ബ്ലാസ്റ്റേഴ്‌സിനെ സൂക്ഷിച്ചോളൂ

Posted on: October 2, 2015 6:00 am | Last updated: October 2, 2015 at 1:20 am
SHARE

PeterTaylor-appointed-coach-of-Kerala-blaster-team-of-isl-2015കൊച്ചി: ഐ എസ് എല്ലില്‍ അപ്രസക്തരായി വരികയും ശ്രദ്ധേയരായി മാറുകയും ചെയ്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഹോം മാച്ചുകളില്‍ ആരാധരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം കാഴ്ച വയ്ക്കുന്നതിന് ടീമിന് സാധിച്ചിരുന്നു. 60,000 കാണികളെ ഉള്‍ക്കൊളളാന്‍ സാധിക്കുന്ന സ്റ്റേഡിയം നിറഞ്ഞൊഴുകിയ കാഴ്ചയാണ് മുന്‍വര്‍ഷം കണ്ടത്. ഇപ്രാവശ്യവും മലയാളക്കരയിലെ ഫുട്‌ബോള്‍ ലോകം ടീമിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.
സാവധാനമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചതെങ്കിലും സ്വന്തം നാട്ടിലെത്തിയപ്പോള്‍ എതിരാളികളെയൊന്നും തന്നെ വകവയ്ക്കാതെ മുന്നേറുന്ന ഉജ്ജ്വല പ്രകടനമായിരുന്നു മുന്‍ വര്‍ഷം കണ്ടത്. അറ്റ്‌ലെറ്റികോ ഡി കല്‍ക്കത്തയുടെ എയ്ഡല്‍ ബെറ്റെ ബ്ലാസ്‌റ്റേഴ്‌സിന്റെ മികച്ച ഒരു ഗോള്‍ തടുത്തുനിര്‍ത്തിയിരുന്നില്ലയെങ്കില്‍ ടീം ചരിത്രപരമായ വിജയമാഘോഷിക്കുമായിരുന്നു.
രണ്ടാം സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിന്റെ തണുപ്പന്‍ നയങ്ങളെ ചൊല്ലി ചില്ലറ വിവാദങ്ങളുണ്ടായിരുന്നു. അതെല്ലാം കെട്ടടങ്ങി. ടീം ഉഷാറായിരിക്കുന്നു. ഹ്യൂം എന്ന സൂപ്പര്‍ താരം കളം മാറിയതൊന്നും ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസത്തെ ബാധിക്കില്ല. ക്രിസ് ഡാഗ്നല്‍ ഹാട്രിക്ക് നേടിക്കൊണ്ട് ഫോം അറിയിച്ചു കഴിഞ്ഞു. സാഞ്ചസ് വാട്ട്, മുഹമ്മദ് റാഫി എന്നീ പ്രമുഖര്‍ മുന്‍നിരയിലുണ്ട്. വലന്‍സിയയുടെ സൂപ്പര്‍താരമായിരുന്ന കാര്‍ലോസ് മര്‍ചേനയാണ് മാര്‍ക്വു താരം. എന്നാല്‍, മര്‍ചേന പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത് വലിയ തിരിച്ചടിയാണ്.
പ്രതിരോധത്തില്‍ സന്ദേശ് ജിംഗന്‍ എന്ന പോരാളിയുണ്ട്. പീറ്റര്‍ ടെയ്‌ലര്‍ തന്റെ ടീമിലെ ക്ലാസ് താരങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയ ഏക ഇന്ത്യന്‍ താരം ജിംഗാനാണ്. അവസാന സെക്കന്‍ഡ് വരെ ഒരേ സ്റ്റാമിനയില്‍ കളിക്കാന്‍ ജിംഗാന് സാധിക്കും. കഴിഞ്ഞ സീസണിലെ മികവോടെ പഞ്ചാബ് താരം ദേശീയ ടീമിലെ പ്രധാനിയായി മാറി. ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ദേശീയ ടീമിന്റെ ഡ്യൂട്ടിക്ക് ജിംഗാനെ വിട്ടുകൊടുക്കേണ്ടത് ബ്ലാസ്റ്റേഴ്‌സിന് പ്രശ്‌നമാകും. ഈ മാസം പതിമൂന്നിന് ശേഷമേ ജിംഗാന് ടീമിനൊപ്പം ചേരാനാകൂ.
യുവ വിദേശി അന്റോണിയ ജെര്‍മനെയും ബാഴ്‌സലോണയുടെ യൂത്ത് പ്രൊഡക്ടായ മിഡ്ഫീല്‍ഡര്‍ ജോഷ്വയും ബ്ലാസ്റ്റേഴ്‌സിന്റെ രഹസ്യായുധങ്ങളാണ്. ഇവരെ കോച്ച് പീറ്റര്‍ ടെയ്‌ലര്‍ എതിരാളികളുടെകണക്ക് കൂട്ടലുകള്‍ തെറ്റിക്കാന്‍ വേണ്ടി എടുത്തു പയറ്റുന്നത് കാണാം.
കഴിഞ്ഞ വര്‍ഷം ആരാധകരുടെ മനസ്സ് കീഴടക്കിയ യുവ ഡിഫന്റര്‍ സന്ദേശ് ജിംഗാനിന്റെ പ്രകടനത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇറാനെതിരെ ലോക കപ്പ് ക്വാളിഫൈയിംഗ് കളിയില്‍ മികച്ച പ്രകടനത്തിലൂടെ ഫുട്‌ബോള്‍ ആരാധകരുടെ മന സ്സില്‍ ഇടം നേടുന്നതിനും സന്ദേശിനായിരുന്നു. ആഭ്യന്തര കളിക്കാര്‍ക്കു പുറമെ മുഹമ്മദ് റാഫി, പീറ്റര്‍ കാര്‍വലോ, സി കെ വിനീത്, ശങ്കര്‍ സാംപിംഗിരാജ് എന്നിവരെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പുല്‍ഗ എന്നറിയപ്പെടുന്ന വിക്ടര്‍ ഫോര്‍കാഡയെന്ന ഒരേയൊരു വിദേശ കളിക്കാരനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തിയത്.
ഹെഡ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍
ഇംഗ്ലണ്ടില്‍ നിന്ന് തന്നെയാണ് ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സിന് പരിശീലകന്‍. ഇംഗ്ലണ്ടിന്റെ യൂത്ത് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര്‍ ടെയ്‌ലറാണ് ബ്ലാസ്റ്റേഴ്‌സിന് തന്ത്രമൊരുക്കുന്നത്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിന്റെ മുന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസായിരുന്നു കേരള നിരയെ പരിശീലിപ്പിച്ചത്. ഗോള്‍കീപ്പറായും ജെയിംസ് കളത്തിലിറങ്ങി. ഫൈനല്‍ വരെ കുതിച്ചത് വലിയ നേട്ടം.
നിലവിലെ റണ്ണേഴ്‌സപ്പുകളായ ബ്ലാസ്റ്റേഴ്‌സ് കിരീടത്തില്‍ മുത്തമിടാന്‍ കുറേക്കൂടി ഗൗരവമായിട്ടാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. വിദേശത്ത് പരിശീലനം നടത്തേണ്ടതില്ലെന്ന് പീറ്റര്‍ ടെയ്‌ലറുടെ നിര്‍ദേശമായിരുന്നു. വിദേശികളായ താരങ്ങള്‍ ഇന്ത്യന്‍ സാഹചര്യവുമായിട്ട് ഒത്തിണങ്ങുന്നതിലാണ് പ്രധാനമെന്ന് ടെയ്‌ലര്‍ വിശ്വസിക്കുന്നു.
പരിശീലന മത്സരങ്ങളില്‍ നേടിയ തകര്‍പ്പന്‍ വിജയം അതടിവരയിടുന്നു. പ്രാദേശിക ക്ലബ്ബുകള്‍ക്കെതിരെ നേടിയ വലിയ ജയം അത്ര കാര്യമാക്കാനില്ലെങ്കിലും ആത്മവിശ്വാസം വലിയ ഘടകമാണെന്ന് ടെയ്‌ലര്‍ക്കറിയാം. വലിയ ക്ലബ്ബുകളോട് കളിച്ച് തോല്‍ക്കുന്നതിനേക്കാള്‍ ചെറുകിട ക്ലബ്ബുകള്‍ക്കെതിരെ വലിയ ജയം നേടുകയെന്നതാണ് പ്രീ സീസണ്‍ ഒരുക്കത്തിന്റെ മാനസിക തത്വം. ഇംഗ്ലീഷ് ഫുട്‌ബോളിലെ പല പരിശീലകരുമായും അടുത്ത ബന്ധമുള്ള ടെയ്‌ലര്‍ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാനാണ് ആഗ്രഹിക്കുന്നത്.
ഫുള്‍ സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍ – സന്ദീപ് നന്ദി, ഷില്‍ട്ടണ്‍ പോള്‍, സ്റ്റീഫന്‍ ബൈവാട്ടര്‍.
ഡിഫന്‍ഡര്‍മാര്‍ – കാര്‍ലോസ് മര്‍ചേന, ഗുര്‍വീന്ദര്‍ സിംഗ്, മാര്‍കസ് വില്യംസ്, നിര്‍മല്‍ ഛേത്രി, പെറോണ്‍, പീറ്റര്‍ റമഗെ, രമണ്‍ദീപ് സിംഗ്, സന്ദേശ് ജിംഗാന്‍, സൗമിക് ദേ.
മിഡ്ഫീല്‍ഡര്‍മാര്‍ – സി കെ വിനീത്, കവിന്‍ ലോബോ, ഇഷ്ഫാഖ് അഹമ്മദ്, ജാവോ കോയിമ്പ്ര, ജോഷ്വ, മെഹ്താബ് ഹുസൈന്‍, പീറ്റര്‍ കാര്‍വാലോ, ശങ്കര്‍ സമ്പിന്‍ഗിരാജ്, വിക്ടര്‍ ഹെരേറോ ഫൊര്‍സാഡ.
ഫോര്‍വേര്‍ഡുകള്‍ – അന്റോണിയോ ജെര്‍മന്‍, ക്രിസ് ഡാഗ്നല്‍, മനന്‍ദീപ് സിംഗ്, മുഹമ്മദ് റാഫി, സാഞ്ചസ് വാട്ട്.