ദേശീയ പാത 212 രാക്കുരുക്ക്: കേസ് നാലാഴ്ചത്തേക്ക് നീട്ടിവെച്ചു

Posted on: October 2, 2015 5:09 am | Last updated: October 2, 2015 at 1:10 am
SHARE

കല്‍പ്പറ്റ: ദേശീയ പാത 212ലെ രാത്രിയാത്ര നിരോധം സംബന്ധിച്ച് കേസ് പരിഗണിച്ച് സുപ്രീം കോടതി വീണ്ടും കേസ് നാല് ആഴ്ചത്തേക്ക്് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അംഗമായ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇത് നാലാം തവണയാണ് കേസ് വാദം കേള്‍ക്കുന്നതന്നായി മാറ്റിവെക്കുന്നത്. രാത്രിയാത്ര നിരോധം സംബന്ധിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ പഠിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച സംഘം പഠന റിപ്പോര്‍ട്ട് നല്‍കാത്തതാണ് കേസ് വീണ്ടും മാറ്റിവെക്കാന്‍ ഇടയാക്കിയത്.
കേരളത്തിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് കോടതിയില്‍ ഹാജരായത്. കോണ്‍വോയ് സംവിധാനത്തെ കര്‍ണാടക അനുകൂലിക്കുന്നില്ല. എന്നാല്‍ ഫലപ്രദമായ മറ്റു നിരവധി പരിഹാരമാര്‍ഗങ്ങളുണ്ടെന്ന് ഗോപാല്‍ സുബ്രമഹ്്ണ്യം വാദിച്ചു. പല വിദേശ രാജ്യങ്ങളിലും വന്യജീവി സങ്കേതങ്ങളിലൂടെ വന്യജീവികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഗതാഗതം സാധ്യമാക്കിയിട്ടുണ്ട്. ഇവ എന്‍ എച്ച് 212 ല്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്. കര്‍ണാടക നിയോഗിച്ച വിദഗ്ധ സമിതി പഠനം പൂര്‍ത്തീകരിച്ചിട്ടില്ല. ആവശ്യമെങ്കില്‍ കേരളവും വിദഗ്ധ പഠനം നടത്തി വന്യജീവികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ രാത്രിയാത്ര പുനരാരംഭിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. ഇതിന് സമയം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി നാല് ആഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു. സമയം നീട്ടി നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകരാരും എതിര്‍ത്തില്ല.
2015 ജനുവരി 30നാണ് കേസ് സുപ്രീംകോടതി രാത്രിയാത്രാ നിരോധ കേസ് പരിഗണിച്ചത്. തുടര്‍ന്ന് കേരളവും കര്‍ണാടകവും ദേശീയപാത 212ലെ രാത്രിയാത്ര സംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാന്‍ കോടതിയെ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസത്തില്‍ ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ബംഗളൂരുവില്‍ ചര്‍ച്ച നടത്തുകയും കേരളം മുന്നോട്ടുവെച്ച കാര്യങ്ങള്‍ സംബന്ധിച്ച പഠിക്കാന്‍ അഞ്ചംഗ സംഘത്തെ കര്‍ണാടക നിയോഗിക്കുകയും ചെയ്തു. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും പഠന റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിക്കാന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് വീണ്ടുമൊരു മുഖ്യമന്ത്രിതല ഇടപെടല്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പണം വേഗത്തിലാക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.