ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

Posted on: October 2, 2015 10:10 am | Last updated: October 2, 2015 at 10:10 am
SHARE

കോഴിക്കോട്: പോളണ്ടില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക് ഡിസൈനര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് മുങ്ങിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ല ആതില്‍ ഹൗസില്‍ സഞ്ജീവന്‍ (62) ആണ് പിടിയിലായത്. സൗത്ത് ബീച്ചിലെ ലോറി ബുക്കിംഗ് ഓഫിസിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. സിവില്‍സ്റ്റേഷന് സമീപം ദേവികല്യാണ്‍ നിവാസില്‍ നിതിന്‍ദാസ് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13ന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തിരുവന്തപുരം പാപ്പനംകോട്ട് പന്മനംപ്ലാസ ബില്‍ഡിംഗില്‍ സഞ്ജീവന്റെ ‘ഒമേഗ ജോബ് കണ്‍സല്‍ട്ടന്‍സി’ എന്ന ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. ഒരു സുഹൃത്ത് മുഖാന്തിരമാണ് സഞ്ജീവന്‍ നിതിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഗ്രാഫിക് ഡിസൈനറായ നിതിനില്‍ നിന്നും പോളണ്ടില്‍ ജോലിക്ക് അവസരമുണ്ടെന്ന് വിശ്വസിപ്പിച്ച് 25,000 രൂപ തട്ടുകയായിരുന്നു. 10,000 രൂപ രജിസ്‌ട്രേഷന്‍ ഫീസ്, 10,000 രൂപ ഇന്റര്‍വ്യൂ പ്രൊസസിംഗ് ചാര്‍ജ്, 5,000 രൂപ കമ്മീഷന്‍ അടക്കമാണ് 25,000 രൂപ കൈക്കലാക്കിയത്. കൂടാതെ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വാങ്ങിയിരുന്നു. വിസ ലഭിക്കാതിനേതുടര്‍ന്നു സംശയം തോന്നിയ നിതിന്‍ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രതി മുങ്ങുകയായിരുന്നുി. പിന്നീട് നടക്കാവ് പോലീസില്‍ പരാതി നല്‍കുകായായിരുന്നു. പ്രതി സഞ്ജീവന്‍. ഫോണ്‍ നമ്പറുകളും മാറ്റി ഉപയോഗിച്ച് സഞ്ജീവന്‍ വിവിധ സ്ഥലങ്ങളിലായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ ഇടക്ക് തന്റെ ലോറിയില്‍ കോഴിക്കോട് ചരക്ക് ഇറക്കാന്‍ വരാറുണ്ടെന്ന വിവരമറിഞ്ഞ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. ലോറി ബുക്കിംഗ് ഓഫീസിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് കെണിയില്‍പ്പെട്ടത്. നടക്കാവ് എസ് ഐ ജി ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം അഡീഷണല്‍ എസ് ഐ സാഗര്‍കുമാര്‍, എ എസ് ഐമാരായ എം ഗജേന്ദ്രന്‍, കെ ശ്രീനിവാസന്‍, എ അനില്‍കുമാര്‍, സീനിയര്‍ സി പി ഒ അബ്ദുറഹിമാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.