Connect with us

Kerala

ബാര്‍കോഴക്കേസില്‍ തെറ്റുപറ്റിയെന്ന് വിജിലന്‍സ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്ന് വിജിലന്‍സ് കോടതി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും തുടരന്വേഷണത്തിന് ഉത്തരവിടാനും ഡയറക്ടര്‍ക്ക് കഴിയുമെന്ന് വാദത്തിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതി നിരീക്ഷിച്ചു. കേസ് എങ്ങനെ അന്വേഷിക്കണമെന്നത് അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.
ബാര്‍കോഴ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി പി ഐ നേതാവ് വി എസ് സുനില്‍കുമാര്‍, സാറാ ജോസഫ്, ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
അതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശനെ കോടതിയില്‍ പ്രോസിക്യൂഷന്‍ തള്ളിപ്പറഞ്ഞു. ബാര്‍കോഴ കേസില്‍ അന്വേഷണ ഉ ദ്യോഗസ്ഥനെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ നേരത്തെ നിലപാടെടുത്തിരുന്നു. എസ് പി സുകേശന്റെ നടപടികളില്‍ പൂര്‍ണതൃപ്തിയില്ല. അദ്ദേഹത്തിന്റെ പൂര്‍വചരിത്രം പരിശോധിക്കണം. തെളിവില്ലാതിരുന്നിട്ടും പ്രോസിക്യൂഷന്‍ നടപടിയുമായി എസ് പി മുന്നോട്ടുപോകുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, വിശ്വാസമില്ലെങ്കില്‍ സുകേശന്‍ എന്തിന് ഇപ്പോഴും തുടരുന്നുവെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പ്രതിഭാഗം ഇക്കാര്യം ഉന്നയിച്ചെങ്കില്‍ മനസ്സിലാക്കാമായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കേസിന്റെ രേഖകള്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് നല്‍കിയത് തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ആരോപണവിധേയരെ സംരക്ഷിക്കുന്ന തരത്തില്‍ നിലപാടെടുത്തതിനെയാണ് കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചത്. ഇക്കാര്യം സമ്മതിച്ച പ്രോസിക്യൂഷന്‍, സുപ്രീം കോടതിയിലെ അഭിഭാഷകരില്‍ നിന്നാണ് കേസിന് ആവശ്യമായ നിയമോപദേശം വിജിലന്‍സ് തേടിയതെന്നും പ്രതി ആരെന്ന് പരിശോധിക്കേണ്ട കാര്യം കോടതിക്കില്ലെന്നും തെളിവ് മാത്രം പരിഗണിച്ചാല്‍ മതിയെന്നും കോടതിയില്‍ വാദിച്ചു. മാണി കോഴ ആവശ്യപ്പെട്ടെന്നും വാങ്ങിയെന്നും ആരും മൊഴി നല്‍കിയിട്ടില്ലെന്നും മാണി നേരിട്ട് കോഴ ആവശ്യപ്പെട്ടതായി ബിജു രമേശിന് പരാതിയില്ലെന്നും ബിജു രമേശിന്റെ പരാതി കേട്ടറിവ് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.