ജില്ലയില്‍ തോട്ടങ്ങള്‍ മൂന്നാം ദിവസവും നിശ്ചലമായി

Posted on: October 1, 2015 9:53 am | Last updated: October 1, 2015 at 9:53 am
SHARE

കല്‍പ്പറ്റ: ജില്ലയിലെ സംഘടിത തൊഴില്‍ മേഖലയായ വന്‍കിട തോട്ടങ്ങള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നിശ്ചലമായി. പതിനയ്യായിയിരത്തില്‍പ്പരം തൊഴിലാളികളാണ് ഇന്നലെയും പണിമുടക്കിയത്. ജോലി ബഹിഷ്‌ക്കരിച്ച തൊഴിലാളികള്‍ ഇന്നലെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മസ്റ്ററര്‍റോളിലേക്കും ഡിവിഷന്‍ ഓഫീസികളിലേക്കും മാര്‍ച്ച് ചെയ്ത് ധര്‍ണ നടത്തി.
തലമല, വേങ്ങാക്കോട്ട എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ പണിമുടക്കി ചുണ്ട ടൗണില്‍ പ്രകടനവും ധര്‍ണയും നടത്തിയത്. വന്‍കിട എസ്റ്റേറ്റുകളിലെല്ലാം ഇന്നലെയും പണിമുടക്കിയ തൊഴിലാളികള്‍ വര്‍ധിത വീര്യത്തോടെയായായിരുന്നു ധര്‍ണക്കെത്തിയത്. ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരെയും തങ്ങള്‍ സഹനത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു തൊഴിലാളി പ്രകടനങ്ങള്‍.
ജില്ലയിലെ എല്ലാ വന്‍കിട എസ്റ്റേറ്റുകളിലുമായി പതിനയ്യായിരത്തോളം തൊഴിലാളികളാണ് പണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്നത്. മൂന്നാര്‍ സമരത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളുടെ ആഹ്വാനമനുസരിച്ച് അനിശ്ചിതകാല സമരത്തിലേക്ക് ഇറങ്ങിയത്.
അവകാശങ്ങള്‍ ചോദിക്കുമ്പോഴൊക്കെ നഷ്ടത്തിന്റെ കണക്ക് വെച്ച് തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് എച്ച് എം എല്‍ അടക്കം കമ്പനിയുടെ രീതി. തോട്ടം പൂട്ടിയാല്‍ തൊഴില്‍ ഇല്ലാതാവുമെന്നും ജിവിതമാര്‍ഗം അടയുമെന്നുമുള്ള ആശങ്കയില്‍ കിട്ടുന്ന കൂലിയ്ക്ക് പ്രതിഷേധം പോലും ഉള്ളില്‍ ഒതുക്കി ജോലി ചെയ്യുന്നവരാണ് തൊഴിലാളികളില്‍ ഏറെയും. തോട്ടങ്ങള്‍ വന്‍ ലാഭത്തിലായിരുന്ന മുന്‍കാലങ്ങളില്‍ പോലും കൂലി വര്‍ധനവും അര്‍ഹമായ ബോണസും അനുവദിക്കാന്‍ വന്‍കിട കമ്പനികള്‍ വൈമനസ്യം കാണിച്ചിരുന്നു.
മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ട കൂലി കരാര്‍ പോലും പുതുക്കി നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വന്‍കിട കമ്പനികളെല്ലാം. റബറിന്റെയും തേയിലയുടെയുമെല്ലാം വിലയിടിവാണ് ഇതിന് കാരണമായി പറയുന്നത്. ഇവക്ക് റെക്കോര്‍ഡ് വില ലഭിച്ചപ്പോഴും തൊഴിലാളികളുടെ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ തയ്യാറായിരുന്നില്ല പല മാനേജുമെന്റുകളും, സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യുന്നവരാണ് തോട്ടം തൊഴിലാളികള്‍.
വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തോളം പോലും എത്താത്ത 232 രൂപയാണ് തേയില തോട്ടം തൊഴിലാളികളുടെ കൂലി. 2014 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ച കൂലി കരാര്‍ ഒന്‍പത് മാസം പിന്നിട്ടിട്ടും പുതുക്കിയിട്ടില്ല. വയനാട്ടില്‍ എച്ച് എം എല്‍ കമ്പനിയുടെ കീഴിലെ നാല് എസ്റ്റേറ്റുകളില്‍ മാത്രം 16 ഡിവിഷനുകളാണുള്ളത്. ചൂരല്‍മല, പുത്തുമല, മുണ്ടക്കൈ, അട്ടമല, നെടുങ്കരണ, അരപ്പറ്റ എന്‍ സി, അരപ്പറ്റ ഫാക്ടറി ഡിവിഷന്‍, നെടുമ്പാല, കഡൂര, തൊവരിമല, ചുണ്ടേല്‍, ആനപ്പാറ, അച്ചൂര്. പെരുങ്കോട, കല്ലൂര്‍, പാറക്കുന്ന് ഡിവിഷനുകളിലായി ആറായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. മറ്റ് കമ്പനികളുടെ തോട്ടങ്ങളായ ചെമ്പ്രപീക്ക്, പഥൂര്‍, എ വി ടി, കുറിച്യര്‍മല, പരിസണ്‍സ്, റിപ്പണ്‍, തലമല, വേങ്ങാക്കോട്ട, ചേലോട് എന്നീ എസ്റ്റേറ്റുകളെല്ലാം നിശ്ചലമായിരിക്കുകയാണ്.