മൂന്നാര്‍: പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് ഇന്റലിജന്‍സ്

Posted on: September 12, 2015 3:57 am | Last updated: September 11, 2015 at 11:59 pm

Munnar.1pngതിരുവനന്തപുരം :മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ നടത്തുന്ന സമരം അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ബാഹ്യമായ ഇടപെടലുകളൊന്നും നിലവില്‍ സമരത്തിന് പിന്നില്‍ ഇല്ലെങ്കിലും നക്‌സല്‍ സംഘടനകളും തമിഴ്തീവ്ര ഗ്രൂപ്പുകളും സമരത്തില്‍ നുഴഞ്ഞ് കയറാന്‍ ശ്രമം നടത്തിയേക്കാമെന്നും തമിഴ്‌നാടില്‍ നിന്ന് രാഷ്ട്രീയ പിന്തുണ കൂടി ലഭിക്കുന്ന സാഹചര്യം കൂടി വന്നാല്‍ സമരം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പുനല്‍കി. സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്ന രീതിയില്‍ പ്രദേശത്തെ മുഖ്യധാര രാഷ്ട്രീയ, ട്രേഡ് യൂനിയനുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സമരം പൊളിക്കാനുള്ള നീക്കമാണെന്ന തിരിച്ചറിവ് സമരക്കാരെ പ്രകോപിതരാക്കാന്‍ ഇടയുണ്ടെന്നാണ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്.
തമിഴ്ഭൂരിപക്ഷം മുന്‍നിര്‍ത്തി മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയെ തമിഴ്‌നാട്ടില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗമുള്ളതിനാല്‍ സമരത്തെ സര്‍ക്കാര്‍ വേണ്ടവിധം അഭിമുഖീകരിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നുണ്ട്. മുല്ലപ്പെരിയാര്‍ പ്രക്ഷോഭകാലത്ത് ഇടുക്കിയെ തമിഴ്‌നാടിനോട് ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം വരെ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സമരത്തിന് പിന്നില്‍ ട്രേഡ് യൂനിയനുകളുടെയോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണയില്ല. തൊഴിലാളികളുടെ ഇല്ലായ്മയില്‍ നിന്ന് രൂപം കൊണ്ട വികാരമാണ് വലിയൊരു സമരമായി രൂപപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട് ലോബി സമരത്തിന് പിന്നിലുണ്ടെന്ന പ്രചാരണം സമരക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. എസ് രാജേന്ദ്രന്‍ എം എല്‍ എക്കെതിരായ പ്രതിഷേധത്തിന് ഇടയാക്കിയത് ഈ പ്രചാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനപോലീസ് മേധാവി ടി പി സെന്‍കുമാര്‍ സ്ഥിതിഗതികള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയ ആഭ്യന്തരമന്ത്രി എത്രയും വേഗം അടിയന്തര ഇടപെടല്‍ വേണമെന്ന സന്ദേശമാണ് കൈമാറിയത്.
മൂന്നാര്‍ മേഖലയിലെ തോട്ടംതൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ നേരത്തെയും തമിഴ്‌നാട് ലോബി ശ്രമം നടത്തിയിരുന്നു. മുല്ലപ്പെരിയാര്‍ പ്രക്ഷോഭകാലത്ത് ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി തമിഴ്തീവ്രവാദം പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട തോട്ടം ഉടമകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നാണ് പോലീസ് വിലയിരുത്തുന്നത്. ട്രേഡ് യൂനിയനുകളോ അവയുടെ നേതാക്കളോ തങ്ങളുടെ കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയാണ് പോലീസിന് മുന്നില്‍ സമരക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. സമരം ഏഴ് ദിവസം പിന്നിടുംവരെ പ്രമുഖ നേതാക്കളൊന്നും തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയും സമരക്കാര്‍ക്കുണ്ട്. ഈ സാഹചര്യം തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വം മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സമരം തീര്‍ക്കാന്‍ അടിയന്തര ഇടപെടലിന് സര്‍ക്കാറിന് മേല്‍ സമ്മര്‍ദമേറിയിട്ടുണ്ട്. മൂന്നാര്‍ മേഖലയിലെ ടൂറിസം രംഗത്തിനും സമരം വലിയ തിരിച്ചടിയായിട്ടുണ്ട്. വിദേശികള്‍ക്കുള്‍പ്പെടെ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിയന്ത്രണ വിധേയമായിട്ടാണ് സമരം മുന്നേറുന്നതെങ്കിലും പോലീസ് ഇടപെടലിലേക്ക് നീങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. രാഷ്ട്രീയ പാര്‍ട്ടികളെയും ട്രേഡ് യൂനിയനുകളെയും അകറ്റി നിര്‍ത്തിയാണ് സമരമെങ്കിലും വിഷയത്തില്‍ ഇടപെടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ചര്‍ച്ചയിലൂടെ പരിഹാരമുണ്ടായില്ലെങ്കില്‍ സമരം സി പി എം ഏറ്റെടുക്കുമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പ്രദേശത്തെ എം എല്‍ എയായ എസ് രാജേന്ദ്രനെ സമരക്കാര്‍ അകറ്റി നിര്‍ത്തുന്ന സാഹചര്യത്തില്‍ ഇടപെടല്‍ എങ്ങിനെ വേണമെന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സമരവേദിയിലേക്ക് സ്വാഗതം ചെയ്ത പശ്ചാത്തലത്തില്‍ അദ്ദേഹവും മൂന്നാറിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. വി എസ് മൂന്നാറില്‍ പോകുന്ന സാഹചര്യം വന്നാല്‍ വലിയൊരു ഓളം സൃഷ്ടിക്കുമെന്നും അത് രാഷ്ട്രീയമായ തിരിച്ചടിക്ക് കാരണമാകുമെന്ന ആശങ്കയും സര്‍ക്കാറിനുണ്ട്. ഇതെല്ലാം സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാറിന് മേല്‍ സമ്മര്‍ദമേറുകയാണ്.
മൂന്നാര്‍ സമരം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ജനങ്ങളെ ബുദ്ധി മുട്ടിക്കുന്ന വഴി തടയല്‍ പോലുള്ള സമര മുറകളില്‍ നിന്ന് പിന്‍മാറണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭ്യര്‍ഥിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍ണമായിട്ടാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ തൊഴില്‍, വൈദ്യുതി വകുപ്പുകളുടെ മന്ത്രിമാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഉചിതമായ തിരുമാനം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.