ഷാര്‍ജ ഇനി ആരോഗ്യനഗരം

Posted on: October 1, 2015 8:05 pm | Last updated: October 1, 2015 at 8:05 pm
SHARE

ഷാര്‍ജ: ലോകാരോഗ്യ സംഘടന ഷാര്‍ജയെ ഹെല്‍ത്തി സിറ്റിയായി പ്രഖ്യാപിച്ചു. ഷാര്‍ജയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചടങ്ങിലാണ് മധ്യപൗരസ്ത്യ ദേശത്തെ ആദ്യ ആരോഗ്യ നഗരമായി ഷാര്‍ജയെ പ്രഖ്യാപിച്ചത്.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അടക്കം പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലം അല്‍ ഖാസിമിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇതിനുള്ള സാക്ഷ്യപത്രം സ്വീകരിച്ചു. 2012ലാണ് പദ്ധതിയില്‍ ഷാര്‍ജ അംഗമായത്. സാമൂഹികവും സാമ്പത്തികവും വികസനപരവുമായ അജണ്ടകളില്‍ ആരോഗ്യത്തിന് മുന്തിയ പരിഗണന നല്‍കുന്നതിലൂടെയാണ് ഷാര്‍ജ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. ആരോഗ്യ നഗരമായി മധ്യ പൗരസ്ത്യ ദേശത്തു നിന്ന് പ്രഖ്യാപിക്കപ്പെട്ട ഏക നഗരമാണ് ഷാര്‍ജ. ലോകാരോഗ്യ സംഘടനാ പ്രതിനിധികളാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ലോകാരോഗ്യ സംഘടനയുടെ ഇതുമായി ബന്ധപ്പെട്ട 88 ശതമാനം നിബന്ധനകളും ഷാര്‍ജക്ക് പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു.
മാലിന്യ നിര്‍മാര്‍ജനം, പുകവലി നിര്‍മാര്‍ജനം, പരിസര ശുചിത്വം, വംശനാശം സംഭവിക്കുന്ന പക്ഷിമൃഗാദികളുടെ സംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശ്രദ്ധേയമായ മുന്നേറ്റമാണ് ഷാര്‍ജ നേടിയിരിക്കുന്നത്. 2013 മാര്‍ച്ചില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേര്‍സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പദ്ധതിയില്‍ വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളും ഡിപ്പാര്‍ട്‌മെന്റുകളും എന്‍ ജി ഒകളും പങ്കാളിത്തം വഹിച്ചു.