തിങ്ക് പിങ്ക് കാമ്പയിന്‍ സന്ദേശമെത്തിയത് അഞ്ചു ലക്ഷം ആളുകളില്‍

Posted on: October 1, 2015 7:41 pm | Last updated: October 1, 2015 at 7:41 pm
SHARE

ദുബൈ: സ്തനാര്‍ബുദത്തിനെതിരെ ജോയ് ആലുക്കാസ് നടത്തുന്ന തിങ്ക് പിങ്ക് കാമ്പയിന്റെ സന്ദേശം അഞ്ചു ലക്ഷം ആളുകളില്‍ എത്തിയതായി ഗ്രൂപ്പ് ഡയറക്ടര്‍ സോണിയ ജോണ്‍ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബോധവത്കരണ കാമ്പയിനുകളിലൂടെയും ബുക്ക്‌ലെറ്റുകളിലൂടെയുമാണ് ഇത് സാധ്യമായത്.
ചെക്ക് ഇറ്റ് ആന്‍ഡ് ബീറ്റ് ഇറ്റ് എന്നതാണ് തിങ്ക് പിങ്ക് ബോധവത്കരണ പരിപാടിയുടെ ഈ വര്‍ഷത്തെ മുദ്രാവാക്യം. രോഗത്തിനെതിരെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം വിവിധ പരിപാടികളാണ് ഗ്രൂപ്പിന് കീഴില്‍ നടക്കുക. വൈവിധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെ ശക്തമായ പ്രചാരണത്തിനാണ് ഈ മാസം തുടക്കമിടുക. ആസ്റ്റര്‍ ഡി എം ഹെല്‍തുമായി സഹകരിച്ചാവും ഇത്. സ്ത്രീകളെ സ്തനാര്‍ബുദമുണ്ടോയെന്ന് സ്വയം പരിശോധന നടത്താന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
നേരത്തെ കണ്ടെത്തിയാല്‍ നല്ലൊരു ശതമാനത്തെയും ഈ മാരകരോഗത്തില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കും. സ്തനാര്‍ബുദത്തിനെതിരായ ജോയ് ആലുക്കാസിന്റെ പ്രചാരണം നൂറു ശതമാനം ലാഭേച്ഛയില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനമാണെന്നും ഗ്രൂപ്പിന് കീഴില്‍ ബോധവതകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സോണിയ ഓര്‍മിപ്പിച്ചു. അര്‍ബുദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഗ്രൂപ്പ് 200 സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. കാമ്പയിന്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കമ്പോള്‍ ആരോഗ്യ രംഗത്തെ പ്രമുഖ സ്ഥാപനമായ ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറുമായി സഹകരിക്കാന്‍ സാധിച്ചത് മഹത്തായ കാര്യമാണെന്നും സോണിയ പറഞ്ഞു.
രാജ്യത്തും വിദേശങ്ങളിലും സ്തനാര്‍ബുദത്തിനെതിരെ ജോയ് ആലുക്കാസ് ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ഡയറക്ടര്‍ അലീഷ മൂപ്പന്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളെ സ്തനാര്‍ബുദത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ബോധവത്കരണം അവിഭാജ്യ ഘടകമാണെന്നാണ് ആസ്റ്ററും വിശ്വസിക്കുന്നത്. തങ്ങളുടെ അറിവും സാങ്കേതികജ്ഞാനവും പരിപൂര്‍ണമായും ഉപയോഗപ്പെടുത്തി ജോയ് ആലുക്കാസിന്റെ സ്തനാര്‍ബുദത്തിനെതിരെയുള്ള മുന്നേറ്റത്തില്‍ യുദ്ധത്തില്‍ ആസ്റ്റര്‍ ശക്തമായ പങ്കാളിയായി നിലകൊള്ളും. ഈ വര്‍ഷം പരിപാടിയുടെ ഭാഗമാവാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമായാണ് കാണുന്നത്. ആസ്റ്ററിന് കീഴില്‍ മികച്ച ചികിത്സാ സൗകര്യമാണ് യു എ ഇയിലും ഇന്ത്യയിലും ലഭ്യമാക്കുന്നതെന്നും അലീഷ വ്യക്തമാക്കി.