Connect with us

Wayanad

അധ്യാപക നിയമനം നടത്തുമെന്ന് കലക്ടര്‍

Published

|

Last Updated

കല്‍പ്പറ്റ: ആര്‍ എം എസ് എ സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വയനാട് കലക്‌ടേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ജില്ലയില്‍ 2009-“10, 2010-“11 അധ്യയനവര്‍ഷങ്ങളില്‍ അനുവദിച്ച 14 ആര്‍ എം എസ് ഐ വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിനു അടിയന്തര നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പ്രക്ഷോഭം സംരക്ഷണ സമിതി പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടയാണ് അവസാനിപ്പിച്ചത്. ജില്ലയിലെ മുഴുവന്‍ ആര്‍.എം.എസ്.എ സ്‌കൂളുകളിലും ദിനവേതാനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയ കലക്ടര്‍ വിദ്യായലങ്ങളില്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍ തസ്തികകളില്‍ ഉളളവര്‍ക്ക് ശമ്പളം ലഭ്യമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അധ്യാപക നിയമനത്തില്‍ കാലതാമസമുണ്ടായാല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുമെന്ന് കലക്ടര്‍ സമിതി പ്രതിനിധികളെ അറിയിച്ചു. സമിതിയെ പ്രതിനിധാനം ചെയ്ത് കണ്‍വീനര്‍ ബെന്നി ആന്റണി, മമ്മൂട്ടി കോട്ടത്തറ, റഫീഖ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് സന്നിഹിതനായിരുന്നു.
2009-“10ല്‍ പരിയാരം, കോട്ടത്തറ, നെല്ലാറച്ചാല്‍, മാതമംഗലം, കാപ്പിസെറ്റ്,പേരിയ, തോല്‍പ്പെട്ടി,കുപ്പാടി,വാളേരി,വാളവയല്‍,അതിരാറ്റുകുന്ന് എന്നിവിടങ്ങളിലും 2010-“11 വാരാമ്പറ്റ, തൃക്കൈപ്പറ്റ എന്നിവിടങ്ങളിലും വിദ്യാലയങ്ങളില്‍ ആര്‍.എം.എസ്.എയില്‍ ആരംഭിച്ച ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. 2013ല്‍ വിദ്യാഭ്യാസ വകപ്പ് നിര്‍ദേശിച്ചതനുസരിച്ച് ബീനാച്ചി, കുറുമ്പാല, തേറ്റമല, പുളിഞ്ഞാല്‍, റിപ്പണ്‍ എന്നിവിടങ്ങളില്‍ തുടങ്ങിയ ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ആര്‍ എം.എസ്.എ അംഗീകാരം ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്.
ആര്‍.എം.എസ്.എ അംഗീകാരമുള്ള ഓരോ വിദ്യാലയത്തിലും ഭാഷ-ഭഷേതര വിഷയങ്ങളിലായി 14 അധ്യാപകരെങ്കിലും വേണം. എന്നാല്‍ പരമാവധി അഞ്ച് താത്കാലിക അധ്യാപകരാണ് ഉള്ളത്. ആര്‍ എം എസ്എ സ്‌കൂളുകളിലെ ക്ലാര്‍ക്കിനും ബയോളജി ടീച്ചര്‍ക്കും ശമ്പളം നല്‍കാനാകില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ അധികൃതര്‍. 14 വിദ്യാലയങ്ങളിലുമായി പി.എസ്.സി മുഖേന നിയമിതരായ 28 അറ്റന്‍ഡര്‍മാര്‍ക്ക് ഒന്‍പത് മാസമായിട്ടും ശമ്പളം കിട്ടിയിട്ടില്ല. നിലവിലുള്ള അധ്യാപകര്‍ക്കും യഥാസമയം ശമ്പളം ലഭിക്കുന്നില്ല. അവരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. ആര്‍ എം എസ് എ വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ തുടക്കകാലം മുതല്‍ പി.ടി.എകള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിതാണെങ്കിലും പരിഹാരം ഉണ്ടായില്ല. കാര്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തിയിട്ടും നടപടിയില്ല. ഈ സാഹചര്യത്തിലാണ് ധര്‍ണ സംഘടിപ്പിച്ചതെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
അതിനിടെ, ആര്‍.എം.എസ്.എ അംഗീകാരവും അധ്യാപക നിയമനവും ആവശ്യപ്പെട്ട് ബത്തേരി ബീനാച്ചി ഗവ.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബീനാച്ചിയില്‍ ദേശീയപാതയോരത്ത് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഇന്നലെ പത്ത് ദിവസം പിന്നിട്ടു. 2013ല്‍ ആര്‍.എം.എസ്.എയില്‍ സംസ്ഥാനത്ത് ഹൈസ്‌കൂള്‍ വിഭാഗം ആരംഭിച്ച വിദ്യാലയങ്ങളില്‍ അധ്യാപകരുടെ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുന്നതിനു സര്‍ക്കാര്‍തലത്തില്‍ നടപടിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചിട്ടും ബീനാച്ചിയില്‍ പി ടി എയുടെ നേതൃത്വത്തില്‍ തുടരുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് പി കെ അബൂബക്കര്‍, സെക്രട്ടറി സി മൊയ്തീന്‍ കുട്ടി, റസാഖ് കല്‍പറ്റ എന്നിവര്‍ ആരോപിച്ചു.

Latest