മൂസഹാജിപ്പടി നിവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു

Posted on: October 1, 2015 9:49 am | Last updated: October 1, 2015 at 9:49 am
SHARE

കല്‍പകഞ്ചേരി: പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ അലംഭാവത്തിനെതിരെ വൈലത്തൂര്‍ മൂസഹാജിപ്പടി നിവാസികള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തയ്യാറെടുക്കുന്നു. രണ്ട് പഞ്ചായത്തുകളുടെ പരിധിയില്‍പെടുന്ന പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഭാഗമാണ്. ഇതിന് പരിഹാരമായി ജനപ്രതിനിധികള്‍ നിലവിലുള്ള പദ്ധതി പുന: ജീവിപ്പിക്കുവാനോ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനോ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇവിടത്തുകാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് രംഗത്തിറങ്ങുന്നത്. ചെറിയമുണ്ടം പഞ്ചായത്ത് നാലാം വാര്‍ഡും പൊന്മുണ്ടം പഞ്ചായത്ത് ആറാം വാര്‍ഡും ഉള്‍പ്പെടുന്ന സ്ഥലത്ത് കോളനി വരെയുണ്ട്. ഇവിടെയുള്ളവരടക്കം ശുദ്ധജല ക്ഷാമത്താല്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ആറു വര്‍ഷം മുമ്പ് പദ്ധതിക്കായി കുയിമ്പ്യക്കാട് കോളനിയില്‍ കോണ്‍ഗ്രീറ്റ് ടാങ്ക് നിര്‍മിക്കുകയും പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ജല സ്രോതസിന്റെ കുറവ് കാരണം പദ്ധതി ലക്ഷ്യം കണ്ടില്ല. പിന്നീട് ചെറിയമുണ്ടം പഞ്ചായത്തിലെ കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ നീക്കം നടന്നിരുന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അതും ഉപേക്ഷിച്ചു. ഇതാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പ്രദേശത്തുള്ളവരെ പ്രേരിപ്പിച്ചിരിക്കുന്നത്.