മന്ത്രി എം കെ മുനീറിന് പൗരാവലിയുടെ ആദരം

Posted on: October 2, 2015 10:12 am | Last updated: October 2, 2015 at 10:12 am
SHARE

കോഴിക്കോട്:പഞ്ചായത്ത് രാജ് സംവിധാനം രാജ്യത്ത് ഫലപ്രദമായി നടപ്പാക്കിയതിനുള്ള ദേശിയ പുരസ്‌കാരം കേരളത്തിന് നേടിയതുള്‍പ്പെടെ സംസ്ഥാനത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ മന്ത്രി എം കെ മുനീറിനെ കോഴിക്കോട് പൗരാവലി ആദരിച്ചു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
മുനീര്‍ കൈകാര്യം ചെയ്യുന്ന പഞ്ചായത്ത് സാമൂഹ്യവകുപ്പിന്റെ നേട്ടം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുനീറിന്റെ വകുപ്പിന്റെ നേട്ടം സര്‍ക്കാറിന്റെ മുഖച്ഛായക്ക് തിളക്കമേകി. കോകഌയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിലൂടെ കുഞ്ഞുങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പി വി ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തല, വി കെ ഇബ്രാഹീം കുഞ്ഞ്, കെ പി മോഹനന്‍, എം പിമാരായ എം ഐ ഷാനവാസ്, എം കെ രാഘവന്‍, എം എല്‍ എമാരായ സി മോയിന്‍കുട്ടി, വി എം ഉമ്മര്‍, കലക്ടര്‍ എന്‍ പ്രശാന്ത്, അഡ്വ എം രാജന്‍, കെ സി അബു, എം എ റസാഖ് , കമാല്‍ വരദൂര്‍, എന്‍ സി അബൂബക്കര്‍, ഉമ്മര്‍ പാണ്ടികശാല പ്രസംഗിച്ചു.
മുനീറിനുള്ള ഉപഹാരം മുഖ്യമന്ത്രി കൈമാറി. ‘സ്‌നേഹപൂര്‍വ്വം ഡോ എം കെ മുനീര്‍ ഡോക്യുമെന്ററി’ സ്വിച്ച് ഓണ്‍ കര്‍മം പി വി ചന്ദ്രന്‍ നിര്‍വഹിച്ചു. മന്ത്രി മുനീര്‍ മറുപടി പ്രസംഗം നടത്തി.തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സലിന്റെ ഗാനമേളയും അരങ്ങേറി. എം സി മായിന്‍ ഹാജി സ്വാഗതവും പി എ ഹംസ നന്ദിയും പറഞ്ഞു.