ഒരു പുസ്തക പ്രകാശനത്തിന്റെ കഥ

Posted on: October 2, 2015 6:00 am | Last updated: October 2, 2015 at 1:14 am
SHARE

പെണ്ണിനെ വെറുമൊരു ശരീരമായി കാണുകയും ആ ശരീരമാണ് തങ്ങളുടെ ബ്രഹ്മസായൂജ്യത്തിനു തടസ്സമായി വര്‍ത്തിക്കുന്നതെന്ന് തോന്നുകയും ചെയ്യുന്നിടത്ത് നിന്നാണ് എല്ലാ സന്യാസ പാരമ്പര്യങ്ങളും ഉത്ഭവിക്കുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ മൗണ്ട് ഏതോസിലെ സന്യാസ ആശ്രമത്തില്‍ മനുഷ്യവര്‍ഗത്തില്‍പ്പെട്ട പെണ്ണിനങ്ങളെ മാത്രമല്ല ആട്, കോഴി, താറാവ്; മറ്റു നാല്‍ക്കാലി വര്‍ഗങ്ങളില്‍പ്പെട്ട പെണ്‍ജീവികളെപ്പോലും ഒഴിവാക്കിയിരുന്നതായി കസാന്‍ദസാക്കിസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ ദയറാകളിലും സൂര്യാസ്തമനത്തിനു ശേഷം സ്ത്രീ സാന്നിധ്യം പാടില്ലെന്നാണ് ചട്ടം. പാവം പെണ്ണുങ്ങള്‍! ഈ സന്യാസ പാരമ്പര്യത്തിനെതിരെ മഹാകവി വള്ളത്തോള്‍ എയ്തുവിട്ട വിമര്‍ശ ശരമായിരുന്നു ‘അച്ഛനും മകളും’ എന്ന ഖണ്ഡകാവ്യം. അതില്‍ കവി ശകുന്തളയെക്കൊണ്ടു വിശ്വാമിത്രനോട് അദ്ദേഹത്തിന്റെ ചങ്കില്‍ തറയ്ക്കുന്ന ഒരു ചോദ്യം ചോദിപ്പിക്കുന്നു:
‘തന്നാല്‍ കരേറ്റണ്ടവരെത്രയോ പേര്‍,
താഴ്ത്തു പാഴ്കുണ്ടില്‍ അമര്‍ന്നിരിക്കെ,
താനൊറ്റയില്‍ ബ്രഹ്മപഥം കൊതിക്കും,
തപോനിധിക്കെന്ത് ചാരിതാര്‍ഥ്യം.’”
ഇതായിരുന്നു ചോദ്യം.
തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ തൃശൂര്‍ കാറന്റ് ബുക്‌സ് സംഘടിപ്പിച്ച പുസ്തകപ്രസാധന നാടകവും -അതിനെതിരെ ലിബറല്‍ ലെഫ്റ്റ് അനുകൂല സംഘടനകള്‍ നടത്തിയ പ്രതിഷേധ നാടകവും – എല്ലാറ്റിനുമൊടുവില്‍ -ഗുജറാത്തിലെ സ്വാമി നാരായണ്‍ സന്യാസി സംസ്ഥാനിലെ ഇപ്പോഴത്തെ സ്വാമിജി പ്രമുഖന്‍ ചടങ്ങ് ബഹിഷ്‌കരിച്ചതും നമ്മുടെ സാഹിത്യാചാര്യന്‍ എം ടി വാസുദേവന്‍ നായര്‍ വരാതിരുന്നതും ഒടുവില്‍ കറന്റ് ബുക്‌സിന്റെ ജോണിയും അവരുടെ മുഖ്യവരുമാന സ്രോതസ്സുകൂടിയായ സാറാ ജോസഫ് എന്ന എഴുത്തുകാരിയും പ്രതിക്കൂട്ടിലായി വിചാരണ ചെയ്യപ്പെടുന്നതും എല്ലാം കാണുന്നതിനിടയിലാണ് ഈ ലേഖനം എഴുതുന്നത്.
വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ശ്രീദേവി എസ് കര്‍ത്ത എന്ന വിമര്‍ശക ചെയ്ത അപരാധം എ പി ജെ അബ്ദുല്‍ കലാമും അരുണ്‍ തിവാരിയും ചേര്‍ന്നെഴുതിയ-“അതീന്ദ്രിയത്വം-പ്രമുഖ സ്വാമിജിയോടൊപ്പം ഉള്ള ആത്മീയ അനുഭവങ്ങള്‍”(Transcendence: spiritinul experien-ce with pramugswamy) എന്ന പുസ്തകം കാലാതീതം എന്ന പേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരണത്തിനു ഏല്‍പ്പിച്ചു എന്നതാണ്.
പുസ്തകക്കച്ചവടം എങ്ങനെ ലാഭകരമാക്കാം എന്ന സൂക്ഷ്മ പഠനം നടത്തിയവരാണ് ഈ രംഗത്ത് നാലു കാശുണ്ടാക്കിയ എല്ലാ പ്രമുഖ പ്രസാധകരും. അതീന്ദ്രിയജ്ഞാനം -മലയാളിയുടെ ദൈനംദിന ജീവിതവുമായി അത്രയൊന്നും ബന്ധപ്പെട്ട ഒരു വിഷയമല്ല എന്നറിയാത്തവരല്ല പ്രതിഷേധ കൂട്ടായാമയുമായി രംഗത്തുവന്ന പുരോഗമന മഹിളാ സംഘം, ഡി വൈ എഫ് ഐ തുടങ്ങിയ കക്ഷികള്‍. ഇവരില്‍ പലരും കഥയറിയാതെ ആട്ടം കാണുകയായിരുന്നോ എന്ന് സംശയം.
പ്രപഞ്ചവസ്തുക്കള്‍ക്ക് ഉപരിയായി അവയില്‍ നിന്നെല്ലാം വിഭിന്നമായി നിലകൊള്ളുന്ന ഒരു പരമോന്നത സത്യം ഉണ്ടെന്നും, അത് ചിന്തക്കും അവധാരണക്കും അതീതവും അജ്ഞേയവുമാണെന്നും സമര്‍ഥിക്കുന്ന ചിന്താപദ്ധതിയാണ് അതീന്ദ്രിയവാദം അഥവാ ട്രാന്‍സെന്റലിസം(Transcendelism).അന്തപ്രജ്ഞ(Intution)വഴി മാത്രമേ അതേക്കുറിച്ചറിയാന്‍ കഴിയൂ എന്നാണ് ഇതിന്റെ വക്താക്കള്‍ നല്‍കുന്ന വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാദത്തിന് വഴിമരുന്നിട്ടുകൊണ്ടു തൃശൂര്‍ കറന്റ് ബുക്‌സ് മലയാളിയുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുസ്തകത്തിന്റെ അവതരണത്തെ നമുക്ക് വേണമെങ്കില്‍ താഴെപ്പറയുന്ന രീതിയില്‍ സംഗ്രഹിക്കാവുന്നതെയുള്ളൂ.
സാധാരണയും അതിനെക്കാള്‍ ഉത്കൃഷ്ടവുമായ രണ്ട് പ്രതിഭാസങ്ങള്‍ തമ്മിലുള്ള ബന്ധത്തെയാണ് അതീന്ദ്രിയത(Transcendence) എന്ന സംപ്രത്യയം കൊണ്ടുദ്ദേശിക്കുന്നത്. അതീന്ദ്രിയവാദം ലക്ഷ്യമാക്കുന്ന പരമോന്നത സത്തയെ സാധാരണ ജ്ഞാനസമ്പാദനോപാധികളാല്‍ അറിയാന്‍ സാധ്യമല്ല. അതു സത്യത്തിന്റെ സത്യമാണ്. അനുഭവജ്ഞാനത്തിന്റെ സാധ്യതക്കു അതീതമായി നിലകൊള്ളുന്ന ഒരു പരമസാക്ഷാത്കാരമാണ്. അറിയുക എന്നാല്‍ അതായിത്തീരുക എന്നാണ് അതീന്ദ്രിയവാദത്തിന്റെ സാരാംശം. ആത്മാക്കളുടെ ആത്മാവ് എന്നോ പ്രാണങ്ങളുടെ പ്രാണന്‍ എന്നോ ഉള്ള നിലയിലാണ് ഇത് മനസ്സിലാക്കേണ്ടത്. എന്നാണ് അതീന്ദ്രിയവാദത്തിന്റെ ജ്ഞാനമീമാംസ(Epistemology)യുടെ സാരാംശം.
ചുരുക്കത്തില്‍, സ്ഥലകാലങ്ങള്‍ക്കതീതമായി ഒരു കേവലസത്യം ഉണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്? എന്തുകൊണ്ട് അത് മറ്റുള്ളവയെ അതിലംഘിക്കുന്നു. അതിനെ എങ്ങനെ സാക്ഷാത്കരിക്കാം ഇതെല്ലാമാണ് അതീന്ദ്രിയവാദം കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍. പാശ്ചാത്യ പൗരസ്ത്യ ദര്‍ശനങ്ങളില്‍ അതീന്ദ്രിയത്തിന്റെ പരമകാഷ്ഠ ആയി ഈശ്വരന്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നേതി നേതി (അതല്ല, അതല്ല അതിനുമപ്പുറം) എന്ന നിഷേധാത്മക ദര്‍ശനത്തില്‍ക്കൂടി മാത്രമേ ഈശ്വരനെ അറിയാന്‍ കഴിയൂ എന്ന പാഠമാണ് അതീന്ദ്രീയവാദികള്‍ നമുക്കു മുമ്പില്‍ സമര്‍പ്പിക്കുന്നത്.
പാശ്ചാത്യ ദാര്‍ശനികനായ ഇമ്മാനുവേല്‍കാന്റെ (1724-1804)ആണ് അതീന്ദ്രീയ വാദത്തെ നിര്‍വചിച്ചു വിശദീകരിച്ചത്. വ്യവഹാരിക സത്യവും പരമാര്‍ഥിക സത്യവും എന്നിങ്ങനെ സത്യത്തിനു രണ്ട് മുഖങ്ങളുണ്ടെന്നും കാന്റെ ചൂണ്ടിക്കാണിച്ചു. ഈ ധാരണയില്‍ തുടര്‍ന്നു പ്രത്യക്ഷപ്പെട്ട ഒരു ചിന്തകനായിരുന്നു റാല്‍ഫ് വാന്‍ഡോ എമേഴ്‌സണ്‍(1803-82)എന്ന അമേരിക്കന്‍ ചിന്തകന്‍. പിന്നാലെ വന്ന ഹെന്റി ഡേവിഡ് തോറോ(1817-62) ഈ പ്രസ്ഥാനത്തിന്റെ ചില സുപ്രധാന പിന്തുടര്‍ച്ചകളായിരുന്നു. നമ്മുടെ കാലത്തുയര്‍ന്നുവന്ന മതവിശ്വാസ സ്വാതന്ത്ര്യം, വിദ്യാഭ്യാസ പരിഷ്‌കരണം, സ്ത്രീസ്വാതന്ത്ര്യം, പാരിസ്ഥിതിക ആത്മീയത ഇവയെല്ലാം .ഇതു വല്ലതും മനസ്സിലാക്കിയിട്ടാണോ പുരോഗമനാശയക്കാരിയായ ശ്രീദേവി എസ് കര്‍ത്ത ഇങ്ങനെ ഒരു പുസ്തകം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത് എന്ന് വ്യക്തമല്ല.
നമ്മുടെ ഈ കാലത്ത് എഴുത്തുകാരനല്ല സാഹിത്യം സൃഷ്ടിക്കുന്നത്. പിന്നെയോ? പ്രസാധകര്‍ എഴുത്തുകാരെ സൃഷ്ടിക്കുന്നു. അവര്‍ എഴുതുന്നതെന്തും സാഹിത്യമെന്ന പേരില്‍ പ്രസാധകര്‍ വിപണനം ചെയ്യുന്നു. പണ്ടുകാലത്ത് എഴുത്തൊരു കഷ്ടപ്പാടുപിടിച്ച പണിയായിരുന്നു. എഴുത്തുകാരന്റെ ജീവിതകാലത്ത് ആരും തന്നെ അയാളെ തിരിഞ്ഞുനോക്കിയെന്നുവരില്ല. ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുവരുമ്പോള്‍ സ്വയം എഴുതിയുണ്ടാക്കിയവ പുസ്തക രൂപത്തില്‍ സ്വന്തം പണം മുടക്കി അച്ചടിപ്പിച്ച് തോള്‍ സഞ്ചിയിലാക്കി നാടുനീളെ നടന്നു വില്‍പ്പന നടത്തി ജീവിതം നയിച്ചവരുടെ പട്ടികയില്‍ ഇന്ന് നമ്മള്‍ മഹാ സാഹിത്യകാരന്മാരായി കൊണ്ടാടുന്ന തകഴിയും ദേവും കരൂരും വര്‍ക്കിയും ബഷീറും ചെറുകാടും പോലും ഉള്‍പ്പെട്ടിരുന്നു എന്നാണ് നമ്മുടെ സാഹിത്യചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഇന്നിത്തരം സ്വയം വില്‍പ്പനക്കു സാമാന്യബുദ്ധിയുള്ള എഴുത്തുകാരാരും തയ്യാറാകുമെന്നു തോന്നുന്നില്ല. കാരണം, സ്വന്തമായി ഒരു പുസ്തകം എഴുതാന്‍ കഴിയുന്നത്ര സര്‍ഗശേഷിയുള്ള ഒരാള്‍ക്കു പുസ്തകവില്‍പ്പനയിലൂടെയല്ലാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ത്രാണി നല്‍കുന്ന എന്തെങ്കിലുമൊരു ജോലിയും സ്വായത്തമാക്കാന്‍ ഇന്നത്രയൊന്നും പ്രയാസമുണ്ടെന്നു തോന്നുന്നില്ല.
എഴുത്തുകാരുടെ വംശം ഇന്നും കുറ്റിയറ്റുപോയിട്ടൊന്നുമില്ല. എഴുത്താണ് തങ്ങളുടെ കഴുത്തിനെക്കാള്‍ പ്രാധാന്യം എന്നു കരുതുന്ന അപൂര്‍വം ചില എഴുത്തുകാര്‍ ഇന്നും നമുക്കിടയിലുണ്ട്. പറഞ്ഞിട്ടു കാര്യമില്ല. ‘ജാതക ഗണിതങ്ങള്‍ അനുകൂലമല്ലെങ്കില്‍’ എഴുതിയതത്രെയും വെളിച്ചം കാണാതെ പ്രസാധകന്റെ ഇരുട്ടറയില്‍ അപ്രത്യക്ഷമാകുകയേയുള്ളൂ. ഒരോ മത ജാതി സമുദായ വിഭാഗങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടേതായ പ്രസാധക സ്ഥാപനങ്ങളുണ്ട്. ജനനം കൊണ്ട് മാത്രം ഏതെങ്കിലും ഒരു സമുദായവുമായി പൊക്കിള്‍ക്കൊടിബന്ധം കാത്തുസൂക്ഷിച്ചതു കൊണ്ടു മാത്രം കാര്യമില്ല. ഇവരുടെ പ്രസാധക സ്ഥാപനങ്ങളോരോന്നും ഓരോ പ്രൊക്രാസ്റ്റസിന്റെ കട്ടിലാണ്. എഴുത്തുകാരനെ, അയാളുടെ കൃതിയെ ഈ രാക്ഷസകട്ടിലില്‍ പിടിച്ചു കിടത്തി വലിച്ചുനീട്ടിയും വെട്ടിമുറിച്ചും തങ്ങളുടെ ആവശ്യത്തിനനുസൃതമായി രൂപപ്പെടുത്തുന്നു. ഒരിക്കല്‍ ആ കട്ടിലില്‍ കിടന്ന് എഴുന്നേറ്റവര്‍ പോലും പരിഭവിക്കാറില്ല. ദീപസ്തംഭം -മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതാണല്ലോ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ആപ്തവാക്യം.
പുസ്തകപ്രസാധകര്‍, സാഹിത്യ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നേതാക്കള്‍ എന്നൊക്കെ ബഹുവിധ വിശേഷണങ്ങളാല്‍ സ്വയം അലംകൃതരായ ഒരു പുത്തന്‍ വര്‍ഗം ഈ രംഗത്തു പ്രത്യക്ഷപ്പെടുകയും പുസ്തക വില്‍പന എളുപ്പമാക്കാന്‍ പാകത്തിലുള്ള ബ്ലര്‍ഫ് എഴുത്ത്, പുറംകവര്‍ സംവിധാനം, അവതാരിക, നിരൂപണം തുടങ്ങിയ ചെപ്പടിവിദ്യകള്‍ ശീലിക്കുകയും ചെയ്തവര്‍ കണ്ടെത്തിയ ഒരു ആധുനികോത്തര പ്രതിഭാസമാണ് ഈ പുസ്തക പ്രകാശന ചടങ്ങ്. ഇത്തരം ചടങ്ങുകളില്‍ വിവര്‍ത്തകര്‍ മാത്രമല്ല സാക്ഷാല്‍ ഗ്രന്ഥകാരന്മാര്‍ പോലും അവഗണിക്കപ്പെടുന്നത് അത്ര അസാധാരണമൊന്നുമല്ല. പുസ്തകവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത മന്ത്രി, എം എല്‍ എ, മറ്റു സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ ഇവര്‍ക്കിടയില്‍ എഴുത്തുകാരന് ഒരു കസേര കിട്ടിയാല്‍ ഭാഗ്യം. അത്ര തന്നെ. ഇതാണ് ഇന്നത്തെ പതിവ് രീതി. ഇതിന്റെ ഗുണഭോക്താവ് പ്രസാധകനാണ്. പുസ്തകങ്ങള്‍ക്കു ചുരുങ്ങിയ ചെലവില്‍ നേടിയെടുക്കാവുന്ന ഒരു പരസ്യം, പത്ര മാധ്യമങ്ങളില്‍ ഇടംപിടിക്കാനുള്ള സൂത്രവിദ്യ ഇതിലപ്പുറം ഒരുപ്രാധാന്യവും ഒരു പുസ്തകപ്രകാശന ചടങ്ങിന് ഇല്ല.
നമ്മുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം അദ്ദേഹത്തിന്റെ സഹ ഗ്രന്ഥകാരന്‍ അരുണ്‍ തിവാരി, ഇവര്‍ ആചാര്യസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്ന സ്വാമി പ്രമുഖ- ഈ ത്രിമൂര്‍ത്തികളുടെ പേരിന്റെ വില്‍പ്പന മൂല്യം -കൃതിയുടെ ഉള്ളടക്കത്തെക്കാള്‍ ഏറെ പ്രസാധകര്‍ മനസ്സിലാക്കിയിരിക്കുന്നു. ആത്യന്തികമായി ഏതു പ്രസാധകരും ഒരു വില്‍പ്പനക്കാരന്‍ കൂടിയാണല്ലോ. പബ്ലിസിറ്റി പ്രധാനമായ വില്‍പ്പനാതന്ത്രങ്ങളില്‍ ആകര്‍ഷിക്കപ്പെടുന്ന ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ സെപ്തംബര്‍ 27നു സാഹിത്യ അക്കാദമിയില്‍ അരങ്ങേറിയത് ഒരാസൂത്രിത നാടകമായിരുന്നില്ലേ എന്ന സംശയം ശരിയായിക്കൂടെന്നില്ല. മൂലഗ്രന്ഥം സമുന്നത ഗുരുവായി കരുതുന്ന ആചാര്യന്റെ നേര്‍പിന്‍ഗാമിയായ സന്യാസിവര്യനെ തന്നെ മുഖ്യാതിഥിയായി ക്ഷണിക്കുക, എം ടി വാസുദേവന്‍ നായരെപ്പോലെ താരമൂല്യമുള്ള എഴുത്തുകാരനെ പ്രകാശന ചടങ്ങിന്റെ അമരക്കാരനാക്കുക, സ്ത്രീകള്‍ വേദിയില്‍ പാടില്ലെന്ന ഗുജറാത്തി സന്യാസി പ്രമുഖന്റെ നിര്‍ദേശം വിവര്‍ത്തകയെ സംഘാടകര്‍ ഫോണില്‍ വിളിച്ചറിയിക്കുക, അതുകേട്ട് പറഞ്ഞവരും കേട്ടവരും ചിരിക്കുക, സാറാ ജോസഫ് അടക്കമുള്ള പെണ്‍പുലികളെ വേദിയുടെ ആദ്യത്തെ മൂന്നു നിരകള്‍ക്കു പിന്നിലായി മാത്രം ഇരുത്തുക. ഇതൊക്കെയായിരുന്നു സംഘാടകരുടെ മനസ്സിലിരിപ്പ്. ശ്രീദേവി എസ് കര്‍ത്ത തനിക്കനുകൂലമായി വീണുകിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല. പുസ്തകപ്രകാശന വേദിയില്‍ കസേര ലഭിച്ചിരുന്നെങ്കില്‍ ലഭിക്കുമായിരുന്നതിലെത്രയോ ഏറെ പ്രശസ്തി ഈ മാറ്റിനിര്‍ത്തലിലൂടെ അവര്‍ക്കു ഇതിനകം ലഭിച്ചിരിക്കുന്നു. ഗംഭീരമായി നടക്കേണ്ടിയിരുന്ന ഒരു പ്രസാധനചടങ്ങ് അലസ്സിപ്പോയതു വഴി കറന്റ് ബുക്്‌സ് വിപണിയില്‍ ഇറക്കിയ മറ്റേതൊരു പുസ്തകത്തിനു സ്വഭാവികമായി ലഭിക്കുമായിരുന്ന വില്‍പനയെക്കാള്‍ പതിന്മടങ്ങ് വില്‍പ്പന ഈ അലങ്കോല വാര്‍ത്തകള്‍ക്ക് കാരണമായ അവരുടെ പുതിയ പുസ്തകത്തിന് ലഭിക്കും എന്നതിനെന്താണ് സംശയം? അന്തിമ വിശകലനത്തില്‍ ലാഭം പ്രസാധകര്‍ക്കു തന്നെ. വിവര്‍ത്തകയുടെ പ്രതിഫലം പേജ് കണക്കിനു അവര്‍ മുന്‍കൂര്‍ വാങ്ങിയിരിക്കുമെന്നതിനാല്‍ ഇനിമേല്‍ അവര്‍ക്കീ പുസ്തകത്തിനു മേല്‍ അവകാശം നാസ്തി. ഗുജറാത്തി സന്യാസിമാരുടെ പ്രതിലോമചിന്തകള്‍ കേരളം പേലെ പുരോഗമനാശയങ്ങള്‍ക്കു മുന്‍തൂക്കമുള്ള ഒരു സംസ്ഥാനത്ത് ചുളുവില്‍ വിറ്റഴിക്കാന്‍ കഴിയുന്നു എന്നതിനാല്‍ അവരും കാര്യമായ റോയല്‍റ്റി ഒന്നും ഈ ഏര്‍പ്പാടില്‍ നിന്നു പ്രതീക്ഷിക്കാനും വകയില്ല. ഇതൊക്കെയാണ് സാര്‍ മലയാളത്തിലെ പുസ്തകപ്രസാധനത്തിന്റെ പുതുപുത്തന്‍ മാതൃകകള്‍.
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും -കവി കുഞ്ഞുണ്ണി .