ക്വാറി സമരം; നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്

Posted on: October 1, 2015 9:48 am | Last updated: October 1, 2015 at 9:48 am
SHARE

മലപ്പുറം: കരിങ്കല്‍ ക്വാറി, ക്രഷര്‍ യൂനിറ്റ് ഉടമകള്‍ നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നതോടെ നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭനത്തിലേക്ക്. അതേസമയം മേഖലയിലെ സമരം അനിശ്ചിതമായി തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പിന്റെയും മെട്രോ റെയ്ല്‍, പൊന്നാനി തുറമുഖം അടക്കം വന്‍കിട നിര്‍മാണ പ്രവൃത്തികളും നിലച്ചു.
വീടുകളുടെ നിര്‍മാണ പ്രവൃത്തികളും സ്തംഭനാവസ്ഥയിലാണ്. ഇന്നലെ ഹൈക്കോടതിയില്‍ ക്രഷര്‍, ക്വാറി മേഖലയുമായി ബന്ധപ്പെട്ട് ഒരു വിധി വന്നെങ്കിലും പെര്‍മിറ്റ് സംബന്ധമായ സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കും വരെ സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. ആള്‍ കേരള ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍, ആര്‍ എം സി യു, ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്തെ മൂവായിരത്തോളം ക്വാറികളും 1500ല്‍പ്പരം ക്രഷര്‍ യൂനിറ്റുകളുമാണ് നിശ്ചലമായത്. വിവിധ മേഖലകളിലെ പതിനായിരങ്ങള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. പാരിസ്ഥിതിക അനുമതിയുടെ പേരില്‍ ഹൈക്കോടതി ഇടപെടല്‍മൂലം കേരളത്തിലെ 90 ശതമാനം ക്വാറികളും പൂട്ടേണ്ട അവസ്ഥയിലായതോടെയാണ് ഉടമകള്‍ സമരവുമായി രംഗത്തെത്തിയത്. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതിയില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന് ജൂലൈ 15നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
ഈ ഉത്തരവ് സ്റ്റേ ചെയ്യിക്കാനും ചെറുകിട ക്വാറികളെ പരിസ്ഥിതി നിയമത്തില്‍ നിന്ന് ഒഴിവാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. അഞ്ച് ഹെക്ടറിന് മുകളിലുള്ള സ്ഥലത്തെ ക്വാറികളില്‍ ഖനനം നടത്താന്‍ കേന്ദ്രാനുമതി വേണമെന്നായിരുന്നു 2006ലെ ഉത്തരവ്. കേരളത്തിലെ ക്വാറികളില്‍ 90 ശതമാനവും ഒരു ഹെക്ടറിന് താഴെ സ്ഥലമുള്ളവയാണ്.
എന്നാല്‍ 2012 ഡിസംബര്‍ 17ന് എല്ലാ ക്വാറികള്‍ക്കും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണമെന്ന് സുപ്രീംകോടതി വിധിയുണ്ടായി. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ വന്‍കിട ഖനനവും ഹരിയാനയിലെ വന്‍കിട മണല്‍ ശുചീകരണത്തേയും ഉദ്ദേശിച്ചാണ് സുപ്രീംകോടതി വിധി വന്നതെന്നും കേരളത്തെപ്പോലെ ചെറുകിട ക്വാറികള്‍ എങ്ങുമില്ലെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് മണല്‍ വില 32 ഇരട്ടി ഉയര്‍ന്നിട്ടും കരിങ്കല്‍ ഉത്പന്നങ്ങള്‍ക്ക് നാമമാത്രമായ വില വര്‍ധനവ് മാത്രമാണുണ്ടായതെന്നും കോ-ഓര്‍ഡിനേഷന്‍ സമിതി കണ്‍വീനര്‍ ഇ കെ ആലിമൊയ്തീന്‍ ഹാജി പറഞ്ഞു. മൂവായിരത്തോളം അംഗീകൃത ക്വാറികള്‍ക്ക് പുറമെ ആയിരത്തോളം അംഗീകാരമില്ലാത്ത ക്വാറികളും സംസ്ഥാനത്തുണ്ട്. അമ്പതിനായിരം ടിപ്പറുകളാണ് ക്വാറി, ക്രഷര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ആയിരത്തിലധികം സോളിഡ് ബ്രിക്‌സ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നു. ഇവക്കും ക്വാറികളിലെ തൊഴിലാളികള്‍ക്കും ലക്ഷക്കണക്കിന് നിര്‍മാണ തൊഴിലാളികള്‍ക്കും ഇപ്പോള്‍ പണിയില്ലാതായ അവസ്ഥയാണ്.