Connect with us

Editorial

നീതിപീഠങ്ങളെ ദുര്‍ബലമാക്കരുത്

Published

|

Last Updated

“നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെ”ന്നാണ് വെപ്പ്. അത് അങ്ങിനെത്തന്നെ ആകുകയും വേണം. ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത ്‌കൊണ്ടാണ് വലിയൊരു പരിധിവരെ നീതിന്യായ സംവിധാനത്തിന് രാജ്യത്ത് കാര്യമായ ക്ഷതമൊന്നും ഏല്‍ക്കാതിരുന്നതും, ജനകോടികള്‍ ഈ ഭരണഘടനാ സംവിധാനത്തില്‍ അടിയുറച്ച് നില്‍ക്കുന്നതും. അതുകൊണ്ട് ഈ മേഖലയില്‍ എല്ലാം ഭംഗിയായി നടക്കുന്നുവെന്ന് അര്‍ഥമാക്കേണ്ടതില്ല. അങ്ങിങ്ങായി ചില പുഴുക്കുത്തുകള്‍ കണ്ടേക്കാം. “മണി പവറും മസില്‍ പവറും” നമ്മുടെ റാഷ്ട്രീയ ജീവിതത്തില്‍ ഏറെസ്വാധീനം ചെലുത്തുന്നുണ്ട്. പണവും കൈയ്യൂക്കും രാഷ്ട്രീയ സ്വാധീനവുമുള്ളവര്‍ കാര്യം നേടിപ്പോകുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനെ പാവം ജനങ്ങള്‍ക്കാകൂ. അതുകാരണം സംഭവിക്കുന്ന അപചയം നിയമ, നീതിപീഠങ്ങളെ ദുര്‍ബലമാക്കുന്നുണ്ട്. മുമ്പ് രാഷ്ട്രീയക്കാരും ധനാഢ്യന്മാരുമാണ് ഈ കളങ്കത്തിന് കാരണക്കാരെന്ന് നാം ആശ്വസിച്ചിരുന്നു. എന്നാല്‍, ആ പട്ടികയിലേക്ക് വെള്ളിത്തിരയിലെ നായകന്മാരും കടന്ന് വന്നിരിക്കുന്നു. നിയമത്തെ വ്യാഖ്യാനിച്ചും (ദുര്‍വ്യാഖ്യാനിച്ചും) തെളിവുകളെ വിശകലനം ചെയ്തുമാണ് നിയമജ്ഞര്‍ തങ്ങളുടെ കക്ഷികളെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പഴുതുകള്‍ ഒരുക്കുന്നത്. വെള്ളിത്തിരയില്‍ താരശോഭയുള്ള സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ ഏറെയും. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയും നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതുമാണ് ദത്തിനെ വട്ടം കറക്കുന്നതെങ്കില്‍, 2002ല്‍ ടയോട്ട ലാന്‍ഡ് ക്രൂയിസര്‍ ആഢംബര കാര്‍ വഴിയോരത്ത് അന്തിയുറങ്ങുന്നവരുടെ മേല്‍ ഓടിക്കയറിയതാണ് സല്‍മാന്‍ ഖാന് തലവേദനയായിരിക്കുന്നത്. കാലമിത്രയായിട്ടും കേസിന് എന്ന് ഒരു തീര്‍പ്പുണ്ടാകുമെന്ന് ആര്‍ക്കും പറയാനാകില്ല.
അപകടമുണ്ടായ ദിവസം കാറില്‍ സല്‍മാനൊപ്പം ഉണ്ടായിരുന്ന കുടുംബ ഡ്രൈവര്‍ അശോക് സിംഗ്, സല്‍മാന്റെ സുഹൃത്തും ഗായകനുമായ കമാല്‍ ഖാന്‍ എന്നിവരില്‍ നിന്ന് പ്രോസിക്യൂഷന്‍ മൊഴിയെടുത്തിട്ടില്ല. മദ്യലഹരിയിലായിരുന്ന സല്‍മാന്‍ ഖാന്‍ നില്‍ക്കാനാവാതെ രണ്ട് തവണ കുഴഞ്ഞുവീണു എന്ന് മൊഴിനല്‍കിയ സാക്ഷികള്‍ സല്‍മാനോടൊപ്പം കാറില്‍ ഉണ്ടായിരുന്ന കമാല്‍ ഖാനും മദ്യലഹരിയിലായിരുന്നോ എന്നത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ല. അപകടത്തില്‍പെട്ടപ്പോള്‍ കാര്‍ താനാണ് ഓടിച്ചിരുന്നതെന്ന് സെഷന്‍സ് കോടതിയില്‍ വാദം കേള്‍ക്കുമ്പോള്‍ കുടുംബ ഡ്രൈവറായ അശോക് സിംഗ് മൊഴി നല്‍കിയിട്ടുണ്ട്. അപകടത്തില്‍പെട്ടപ്പോള്‍ സല്‍മാന്റെ അംഗരക്ഷകനായ കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടീലും കാറിലുണ്ടായിരുന്നു എന്ന വസ്തുത മറച്ചുപിടിക്കുകയായിരുന്നു. പാട്ടീല്‍ 2007ല്‍ മരണപ്പെട്ടിട്ടും അത് മറച്ചുവെച്ച് കേസില്‍ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയത് കേസ് ദുര്‍ബലമാക്കാനും തുമ്പില്ലാതാക്കാനും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.
സിനിമാ താരങ്ങള്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ രാജ്യത്തെ മികച്ച അഭിഭാഷകരാണ് കോടതിയില്‍ വാദം നടത്തുന്നത്. സത്യത്തിനും നീതിക്കുമെന്നതിലേറെ തെളിവുകളാണ് കേസിന്റെ ഗതി നിര്‍ണയിക്കുന്നത്. സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനും സംശയത്തിന്റെ പഴുതുകള്‍ തീര്‍ക്കാനും അഭിഭാഷകര്‍ക്കാകും. അവശ്യം വേണ്ട സാക്ഷിമൊഴി രേഖപ്പെടുത്താതെയും ചോദ്യശരങ്ങളിലൂടെ ആശയക്കുഴപ്പമുണ്ടാക്കിയും കേസ് ദുര്‍ബലമാക്കാനും ശ്രമങ്ങള്‍ നടക്കുന്നതായും ഈ കേസുകളില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം, ഇടക്കാല ജാമ്യം, പരോള്‍ തുടങ്ങി നിയമ സംവിധാനത്തിലെ സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ ദത്തിന് പരോള്‍ അനുവദിക്കുന്നത് നിയമത്തിന്റെ കണ്ണുകെട്ടിയാണെന്ന് വരെ ആരോപണമുയര്‍ന്നു.
കേസില്‍ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് ദത്ത് മഹാരാഷ്ട്രാ ഗവര്‍ണര്‍ക്ക് ഹരജി നല്‍കിയെന്ന ആരോപണം തീര്‍ത്തും തെറ്റാണെന്ന് ദത്ത് വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് വേണ്ടി അപേക്ഷ നല്‍കാന്‍ ആരേയും ഏല്‍പിച്ചിട്ടില്ല- ദത്ത് വെളിപ്പെടുത്തി. തനിക്ക് വിധിച്ച 5 വര്‍ഷത്തെ തടവില്‍ പകുതിയിലേറെ താന്‍ അനുഭവിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ദുഷ്ടലാക്കോടെ കോടതികളെ പോലും അവമതിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം. നിയമം നിയമത്തിന്റെ വഴിയേ സഞ്ചരിക്കട്ടെ. രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇക്കാര്യത്തില്‍ അഭിഭാഷക സമൂഹത്തിന് വഹിക്കാനുള്ള പങ്ക് നിര്‍ണായകമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന നമ്മുടെ നീതിപീഠത്തിന്റെ ആപ്ത വാക്യം എന്നും പുലരുമാറാകട്ടെ.

Latest