സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് 29ന് മാര്‍ച്ച് നടത്തും

Posted on: September 22, 2015 10:17 am | Last updated: September 22, 2015 at 10:17 am

കോഴിക്കോട്: ന്യൂനപക്ഷ പദവി ദുരുപയോഗം ചെയ്ത് എം ബി ബി എസ് സീറ്റുകള്‍ അനര്‍ഹര്‍ക്ക് നല്‍കി വിദ്യാഭ്യാസ കച്ചവടം നടത്തിയ മെഡിക്കല്‍ കോളജുകളിലേക്ക് 29ന് മാര്‍ച്ച് നടത്തുമെന്ന് എം എസ് എഫ്.
അസീസിയ മെഡിക്കല്‍ കോളജ് കൊല്ലം, എം ഇ എസ് പെരിന്തല്‍മണ്ണ, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് കൊല്ലം, കരുണ മെഡിക്കല്‍ കോളജ് പാലക്കാട്, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്, കെ എം സി ടി മെഡിക്കല്‍ കോളജ് തുടങ്ങിയവയിലേക്കാണ് മാര്‍ച്ച്.
മാനേജ്‌മെന്റുകള്‍ സ്വമേധയാ തെറ്റ് മനസ്സിലാക്കി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ തയാറാകണം. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗിക്കേണ്ട ന്യൂനപക്ഷ പദവി മാനേജ്‌മെന്റുകളുടെ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ഇത്തരക്കാരുടെ പദവി പിന്‍വലിക്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ് ഇറക്കണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.