‘ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍’

Posted on: October 2, 2015 1:21 am | Last updated: October 2, 2015 at 1:21 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ യുവ ഫുട്‌ബോള്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രാദേശിക ഫുട്‌ബോള്‍ ക്ലബുകളുമായി കൈകോര്‍ത്തുകൊണ്ട് അടിസ്ഥാന ഫുട്‌ബോള്‍ വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ റജിസ്റ്റര്‍ചെയ്ത ഫുട്‌ബോള്‍ ക്ലബുകളെ പദ്ധതിയുമായി സഹകരിപ്പിക്കുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എസ് കണ്ണന്‍ പറഞ്ഞു. ഐ എസ് എല്‍ രണ്ടാം പതിപ്പിന്റെ ടെലിവിഷന്‍ പ്രചാരണ പരിപാടിയുടെ ആരംഭം കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ എസ് എല്‍ ടിക്കറ്റുകള്‍ കേരളത്തിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മുഴുവന്‍ ബ്രാഞ്ചുകളിലും ലഭ്യമാക്കും. ഗോഡ്‌സ് ഓണ്‍ ടീം എന്നപേരില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയുള്ള മൂന്നു ടെലിവിഷന്‍ പരസ്യപ്രചാരണങ്ങള്‍ താരങ്ങളുടെ സാന്നിധ്യത്തില്‍ പുറത്തിറക്കി. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ താരങ്ങളാണ് പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ളത്. സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യസീസണിലും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് തന്നെയായിരുന്നു സ്‌പോണ്‍സര്‍മാര്‍. രണ്ടാം സീസണിലും ഈ സ്‌പോണ്‍സര്‍ഷിപ്പ് തുടരുകയാണ്.