ദളിതുകളെ പാട്ടിലാക്കാന്‍ ബി ജെ പി യുടെ ‘കളര്‍ ടി വി പത്രിക’

Posted on: October 2, 2015 5:28 am | Last updated: October 2, 2015 at 1:28 am
SHARE

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ദളിതുകളെയും മഹാദളിതുകളെയും പാട്ടിലാക്കി വോട്ട് പിടിക്കാന്‍ തന്ത്രങ്ങളുമായി ബി ജെ പിയുടെ പുതിയ പ്രഖ്യാപനം. ജനസംഖ്യാ കണക്കെടുക്കുമ്പോള്‍ വോട്ടെടുപ്പില്‍ നിര്‍ണായകമായ ദളിതുകള്‍ക്കും മഹാദളിതുകള്‍ക്കും കളര്‍ ടിവി വാഗ്ദാനമാണ് ബി ജെ പി നടത്തിയിരിക്കുന്നത്.
കൂടാതെ, കുറഞ്ഞ പലിശനിരക്കിലുള്ള വിദ്യാഭ്യാസ വായ്പയും വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടിയും പ്രഖ്യാപിച്ചുകൊണ്ട് യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമവും ബി ജെ പി തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് മുതിര്‍ന്ന നേതാവും കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിയാണ് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ്- ജെ ഡി യു- ആര്‍ ജെ കൂട്ടുകെട്ടിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ജെയ്റ്റിലി സംസാരിച്ചത്. ബീഹാറില്‍ കാട്ടുഭരണം അവസാനിപ്പിക്കാനുള്ള സമയമായെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കാവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ 68 വര്‍ഷം ഭരിച്ച കോണ്‍ഗ്രസോ ജെ ഡി യുവോ ആര്‍ ജെ ഡിയോ സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബി ജെ പിയുടെ നയരേഖ എന്നു പറയുന്നത് വികസനമാണ്- ജെയ്റ്റിലി പറഞ്ഞു. സൗജന്യ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന അടല്‍ മെഡിസിന്‍ സെന്ററുകള്‍, ഭൂമിയില്ലാത്തവര്‍ക്ക് കിടപ്പാടം എന്നിവയും ബി ജെ പി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
ആറ് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനുള്ള തീവ്രശ്രമം ഉണ്ടാകും. സാങ്കേതിക, സ്ത്രീകള്‍ക്ക് പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിന് കുറഞ്ഞ പലിശനിരക്കില്‍ വിദ്യാഭ്യാസ വായ്പ, 10, 12 ക്ലാസുകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂട്ടി തുടങ്ങിയവയും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.