Connect with us

Gulf

ക്രെയിന്‍ ദുരന്തം: അന്വേഷിച്ച് കാരണം കണ്ടെത്തുമെന്ന് സഊദി രാജാവ്

Published

|

Last Updated

റിയാദ്: 107 തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തത്തെ കുറിച്ച് അന്വേഷിച്ച് കാരണം കണ്ടെത്തുമെന്ന് സഊദി അറേബ്യ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് ഉറപ്പ് നല്‍കി. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ 200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ തീര്‍ഥാടകര്‍ തടസ്സങ്ങളൊന്നുമില്ലാതെ ആരാധനാ കര്‍മങ്ങളില്‍ സജീവമായി. ഹജ്ജ് കര്‍മങ്ങള്‍ തടസ്സങ്ങളൊന്നുമില്ലാതെ നടക്കുമെന്ന് സഊദി അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ വിശദമായി അന്വേഷിച്ച് കണ്ടെത്തുമെന്നും ഇത് ജനങ്ങള്‍ക്ക് മുമ്പാകെ വ്യക്തമാക്കുമെന്നും അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം സല്‍മാന്‍ രാജാവ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാനാണ് അപകട സ്ഥലം താന്‍ സന്ദര്‍ശിച്ചതെന്ന് ഇരുഹറമുകളുടെയും രക്ഷാധികാരി കൂടിയായ അദ്ദേഹം വിവരിച്ചു. ഹറമിലെ സന്ദര്‍ശനത്തിന് ശേഷം, ക്രെയിന്‍ അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിവിധ രാജ്യക്കാരെയും അദ്ദേഹം സന്ദര്‍ശിച്ചു. മക്കയിലെ അല്‍നൂര്‍ സ്‌പെഷ്യാലിസ്റ്റ് ഹോസ്പിറ്റലിലാണ് രാജാവ് സന്ദര്‍ശനം നടത്തിയത്. പരുക്കേറ്റവര്‍ക്ക് മുഴുവന്‍ സേവനങ്ങളും നല്‍കാന്‍ അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ താനും പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാരായ രണ്ട് പേരും അപകടത്തില്‍ മരിച്ചിരുന്നു. അപകടത്തെ കുറിച്ച് പഠിക്കാന്‍ അന്വേഷണ കമ്മീഷന് രൂപം നല്‍കിയിട്ടുണ്ട്. ഇവരുടെ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍ജിനീയറോട് മുഴുവന്‍ ക്രെയിനുകളുടെയും സുരക്ഷ ഉറപ്പ് വരുത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ക്രെയിനുകള്‍ മുഴുവന്‍ സുരക്ഷിതമായാണ് സ്ഥാപിച്ചിരുന്നതെന്നും സാങ്കേതിക പിഴവല്ല അപകടത്തിലേക്ക് നയിച്ചതെന്നും എന്‍ജിനീയര്‍ ചൂണ്ടിക്കാട്ടി. ക്രെയിനില്‍ ഇടിമിന്നലേറ്റതാണ് തകര്‍ന്നുവീഴാനുള്ള കാരണമെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഈ മാസം 21നാണ് ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങുന്നത്. 2C38695F00000578-0-image-a-16_1442086643330

(ചിത്രം) മസ്ജിദുല്‍ഹറമില്‍ കഴിഞ്ഞ ദിവസം ക്രെയിന്‍ തകര്‍ന്ന് വീണ ഭാഗം പോളിഷ് ചെയ്ത് ഉപയോഗ യോഗ്യമാക്കിയപ്പോള്‍