കുട്ടികള്‍ക്ക് ശാസ്ത്ര രംഗത്ത് പുതിയ അവസരങ്ങള്‍ ഒരുക്കണം: മുഖ്യമന്ത്രി

Posted on: October 2, 2015 10:11 am | Last updated: October 2, 2015 at 10:11 am
SHARE

കോഴിക്കോട്: ശാസ്ത്ര രംഗത്ത് പുതിയ അവസരങ്ങള്‍കൊടുത്താല്‍ കുട്ടികള്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.പറഞ്ഞു. റീജിയനല്‍ സയന്‍സ് ആന്റ് പ്ലാനറ്റേറിയത്തില്‍ ഇന്നവേഷന്‍ ഹബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രരംഗത്ത് പുതിയ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കൊച്ചുകുട്ടികള്‍ക്കും കഴിയും. പുതിയ അവസരങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നതുവഴി നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും അവര്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നവേഷന്‍ ഹബ്ബിന്റെ മെമ്പര്‍ഷിപ്പ് ഫോറത്തില്‍ മുഖ്യമന്ത്രി അംഗത്വമെടുത്തു. തുടര്‍ന്ന് ഇന്നവേഷന്‍ ഹബ്ബിന്റെ പ്രവര്‍ത്തനരീതി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. കേരളത്തിലെ ആദ്യത്തെ ഇന്നവേഷന്‍ ഹബ്ബാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളുമായി ബന്ധപ്പെട്ട ഹോബികള്‍ പരിശീലിപ്പിക്കുക, വിമര്‍ശനാത്മകമായ ചിന്തകളെ പ്രോല്‍സാഹിപ്പിക്കുകയും, പരിഹാരം കണ്ടെത്താനുള്ള അവസരമൊരുക്കുക, ആശയങ്ങള്‍ പ്രായോഗികമാക്കുവാന്‍ ശ്രമിക്കുക, കുട്ടികള്‍ക്ക് ശാസ്ത്രമോഡലുകള്‍ നിര്‍മ്മിക്കാന്‍ അവസരം നല്‍കുക എന്നിവയാണ് ഇന്നവേഷന്‍ ഹബ്ബിന്റെ ലക്ഷ്യങ്ങള്‍. ചടങ്ങില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിച്ചു.
വി എസ് രാമചന്ദ്രന്‍, നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം ഡി ഡി ജി എ എസ് മനേക്കര്‍, ലെക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ എം പി പിള്ളൈ എന്നിവര്‍ പങ്കെടുത്തു.