Connect with us

Malappuram

ഡിഫ്ത്തീരിയ: പത്ത് ദിവസത്തിനുള്ളില്‍ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ്

Published

|

Last Updated

മലപ്പുറം: കുത്തിവെപ്പ് എടുക്കാത്ത ഏഴ് വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പത്ത് ദിവസത്തിനകം കുത്തിവെപ്പ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഡിഫ്ത്തീരിയ അവലോകന യോഗത്തിലാണ് തീരുമാനം.
ഏഴ് വയസില്‍ താഴെയുള്ള 47,638 കുട്ടികള്‍ കുത്തിവെപ്പ് എടുക്കാത്തവരാണ്. പത്ത് മുതല്‍ പതിനേഴ് വരെ വയസ്സുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍ വഴി ടിഡി വാക്‌സിന്‍ (ടെറ്റനസ്- ഡിഫ്ത്തീരിയ) നല്‍കും.
ജില്ലയില്‍ ബോധവത്ക്കരണത്തിലൂടെ പ്രതിരോധ കുത്തിവെപ്പ് ശക്തമാക്കാന്‍ ഒരു കാരണവശാലും കുത്തിവെപ്പ് അടിച്ചച്ചേല്‍പ്പിക്കില്ലെന്നും ബോധവത്ക്കരണത്തിലൂടെ മാത്രമേ കുത്തിവെപ്പ് എടുപ്പിക്കൂയെന്നും യോഗം തീരുമാനിച്ചു. എന്നാല്‍ എതിര്‍ പ്രചരണങ്ങളെ ശക്തമായി നേരിടും. ആരോഗ്യ വിഷയങ്ങള്‍ സംബന്ധിച്ച ഫീല്‍ഡ് വിവരങ്ങള്‍ ആഴ്ചതോറും ഡി എം ഒക്ക് റിപ്പോര്‍ട്ടായി നല്‍കണമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ഡിഫ്ത്തീരിയയെതുടര്‍ന്ന് രണ്ട് പേരുടെ മരണം റിപോര്‍ട്ട് ചെയ്തതിനെ ഗൗരവമായി കാണുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പ് യജ്ഞം നടപ്പാക്കുന്നതിനായി അങ്കണ്‍വാടി പ്രവര്‍ത്തകരെ വിട്ടു നല്‍കാന്‍ സാമൂഹിക നീതി വകുപ്പിനോട് യോഗം അഭ്യര്‍ഥിച്ചു. സ്‌കൂളുകളില്‍ പി ടി എകളുടെ സഹകരണത്തോടെ കുത്തിവെപ്പ് ബോധവത്ക്കരണം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണം തേടാനും തീരുമാനമായി. മൂന്ന് ലക്ഷം വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
ഇതില്‍ പകുതിയോളം വാക്‌സിനുകള്‍ 10 ദിവസത്തിനകം ലഭിക്കും. ഡിഫ്ത്തീരിയ പൂര്‍ണമായും ഇല്ലാതായതിനാല്‍ വാക്‌സിന്‍ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇതിനാലാണ് വാക്‌സിന്‍ ലഭിക്കുന്നതിന് തടസം നേരിട്ടത്. എന്നാല്‍ വാക്‌സിനുകള്‍ എത്തിച്ച് നല്‍കാന്‍ അഭ്യര്‍ഥിച്ചത് പ്രകാരം “സിറം ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ” എന്ന കമ്പനിയുമായി സഹകരിച്ച് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും സെക്രട്ടറി അറിയിച്ചു.
കുത്തിവെപ്പിനെതിരെ ദുഷ്പ്രചരണം നടത്തുന്നവരെയും ബോധവത്ക്കരിക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് നിര്‍ദേശം നല്‍കണമെന്നും യോഗം അഭ്യര്‍ഥിച്ചു.