സംഘര്‍ഷത്തിന് പിന്നില്‍ സി പി എം: കോണ്‍ഗ്രസ്

Posted on: October 1, 2015 9:55 am | Last updated: October 1, 2015 at 9:55 am
SHARE

പാലക്കാട്: അകത്തേത്തറ പഞ്ചായത്തില്‍ ജീപ്പ് വിവാദവുമായി ബന്ധപ്പെട്ട സംഭവത്തില്‍ സി പി എം അനുഭാവിയായ പവിത്രദാസിനെയും താത്കാലിക ഡൈവര്‍ അനില്‍കുമാറിനെയും അറസ്റ്റ് ചെയ്യുവരെ സമരം തുടരുമെന്ന് അകത്തേത്തറ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പഞ്ചായത്ത് താത്കാലിക ഡൈവറുടെ അനാസ്ഥയും ഭരണസമിതിയുടെ പിടിപ്പ് കേടും മൂലമാണ് ജീപ്പ് കളവ് പോയത്. ഈ സംഭവത്തില്‍ ജീപ്പ് ഡൈവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് വരുന്നത് വരെ മാറ്റി നിര്‍ത്തണമെന്നതാണ് പ്രതിപക്ഷ കക്ഷിയെന്ന യു ഡി എഫ് ആവശ്യപ്പെടുന്നത്. ഇതിനെതിരെ ഇടത് മുന്നണിയിലെ നേതൃത്വത്തിലുള്ളഭരണകക്ഷി പ്രവര്‍ത്തിച്ചത് മൂലമാണ് സമാധാനപരമായി കോണ്‍ഗ്രസ് അംഗങ്ങള്‍ ജീപ്പ് തടഞ്ഞത്. ഇതിനെതുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും അംഗങ്ങള്‍ക്കെതിരെയും സി പി എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിടുകയാണെന്നും പോലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിചതക്കുന്നതിന് പവിത്രദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
പവിത്രദാസ് അകത്തേത്തറയില്‍ താമസമാക്കിയത് മുതലാണ് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുകൂടിയാണെന്ന് നേതാക്കള്‍ അറിയിച്ചു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി തിരെഞ്ഞടുപ്പ് വിജയിക്കാമെന്നത് വ്യാമോഹം മാത്രമാണ്. വരുന്ന തിരെഞ്ഞടുപ്പില്‍ ബാലറ്റിലൂടെ ജനങ്ങള്‍ മറുപടി നല്‍കും. പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് എസ് ഗോപിനാഥന്‍ നായര്‍, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കോയക്കുട്ടി, പത്താം വാര്‍ഡ് മെമ്പര്‍ സി ഉദയകുമാരി പങ്കെടുത്തു.