കുട്ടികളുടെ പാര്‍ക്കിന്റെ ചുറ്റുമതില്‍ പൊളിച്ചുനീക്കണമെന്ന് കമ്മീഷന്‍

Posted on: October 1, 2015 9:44 am | Last updated: October 1, 2015 at 9:45 am
SHARE

കോഴിക്കോട്: ചക്കോരത്തുകുളത്തുളള കുട്ടികളുടെ പാര്‍ക്കിന്റെ ചുറ്റുമതില്‍ പൊളിച്ചുനീക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശം.
പാര്‍ക്കിന് ചുറ്റും ഉയരത്തില്‍ മതില്‍ നിര്‍മിച്ചിരിക്കുന്നത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. പാര്‍ക്കിന്റെ പരിസരത്തെ മാലിന്യ നിക്ഷേപം തടയേണ്ടതും പരിസരം ശുചിയായി സൂക്ഷിക്കേണ്ടതും കോര്‍പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവാദിത്വമാണെന്നും കമ്മീഷന്‍ പറഞ്ഞു.
ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി, അംഗങ്ങളായ കെ നസീര്‍, സി യു മീന എന്നിവരടങ്ങിയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഫുള്‍ ബഞ്ചാണ് ഉത്തരവിട്ടത്. ചില്‍ഡ്രന്‍സ് പാര്‍ക്കും ലൈബ്രറിയും ആരംഭിക്കാനായി കോര്‍പറേഷന്‍ റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റിന് നല്‍കിയ സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. എ അച്യുതന്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ ഇടപെടുകയായിരുന്നു.
ചുറ്റുമതില്‍ കെട്ടിയിരിക്കുന്നതിനാല്‍ കുട്ടികളേയും പൊതുജനങ്ങളേയും ആകര്‍ഷിക്കുന്ന രീതിയിലല്ല പാര്‍ക്കിന്റെ സ്വഭാവമെന്ന് സ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ കണ്ടെത്തി. പാര്‍ക്കിനുളളില്‍ കുട്ടികള്‍ കളിക്കുന്ന സ്ഥലവും മറ്റും പുറമേനിന്ന് കാണാന്‍ കഴിയാത്തതിനാല്‍ കുട്ടികളുടെ സുരക്ഷയില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ ചുറ്റുമതില്‍ നീക്കി സാധാരണ പാര്‍ക്കുകള്‍ പോലെ കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ സജ്ജീകരിക്കണം.
സര്‍ക്കാറിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്ഥലം കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് നീക്കിവെച്ചിട്ടുണ്ടെങ്കില്‍ അത് ആ ആവശ്യത്തിന് മാത്രമായാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
മറ്റു സ്ഥാപനങ്ങള്‍ക്ക് കുട്ടികളുടെ ആവശ്യത്തിനായി പാട്ടത്തിന്
നല്‍കിയിട്ടുളള കേസുകളിലും നിര്‍ദേശം ബാധകമാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണമെന്ന് കമ്മീഷന്‍ തദ്ദേശ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.