അട്ടപ്പാടിയില്‍ കണ്ടെത്തിയ ഭൂമി വിതരണം ചെയ്യണം: എം ബി രാജേഷ് എം പി

Posted on: October 2, 2015 10:15 am | Last updated: October 2, 2015 at 10:15 am
SHARE

പാലക്കാട്: അട്ടപ്പാടിയില്‍ 2700 ഏക്കര്‍ ഭൂമി വിതരണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടും യാതൊരു തുടര്‍നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് എം ബി രാജേഷ് എം പി.
ആദിവാസികളുടെ സാന്നിധ്യത്തില്‍ ഈ ഭൂമി വിതരണത്തിന് യോഗ്യമാണെന്ന് കണ്ടെത്തി നിര്‍ദേശം സമര്‍പ്പിച്ചിട്ട് മാസങ്ങളായി. എന്നിട്ടും ഭൂരഹിതര്‍ക്ക് ഇതു നല്‍കാന്‍ സര്‍ക്കാര്‍ താല്‍പര്യമെടുക്കുന്നില്ല. കണ്ടെത്തിയ ഭൂമി വിതരണം ചെയ്യാതിരിക്കാനുള്ള തടസമെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എം.പി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എം പി ഫണ്ട് ഉപയോഗിച്ച് ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ പരിശോധനാ കേന്ദ്രവും കീമോതെറാപ്പി ഡെ കെയര്‍ സെന്ററും തുടങ്ങും. ഒരു കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഷൊര്‍ണൂര്‍ എം എല്‍ എയുടെ സഹായവും തേടിയിട്ടുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് നടത്തുക. എന്‍ ആര്‍ എച്ച് എം ഫണ്ടും ഉപയോഗപ്പെടുത്തും. എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യം ഏര്‍പ്പെടുത്തും.
92 സ്‌കൂളുകളിലാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇതിനായി കെട്ടിടം നിര്‍മിക്കാനും സഹായിക്കും. അതേസമയം എം എല്‍ എ ഫണ്ട് ലഭിച്ച സ്‌കൂളുകളെ പരിഗണിക്കില്ല.
പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കുന്ന എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥിനി സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്നും എം പി പറഞ്ഞു.