായത്തോട്‌നിന്നും എക്‌സൈസ് സംഘം കണ്ടെടുത്ത വിദേശമദ്യം.

താമരശ്ശേരി: കുന്നിനുമുകളിലെ പൊന്തക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച വന്‍ വിദേശമദ്യ ശേഖരം എക്‌സൈസ് സംഘം പിടികൂടി. അമ്പായത്തോട് അങ്ങാടിക്ക് സമീപം ദേശീയപാതയോരത്തെ കുന്നിനുമുകളില്‍ ഒളിപ്പിച്ചുവെച്ച മാഹി മദ്യം ഉള്‍പ്പെടെയുള്ള നൂറുകുപ്പി വിദേശമദ്യമാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഅദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. അമ്പായത്തോട് കേന്ദ്രീകരിച്ച് വിദേശമദ്യ വില്‍പ്പന വ്യാപകമാണെന്ന പരാതിയെതുടര്‍ന്ന് എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. റോഡരികിലെ പൊന്തക്കാട്ടില്‍ വിദേശമദ്യം ഒളിപ്പിച്ചുവെച്ചതായ സൂചനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ വിദേശമദ്യ ശേഖരം കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കിലും കവറുകളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിച്ചതായും കേസെടുത്ത് അന്വേഷണം നടത്തുമെന്നും താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഅദുള്ള പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ കെ ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ പി രാജന്‍, പി പി ഷാജു, പി ജി ഷാജു, എം കെ പ്രവിത്ത് ലാല്‍, കെ പ്രാസാദ്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
താമരശ്ശേരിയിലെ വിദേശമദ്യശാപ്പ് അടച്ചുപൂട്ടിയതോടെയാണ് മാഹി മദ്യം ഉള്‍പ്പെടെ താമരശ്ശേരി ഭാഗത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയത്. വൈത്തിരി, തിരുവമ്പാടി എന്നിവിടങ്ങളില്‍ നിന്നും വിദേശമദ്യം എത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എക്‌സൈസ് സംഘം കഴിഞ്ഞ ദിവസങ്ങളില്‍ താമരശ്ശേരി ചുരത്തില്‍ നടത്തിയ വാഹന പരിശോധയില്‍ വൈത്തിരിയില്‍ നിന്നും വിദേശമദ്യം എത്തിക്കുന്ന നിരവധി പേരെ പിടികൂടിയിരുന്നു. ഷാഡോ നിരീക്ഷണം ഉള്‍പ്പെടെ ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.

അമ്പായത്തോട്‌നിന്നും എക്‌സൈസ് സംഘം കണ്ടെടുത്ത വിദേശമദ്യം.

Latest