കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം

Posted on: October 2, 2015 10:10 am | Last updated: October 2, 2015 at 10:10 am
SHARE

കോഴിക്കോട്: നഗരത്തിലെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ ശ്രദ്ധക്ഷണിക്കലിനിടെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ വാക്കേറ്റം. പ്രതിപക്ഷ അംഗം പി കിഷന്‍ചന്ദ് കൊണ്ടുവന്ന ശ്രദ്ധക്ഷണക്കലാണ് വാക്കേറ്റത്തനിടയാക്കിയത്. ജൈക്ക പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭ നല്‍കിയ ഒരു കോടി 55 ലക്ഷം തിരിച്ചുപിടിക്കണമെന്ന് കിഷന്‍ചന്ദ് ആവശ്യപ്പെട്ടു. കോര്‍പറേഷന്റെ അനാസ്ഥകാരണം പണം വഴിയാധാരമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജൈക്ക പദ്ധതി മാര്‍ച്ച് മാസത്തോടെ സര്‍ക്കാര്‍ അവസാനിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ പറഞ്ഞു. ഒന്നര വര്‍ഷമായിട്ട് പദ്ധതിയുടെ ഭാഗമായ ഡിസ്ട്രിബ്യൂഷന്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ടില്ല. മുഖ്യമന്ത്രി നേരത്തെ പറഞ്ഞ കാര്യങ്ങള്‍ പോലും ഇതുവരെ നടപ്പായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതോട് പ്രതിപക്ഷ അംഗങ്ങളായ സി പി സലീം, കെ ബാലഗോപാല്‍, കിഷന്‍ചന്ദ് എന്നിവര്‍ ബഹളം തുടങ്ങി. ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് ചെയര്‍മാന്‍ നടത്തുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദലി പറഞ്ഞു.തുടര്‍ന്ന് മറുപടി പറഞ്ഞ മേയര്‍ എ കെ പ്രേമജം പല പ്രാവിശ്യം വാട്ടര്‍ അഥോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചു. സര്‍ക്കാറിന്റെ വീഴ്ചയാണ് പദ്ധതി വൈകിപ്പിച്ചതെന്നും മേയര്‍ പറഞ്ഞു. ശാന്തി നഗറിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് സ്തംഭനാവസ്ഥയിലായത് സംബന്ധിച്ച് പ്രതിപക്ഷ അംഗം സി പി സലീം കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയവും ബഹളത്തിനിടയാക്കി.
റീസൈക്ലിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട് ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാനമ്മകുഞ്ഞുണ്ണി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നും ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സലീം ആവശ്യപ്പെട്ടു. ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചു. വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശം സലീം പിന്‍വലിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സലീം ഖേദം പ്രകടിപ്പിച്ചതോടെയാണ് ബഹളം അവസാനിച്ചത്.