ഡീസല്‍ കാറുകളുടെ മൈലേജ് കൂട്ടാന്‍ എട്ട് വഴികള്‍

Posted on: September 23, 2015 5:34 pm | Last updated: September 23, 2015 at 5:37 pm

fuel meter
ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് മൈലേജ് എത്ര കിട്ടും എന്നാണ്. എത്ര വലിയ തുക മുടക്കി കാറ് വാങ്ങുന്നയാളും ആദ്യം ചോദിക്കുന്നതും ഇതുതന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇപ്പോള്‍ മൈലേജിന് പ്രാമുഖ്യം നല്‍കുവാനാണ് കാര്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 27.62 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന മാരുതിയുടെ സെലേറിയോ ആണ് മൈലേജ് വാഗ്ദാനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഭൂരിഭാഗം ഡീസല്‍ കാറുകളുടെയും മൈലേജ് 25 കിലോമീറ്ററോ അതിന് മുകളിലോ ആണ്.

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (അറായ്) എന്ന സ്ഥാപനമാണ് വാഹനങ്ങളുടെ മൈലേജ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്. ഈ മൈലേജ് ആണ് കമ്പനികള്‍ അവകാശവാദമായി അവതരിപ്പിക്കുന്നതും. എന്നാല്‍ ഇന്ത്യയിലെ തിരക്കേറിയ നിരത്തില്‍ അറായ് സാക്ഷ്യപ്പെടുത്തി നല്‍കിയ മൈലേജ് ലഭിക്കുകയെന്നത് അസാധ്യമാണ്. കാരണം അത്രയും മികച്ച ഡ്രൈവിംഗ് സാഹചര്യത്തിലാണ് അറായ് വാഹനത്തിന്റെ ഇന്ധനക്ഷമത പരിശോധിക്കുന്നത്. ആ സാഹചര്യം നമ്മുടെ സാധാരണ നിരത്തില്‍ ലഭിക്കുകയില്ല. വാഹനം മാത്രം വിചാരിച്ചാല്‍ പോര, റോഡും ഡ്രൈവറും എല്ലാം വിചാരിച്ചെങ്കില്‍ മാത്രമേ മികച്ച മൈലേജ് ലഭിക്കുകയുള്ളൂ.

അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഡീസല്‍ കാറുകളില്‍ പരമാവധി മൈലേജ് ഉറപ്പ് വരുത്താനാകും. അതിനുള്ള ചില ടിപ്‌സുകളാണ് ചുവടെ.

1) ടയറിലെ വായുമര്‍ദം

ടയറുകളിലെ വായുമര്‍ദം കൃത്യമായ അളവില്‍ ആയിരിക്കുകയെന്നത് മൈലേജിന്റെ കാര്യത്തില്‍ പരമപ്രധാനമാണ്. കുറഞ്ഞ വായുമര്‍ദമുള്ള ടയറിന് റോഡില്‍ കൂടുതല്‍ ഗ്രിപ്പ് വേണ്ടിവരും. ഇത് കൂടുതല്‍ ഇന്ധനം ചെലവഴിക്കപ്പെടാനാണ് സഹായിക്കുക. വാഹന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിക്കുന്ന അളവിലുള്ള വായുമര്‍ദം ടയറില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

2) ലളിതമായ ഓപ്പറേഷന്‍

കാറുകളാണെങ്കിലും അവയോട് അല്‍പം ബഹുമാനത്തോടെ പെരുമാറിയെങ്കിലേ മികച്ച മൈലേജ് ലഭിക്കുകയുള്ളൂ. കാറിന്റെ ആക്‌സിലേറ്ററും ക്ലച്ചും ബ്രേക്കുമെല്ലാം ആഞ്ഞുചവിട്ടാതെ ആവശ്യത്തിന് ഉപയോഗിച്ചാല്‍ മികച്ച ഇന്ധനക്ഷമത ലഭിക്കും. അനാവശ്യമായ സഡന്‍ബ്രേക്കുകളും വേഗത്തിലുള്ള ആക്‌സിലറേഷനും ഇന്ധനം കുടിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

3) വിന്‍ഡോകള്‍ അടച്ചിടുക

കാറ്റിനെ വകഞ്ഞുമാറ്റിയാണ് വാഹനം മുന്നോട്ടുപോകുന്നത്. ഈ സഞ്ചാരം എളുപ്പമാകണമെങ്കില്‍ വാഹനത്തിനുള്ളില്‍ കാറ്റ് നിറയുന്നത് ഒഴിവാക്കണം. വിന്‍ഡോകള്‍ തുറന്നിട്ട് വാഹനമോടിക്കുമ്പോള്‍ കാറ്റ് വാഹനത്തിനുള്ളില്‍ കയറുകയും എന്‍ജിന് ഭാരംകൂടുകയും ചെയ്യും. ഇത് മൈലേജ് കുറയാന്‍ ഇടയാക്കും. എസി ഓണ്‍ ചെയ്ത് വിന്‍ഡോകള്‍ അടച്ചിട്ട് വാഹമോടിക്കുന്നതും വിന്‍ഡോകള്‍ തുറന്നിട്ട് എസി ഇല്ലാതെ വാഹനം ഓടിക്കുന്നതും താരതമ്യം ചെയ്താല്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ല.

4) ശരിയായ ഗിയര്‍

ശരിയായ ഗിയറില്‍ കാര്‍ ഓടിച്ചാല്‍ ഇന്ധനം ലാഭിക്കാനാകും. ഉയര്‍ന്ന ഗിയറില്‍ 60-70 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കുമ്പോഴാണ് കാറിന് ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുക.

5) ഭാരം കുറയ്ക്കുക

കാറില്‍ അനാവശ്യമായ വസ്തുക്കള്‍ കയറ്റി ഭാരം കൂട്ടിയാല്‍ ഇന്ധനക്ഷമത കുറയും. യാത്ര പുറപ്പെടുമ്പോള്‍ അത്യാവശ്യത്തിനുള്ള ലഗേജ് മാത്രം ഒപ്പം കരുതിയാല്‍ ഇന്ധനം ലാഭിക്കുക കൂടി ചെയ്യാം. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ കാര്‍ കമ്പനികള്‍ തന്നെ ഭാരം കുറച്ചാണ് വാഹനം വിപണിയിലിറക്കുന്നത്.

6) ഒാടാതിരിക്കുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുക

കാര്‍ കൂടുതല്‍ നേരം ബ്ലോക്കില്‍ കുടുങ്ങുകയോ, ആരെയെങ്കിലും കാത്തിരിക്കുകയോ ചെയ്യുമ്പോള്‍ എന്‍ജിന്‍ ഓണാക്കിയിടുന്നത് അനാവശ്യ ഇന്ധനച്ചെലവിന് ഇടയാക്കും. ഒരു മിനുട്ടില്‍ കൂടുതല്‍ നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്തിടുകയാണ് ഇന്ധനച്ചെലവ് കുറക്കാനുള്ള കുറുക്കുവഴി.

7) ഫില്‍റ്ററുകള്‍ സമയാസമയം മാറ്റുക

എയര്‍ ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍, ഡീസല്‍ ഫില്‍റ്റര്‍ തുടങ്ങിയവയ എല്ലാം കാറിന്റെ ഇന്ധനക്ഷമത നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഇവ നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ കൃത്യമായി മാറ്റിയാല്‍ ഇന്ധനക്ഷമതയും വര്‍ധിക്കും.

8) കൃത്യമായ സര്‍വീസ്

കാര്‍ നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ കൃത്യമായ സര്‍വീസിംഗിന് വിധേയമാക്കുന്നത് ഇന്ധനക്ഷമത നിലനിര്‍ത്താന്‍ സഹായിക്കും.