Connect with us

Editorial

ഡിജിറ്റല്‍ യുഗത്തിലേക്കോ കാളവണ്ടി യുഗത്തിലേക്കോ?

Published

|

Last Updated

ഹിന്ദുത്വ ഫാസിസം എത്രമാത്രം രൗദ്രതയും പൈശാചികതയും കൈവരിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉത്തര്‍ പ്രദേശില്‍ മുസ്‌ലിം സഹോദരനെ തല്ലിക്കൊന്ന സംഭവം. വീട്ടില്‍ മാട്ടിറച്ചി സൂക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു വര്‍ഗീയ ഭ്രാന്ത് ബാധിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാത്രി യു പിയിലെ ദാദ്രിയിലെ തന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നതും മകനെ ക്രൂരമായി മര്‍ദിച്ചു അവശനാക്കിയതും. സമീപത്തെ ക്ഷേത്രത്തില്‍ നിന്ന് മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ ഒരു പശുവിനെ അറുത്തതായി മൈക്കിലൂടെ കള്ളപ്രചാരണം നടത്തിയ ശേഷമാണ് നൂറോളം പേര്‍ വടികളും ഇഷ്ടികകളുമായി മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഈ ക്രൂര കൃത്യം നടത്തിയത്.
നിലവിലെ ഗോമാംസ പ്രശ്‌നവുമായി ഈ സംഭവത്തിന് ഒരു ബന്ധവുമില്ല. മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ അന്ന് രാത്രി ഭക്ഷിച്ചത് ആട്ടിറച്ചിയായിരുന്നുവെന്നും പെരുന്നാളിന് വീട്ടില്‍ ബലികര്‍മം നടത്തുകയോ മാട്ടിറച്ചി ഭക്ഷിക്കുകയോ ചെയ്തിരുന്നില്ലെന്നും വീട്ടുകാര്‍ തറപ്പിച്ചു പറയുന്നു. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ പ്രദേശത്തെ സംഘ്പരിവാര്‍ ആസൂത്രണം ചെയ്തതാണ് പശുവിനെ അറുത്തുവെന്ന പ്രചാരണവും അനന്തര സംഭവങ്ങളും. ഗുജറാത്ത് കലാപത്തിന് നിമിത്തമായ ഗോധ്ര ദുരന്തമുള്‍പ്പെടെയുള്ള മിക്ക സംഭവങ്ങള്‍ക്കും നിമിത്തം ഈ വിധം ഹിന്ദുത്വ ശക്തികള്‍ അഴിച്ചുവിട്ട കള്ളപ്രചാരണങ്ങളായിരുന്നല്ലോ. ഇനി മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ ഗോവധം നടന്നിട്ടുണ്ടെങ്കില്‍ തന്നെ വീട്ടുകാരെ തല്ലിക്കൊല്ലലാണോ അതിനുള്ള പരിഹാരം, മനുഷ്യജീവനേക്കാള്‍ വലുതാണോ ഒരു പശുവിന്റെ ജീവന്‍? വീട്ടുകാര്‍ ഗോവധ നിരോധ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് സംഘ്പരിവാറല്ല, നിയമപാലകരാണ്. പോലീസിനെയും കോടതിയെയും നോക്കുകുത്തിയാക്കി ഓരോ വിഭാഗങ്ങളും നിയമം കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും രാജ്യത്തിന്റെ അവസ്ഥ?
ഇന്ത്യയില്‍ മതചാരമായി മൃഗങ്ങളെ ബലിയറുക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല, ഹൈന്ദവരുള്‍പ്പെടെ മറ്റു പല മതസ്ഥരും നടത്താറുണ്ട്. കേരളത്തില്‍ തന്നെ ചില ക്ഷേത്രങ്ങളില്‍ മൃഗബലി നടക്കുന്നുണ്ട്. പൊന്മുടിയിലെ രണ്ടു എസ്‌റ്റേറ്റുകളിലുള്ള കറുപ്പസ്വാമി കോവിലുകളില്‍ ആടുകളെ ബലി നടത്തി പൂജാരിമാര്‍ ചോര കുടിക്കുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഈ ആചാരത്തിനെതിരെ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പോലീസുകാരുടെ കാവലിലാണ് ബലി അരങ്ങേറിയത്. ആറ് ആടുകളെ വീതമാണ് ഓരോ കോവിലിലും അറുക്കുന്നത്. ഒറ്റവെട്ടിന് ഉടലും തലയും രണ്ടാക്കി, വെട്ടേറ്റ് പിടയുന്ന ആടുകളുടെ ഉടല്‍ മൂന്നുപേര്‍ ചേര്‍ന്ന് ഉയര്‍ത്തിപ്പിടിച്ച് പൂജാരിമാര്‍ അതിന്റെ ചോര കുടിക്കുന്നതാണ് ചടങ്ങ്. ഇത് കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളെത്താറുണ്ട്. വയനാട് ജില്ലയില്‍ “”വയനാട്ട് കുലവന്‍” തെയ്യംകെട്ടിനോടനുബന്ധിച്ച് നടക്കുന്ന ബപ്പിടല്‍ ചടങ്ങിന് മൃഗവേട്ടയും ബലിയും നടക്കുന്നുണ്ട്. മൃഗസ്‌നേഹികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് ഈ ചടങ്ങ് നിരോധിക്കാന്‍ ഒരുങ്ങിയപ്പോള്‍, അതിനെതിരെ ജില്ലാ ബി ജെ പി നേതൃത്വം രംഗത്ത് വരികയും എന്തു വില കൊടുത്തും ചടങ്ങ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മൃഗബലിക്ക് പശുവിനെ അറുക്കുന്നതിനോടാണ് സംഘ്പരിവാറിന് എതിര്‍പ്പെങ്കില്‍ പശുഹത്യയെ ന്യായീകരിക്കുന്ന ഹൈന്ദവ പുരാണങ്ങളെ ഇവരെന്തു ചെയ്യും? പശു ഇറച്ചി ഭക്ഷണത്തിനും ദേവപ്രീതിക്കും ഉത്തമമാണെന്ന് അതിപുരാതനമായ തൈത്തിരീയ ബ്രാഹ്മണ വിഭാഗത്തിലെ വേദഗ്രന്ഥങ്ങള്‍ പറയുന്നു. മരണവുമായി ബന്ധപ്പെട്ട് മൃഗക്കൊലക്ക് അഭേദ്യമായ ബന്ധമുണ്ട് ഹൈന്ദവ മതത്തില്‍. ദഹിപ്പിക്കുന്ന മൃതദേഹം പെട്ടെന്ന് കത്തി വെണ്ണീരാകുന്നതിന്് പുരാതന കാലത്ത് മൃതദേഹത്തോടൊപ്പം പശുഇറച്ചിയുടെ കട്ടിയേറിയ കൊഴുപ്പ് പൊതിഞ്ഞ് വെക്കാറുണ്ടായിരുന്നു. മൃതദേഹത്തോടൊപ്പം കാളയെക്കൂടി ദഹിപ്പിച്ചാല്‍ മരിച്ചയാള്‍ സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസവും പുരാതന ബ്രാഹ്മണര്‍ വെച്ചുപുലര്‍ത്തിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.
യഥാര്‍ഥത്തില്‍ മതകീയ വികാരമോ പശുവിന് ദിവ്യത്വമുണ്ടെന്ന വിശ്വാസമോ അല്ല ഇതിന്റെയൊന്നും പിന്നില്‍. ഭ്രാന്തമായ മുസ്‌ലിം വിരോധവും വംശവെറിയുമാണ്. ഹിറ്റ്‌ലറിയന്‍ ഫാസിസത്തിന്റെ പിന്‍മുറക്കാരായ ഇവര്‍ക്ക് മനുഷ്യത്വമെന്തെന്നറിയില്ല. തങ്ങളുടെ ലക്ഷ്യത്തിന് എന്ത് ക്രൂരമാര്‍ഗം സ്വീകരിക്കാനും മടിയില്ല. മ്യാന്മറില്‍ റോഹിങ്ക്യകളും ഫലസ്തീനില്‍ ഇസ്‌റാഈലികളും മധ്യആഫ്രിക്കയില്‍ ക്രിസ്ത്യന്‍ മലീഷ്യകളും നടത്തുന്നത് പോലെ മുസ്‌ലിം ഉന്മൂലനമാണ് ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ലക്ഷ്യം. അതിനുള്ള നിലമൊരുക്കലാണ് യു പി യില്‍ തിങ്കളാഴ്ച നടന്നത് പോലെയുള്ള സംഭവങ്ങള്‍. മോദി ലോകമൊട്ടാകെ സഞ്ചരിച്ചു ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചു വാചാലനാകുമ്പോള്‍ പ്രാകൃത കാളവണ്ടി യുഗത്തിലേക്കാണ് അദ്ദേഹത്തിന്റെ അനുയായികള്‍ രാജ്യത്തെ നയിച്ചു കൊണ്ടിരിക്കുന്നത്.

Latest