Connect with us

Gulf

അപകട ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് പോലീസ്‌

Published

|

Last Updated

അബുദാബി: റോഡുകളില്‍ സംഭവിക്കുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യരുതെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടു. പോലീസ് അധികാരികൡ നിന്ന് മതിയായ അനുമതി വാങ്ങിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാവൂ.
അനധികൃതമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമെന്ന് അബുദാബി പോലീസ് അല്‍ ഐന്‍ മേഖലാ ഗതാഗത വിഭാഗം തലവന്‍ ലഫ്. കേണല്‍ സാലിഹ് അല്‍ ഹുമൈരി വ്യക്തമാക്കി. സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പടം സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അല്‍ ഹുമൈരി. അല്‍ ഐനില്‍ നടന്ന അപകടത്തില്‍ മൂന്നു പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍പെട്ടവരെല്ലാം ഏഷ്യന്‍ വംശജരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഗതാഗത നിയമം പാലിക്കാതിരുന്നതും അമിതവേഗവുമായിരുന്നു അപകടത്തിലേക്ക് നയിച്ചത്. അപകടത്തെ തുടര്‍ന്ന് ആളുകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതും സൂകൂള്‍ ബസിലെ കുട്ടികള്‍ നിലവിളിക്കുന്നതുമായിരുന്നു പോസ്റ്റ് ചെയ്ത ചിത്രം. നിജസ്ഥിതി അറിയാതെയും പോലീസിന്റെ അനുമതിയില്ലാതെ അത്തരം ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Latest