അണ്‍ എയ്ഡഡ് അധ്യാപകരുടെ അപമാനസ്ഥിതി എന്നവസാനിക്കും?

Posted on: October 1, 2015 11:18 am | Last updated: October 1, 2015 at 11:18 am
SHARE

Teacherവിദ്യാഭ്യാസ പ്രക്രിയയില്‍ ഏറ്റവും മഹത്തായ പങ്കാണ് ഓരോ അധ്യാപകനും അധ്യാപികക്കും വിദ്യാലയങ്ങളില്‍ നിര്‍വഹിക്കാനുള്ളത്. സജീവവും ക്രിയാത്മകവുമായി പ്രവര്‍ത്തിക്കുന്ന അധ്യാപകരാണ് പുതിയ തലമുറയെ സ്വാധീനിക്കുന്നതും അവര്‍ക്ക് വഴികാട്ടിക്കൊടുക്കുന്നതും. അവര്‍ യഥാര്‍ഥ ഗുരുനാഥന്മാരായി ഉയര്‍ന്നുവരുന്നു. എന്നാല്‍, കേരളത്തിലെ സമീപകാല അധ്യാപകര്‍ക്ക് ആ റോള്‍ കുറ്റമറ്റരീതിയില്‍ നിര്‍വഹിക്കാന്‍ കഴിയാതെപ്പോകുന്നതെന്തുകൊണ്ട് ?
എല്ലാവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അനുഭവിക്കുന്ന സംഘടിത കോളജ്-സ്‌കൂള്‍ അധ്യാപകരില്‍ നേരിയ ശതമാനം മാത്രമേ നിശ്ചിത നിലവാരം പ്രദര്‍ശിപ്പിക്കുന്നുള്ളൂവെന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. എന്നാല്‍ മറ്റൊരു വലിയ വിഭാഗം അധ്യാപകര്‍ മേല്‍പ്പറഞ്ഞ യാതൊരുവിധ സേവനാവകാശങ്ങളുമില്ലാതെ, ഏറ്റവും ദരിദ്രമായ ചുറ്റുപാടുകളില്‍ നിഷ്ഠൂരമായ ചൂഷണം ഏറ്റുവാങ്ങിക്കൊണ്ട് വിദ്യാദാനം എന്ന കര്‍മം നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ അണ്‍-എയ്ഡഡ് സ്‌കൂള്‍-കോളജുകളിലെ അധ്യാപകര്‍. അണ്‍-എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ഒന്നര ലക്ഷത്തോളം വരും സംസ്ഥാനത്തിപ്പോള്‍. അവര്‍ നേരിടുന്ന തൊഴില്‍ ചൂഷണത്തിന്റെ കഥകള്‍ ഏതൊരാളെയും ഞെട്ടിക്കാന്‍ പോന്നവയാണ്. മുപ്പതു വര്‍ഷം സര്‍വീസുള്ള ഒരു ടീച്ചര്‍ (ഒരായിരം ടീച്ചര്‍മാര്‍ വേറെയുമുണ്ട്.)ഇപ്പോഴും 5300 രൂപ മാത്രമാണ് ശമ്പളം പറ്റുന്നതെന്ന കാര്യം അവിശ്വസനീയമായി തോന്നാം. എന്നാല്‍, അതൊരു വസ്തുത മാത്രമാണ്.
ഈ മേഖലയില്‍ പണിയെടുക്കുന്ന അധ്യാപകരില്‍ എട്ട് ശതമാനത്തിന്റെ ശമ്പളം 4000 രൂപയില്‍ താഴെയും 60 ശതമാനത്തിന്റെ ശമ്പളം ശരാശരി 4000 രൂപക്കും 8000 രൂപക്കും മധ്യേയുമാണ്. 2014-സെപ്തംബര്‍ 14 ന് കേരള ഹൈക്കോടതി, അണ്‍എയ്ഡഡ് മേഖലയിലെ ശോചനീയമായ അവസ്ഥാ വിശേഷണത്തിന് ആശ്വാസമെങ്കിലും നല്‍കാന്‍ ഏറ്റവും കുറഞ്ഞ ശമ്പളം പ്രാഥമിക ക്ലാസ്സുകളിലെ അധ്യാപകര്‍ക്ക് പതിനായിരമെങ്കിലും നല്‍കണമെന്ന് വിധിച്ചു. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 15,000 രൂപയും ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് 20,000 രൂപയും ഏറ്റവും കുറഞ്ഞ ശമ്പളമായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുകയുണ്ടായി.
എന്നാല്‍, സി ബി എസ് ഇ സ്‌കൂളുകളില്‍പ്പോലും ഇനിയുമത് എല്ലായിടത്തും നടപ്പായില്ല. സ്റ്റേറ്റ് സിലബസ് സ്‌കൂളുകളിലെ സ്ഥിതിയാകട്ടെ അതിനേക്കാള്‍ ദയനീയമായി തുടരാന്‍ കാരണം എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിലെ ഒരു ഉത്തരവാണ്. 2011-ഫെബ്രുവരി 14ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പ്രൈമറി അധ്യാപകര്‍ക്ക് മിനിമം വേതനം 5,000 രൂപയും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 6000 രൂപയും നല്‍കിയാല്‍ മതി. അധ്യാപകവിരുദ്ധമായ ആ ഉത്തരവാണ് ബഹുമാനപ്പെട്ട ഹൈക്കോടതി തിരുത്താന്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍, അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ വകുപ്പുമന്ത്രി ആയതിനു ശേഷം അണ്‍ എയ്ഡഡ് അധ്യാപക മേഖലയില്‍ അധ്യാപകര്‍ നിഷ്ഠുരമായ ചൂഷണമാണ് അനുഭവിക്കുന്നത്. പ്രീ-പ്രൈമറി അധ്യാപകര്‍ അക്ഷരാര്‍ഥത്തില്‍ അടിമകളായിട്ടാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് രണ്ടായിരം രൂപ മാത്രം നല്‍കുന്ന മാനേജുമെന്റുകളുമുണ്ട്. ഒരു മിനിമം വേതനം ഉറപ്പാക്കാന്‍ പോലും യു ഡി എഫ് സര്‍ക്കാറിന് ഇന്നോളം കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല, തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍ മുന്‍കൈയെടുത്തു തയ്യാറാക്കിയ മിനിമം വേതന ബില്ലിന് അംഗീകാരം നല്‍കാതെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് തടഞ്ഞുെവച്ചിരിക്കുകയാണ്.
കേരളത്തിന്റെ അക്കാദമിക മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രാഗത്ഭ്യമുള്ള അനേകം വിദ്യാര്‍ഥികള്‍ വര്‍ഷാവര്‍ഷം പുറത്തുവരുന്നത് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നുകൂടിയാണ്. കടുത്ത ആത്മസംഘര്‍ഷങ്ങള്‍ക്കിടയിലും അധ്യാപകര്‍ അവരുടെ കടമകള്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണിതു കാണിക്കുന്നത്. (പൂര്‍ണതയാര്‍ജിക്കണമെങ്കില്‍ അവര്‍ക്ക് അന്തസാര്‍ന്ന ശമ്പളം കൂടി കൊടുക്കണം).സ്വകാര്യ സ്‌കൂളുകള്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന വലിയ കെട്ടിടങ്ങളോ ബാഹ്യമോടികളോ അല്ല മറിച്ച് അവിടെ ആത്മസമര്‍പ്പിതരായി പണിയെടുക്കുന്ന അധ്യാപകരുടെ വിയര്‍പ്പിന്റെ ഫലമാണ് മെച്ചപ്പെട്ട അക്കാദമിക മേന്മയുടെ അടിസ്ഥാനമെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. എന്നാല്‍, ആ അധ്യാപകര്‍ക്ക് തൊഴിലുറപ്പിനുപോകുന്ന പണിക്കാരുടെയത്ര പോലും ശമ്പളമോ സ്വാതന്ത്ര്യമോയില്ല എന്നത് അധ്യാപനം എന്ന മഹത്തായ പ്രവൃത്തിയുടെ ശോഭ കെടുത്തിയിരിക്കുന്നു.
കുഞ്ഞിനെ ഗര്‍ഭം ധരിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ വയനാട്ടിലെ ഒരു സ്‌കൂളില്‍ 10 വര്‍ഷം സര്‍വീസുള്ള ഒരധ്യാപികയെ നിഷ്‌ക്കരുണം പുറത്താക്കിയ സംഭവമുണ്ടായത് ഈ അധ്യയന വര്‍ഷമാണ്. ലീവ് പേരിനു പോലും നല്‍കാത്ത എത്രയോ ക്രൂരമായ സ്ഥാപനങ്ങളുമുണ്ട്. പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. സ്‌കൂള്‍ ബസ്സിലോ ക്ലാസ്സുമിറിയിലോ ഇരിക്കാന്‍ പാടില്ല. അര മണിക്കൂറിനുള്ളില്‍ ഉച്ചഭക്ഷണം കഴിക്കണം, നിശ്ചിത സമയത്തുമാത്രമേ മൂത്രവിസര്‍ജനം പാടുള്ളൂ തുടങ്ങിയ പ്രാകൃതമായ നിബന്ധനകള്‍ വനിതാധ്യാപകരോട് (98 ശതമാനവും വനിതാ അധ്യാപകരാണ്) പ്രയോഗിക്കുന്ന മാനേജുമെന്റുകളുമുണ്ട്. അതിനെതിരെ അധ്യാപകര്‍ ശബ്ദിച്ചു തുടങ്ങിയിരിക്കുന്നുവെന്നത് ശുഭകരമായ സൂചനകള്‍ നല്‍കുന്നു.
പതിറ്റാണ്ടുകളായി തുടരുന്ന ഏകപക്ഷീയമായ തീര്‍പ്പാക്കല്‍ സമ്പ്രദായത്തിന്റെ ശീലംകൊണ്ട് സ്വകാര്യ സ്‌കൂള്‍ മാനേജുമെന്റുകള്‍ തങ്ങള്‍ക്ക് എല്ലാം തീരുമാനിക്കാനുള്ള അധികാരമുണ്ടെന്ന് ധരിച്ചിരിക്കുന്നു. എന്നാല്‍, നിശ്ചിത യോഗ്യതയുള്ള ഒരു അധ്യപികയെ നിയമിക്കുമ്പോള്‍, തൊഴിലുടമ പണശക്തിയുടെ കരുത്തില്‍ ഒരാളെ വിലക്കെടുക്കുകയാണ് എന്ന് വിചാരിക്കുന്നതാണ് അബദ്ധം. സ്വകാര്യ സംരംഭകരുടെ കീഴിലാണ് ജോലിചെയ്യുന്നതെങ്കിലും അന്തസാര്‍ന്ന ഒരു കരാറുണ്ടാകണം. സ്ഥാപന നടത്തിപ്പില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ജീവനക്കാരുടെ അഭിപ്രായങ്ങളും അവകാശങ്ങളും കൂടി പരിഗണിച്ചുവേണം വ്യവസ്ഥകള്‍ നടപ്പാക്കാന്‍. അങ്ങനെയുണ്ടാകുന്നില്ലായെന്ന് മാത്രമല്ല ചൂഷണം പൗരാവകാശധ്വംസനത്തിന്റെ തലങ്ങളിലേക്ക് കടക്കുന്നുവെന്നതാണ് അഭിസംബോധന ചെയ്യേണ്ട പ്രധാന പ്രശ്‌നം.
അധ്യാപകര്‍ കടമകളും കര്‍ത്തവ്യങ്ങളും മറക്കുന്നു, ക്രിയാത്മകത അവരില്‍ നൈസര്‍ഗികമായി പ്രകടിതമാവുന്നില്ല തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന് കാരണമായിരിക്കുന്നത് വിദ്യാലയാന്തരീക്ഷത്തിലെ ജനാധിപത്യവിരുദ്ധതയാണെന്നകാര്യം ശ്രദ്ധിക്കാതെ പോകരുത്. വിജ്ഞാനാഭിമുഖ്യം അധ്യാപകരില്‍ ചുരുങ്ങിവരുന്നതിന് കാരണവും സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക ജീവിതത്തിലെ അപചയങ്ങളും ഒപ്പം സാമ്പത്തികചൂഷണവുമാണെന്ന് നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
നമുക്ക് മികച്ച അധ്യാപകരെ വാര്‍ത്തെടുക്കേണ്ടതുണ്ട്. അതിനാദ്യം അക്കാദമിക അന്തരീക്ഷത്തില്‍ കൂടുതല്‍ സര്‍ഗാത്മകത കൈവരിക്കാനുള്ള ജനാധിപത്യവും സ്വാതന്ത്ര്യവും ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാവണം. ഗവേഷണരംഗം പൂര്‍ണമായും സ്വതന്ത്രമാവണം. അതിനെ മൂലധനതാത്പര്യങ്ങള്‍ക്കുമപ്പുറം പ്രതിഷ്ഠിക്കാനായാല്‍ സ്വതന്ത്രമായ ഗവേഷണം നടക്കും. അത്യുന്നതമായ നിലയില്‍ വിജ്ഞാനമാര്‍ജിച്ച ഒരു നിര അധ്യാപകര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് വളര്‍ത്തിയെടുക്കാനാകും. ഒരു ജോലിക്കുവേണ്ടി യാചിക്കേണ്ടി വരുന്ന സാഹചര്യവും അതിനുവേണ്ടിത്തന്നെ എല്ലാ ചൂഷണവും അവമതിയും ഏറ്റുവാങ്ങേണ്ടിവരുന്ന ചുറ്റുപാടും ഒഴിവാക്കാനായാല്‍, വ്യക്തിത്വവും ആത്മാഭിമാനവുമുള്ള അധ്യാപകര്‍,നമ്മുടെ കുട്ടികള്‍ക്ക് മാതൃകയാകാന്‍ കഴിയുന്നവര്‍ ഉയര്‍ന്നുവരും.