താലിബാനെ തുരത്തി കുന്ദുസ് നഗരം തിരിച്ചുപിടിച്ചു

Posted on: October 2, 2015 5:03 am | Last updated: October 2, 2015 at 1:03 am
SHARE

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ കൈയടക്കി വെച്ചിരുന്ന അഫ്ഗാനിലെ കുന്ദുസ് നഗരം അഫ്ഗാന്‍ സൈന്യം തിരിച്ചുപിടിച്ചു. നാറ്റോ സേനയുടെ സഹായത്തോടെ നടത്തിയ മുന്നേറ്റത്തിലാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് നഗരം മോചിതമായത്. സംഘട്ടനത്തില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടു. 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൂന്ന് ദിവസമായി താലിബാന്‍ നിയന്ത്രണത്തിലായിരുന്നു ഈ നഗരം. കുന്ദുസ് നഗരം താലിബാനികള്‍ പിടിച്ചെടുത്ത സംഭവം അഫ്ഗാന്‍ സര്‍ക്കാറിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്.
നാറ്റോ സഖ്യത്തിന്റെ വ്യോമ പിന്തുണയോടെ നടത്തിയ സാവധാനമുള്ള മുന്നേറ്റത്തിനൊടുവില്‍ നഗരം തിരിച്ചുപിടിക്കുകയായിരുന്നു. മൂന്ന് ദിസവും ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ശക്തമായ ആക്രമണം നടന്നു. എന്നാല്‍ ഇന്നലെ മാത്രമാണ് സൈന്യത്തിന് കുന്ദുസ് നഗരകേന്ദ്രത്തില്‍ എത്താനായത്. നഗരത്തില്‍ താലിബാന്‍ തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും പോരാട്ടം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അഫ്ഗാന്‍ പ്രത്യേക സേന കുന്ദുസ് നഗരം തിരിച്ചുപിടിച്ച് ഇവിടെ നിന്ന് താലിബാനികളെ തുരത്തിയതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് സ്വാദിഖ് സിദ്ദീഖ് ട്വിറ്റര്‍ വഴി അറിയിച്ചു. തീവ്രവാദികള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. പ്രത്യേക സൈനിക നീക്കത്തിനൊടുവില്‍ നഗരം തിരിച്ചുപിടിച്ചതായി ആഭ്യന്തര സഹമന്ത്രി അയ്യൂബ് സാലാംഗിയും അറിയിച്ചിട്ടുണ്ട്. നഗര വാസികള്‍ ഒത്തുചേര്‍ന്ന് ആഹ്ലാദപ്രകടനം നടത്തുകയും സര്‍ക്കാറിന് നന്ദി അറിയിക്കുകയും ചെയ്തു. നഗരത്തില്‍ സ്ഥാപിച്ചിരുന്ന താലിബാന്‍ പതാകക്ക് പകരം അധികൃതര്‍ സര്‍ക്കാര്‍ പതാക ഉയര്‍ത്തുകയും ചെയ്തു.
കഴിഞ്ഞ ഈദ് ആഘോഷങ്ങള്‍ മുതല്‍ താലിബാന്‍ തീവ്രവാദികള്‍ നഗരത്തിലേക്ക് നുഴഞ്ഞുകയറ്റം ആരംഭിച്ചിരുന്നു. ഇതുമൂലമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം പിടിച്ചെടുക്കാന്‍ അവര്‍ക്കായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ ജയിലില്‍ നിന്ന് തീവ്രവാദികള്‍ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചിരുന്നു. ഇതിന് പുറമെ വീടുകളില്‍ കയറി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിക്കുകയും ചെയ്തിരുന്നു.
അതേസമയം, ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് അഫ്ഗാന്‍ സൈന്യത്തിന് യു എസ് നല്‍കിയ പരിശീലനം ഫലം ചെയ്തിട്ടില്ലെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതായി വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.