ബീഹാര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്

Posted on: September 10, 2015 2:09 am | Last updated: September 10, 2015 at 12:11 am

bihar electionപാറ്റ്‌ന: ഒക്‌ടോബര്‍ 12ന് ബീഹാര്‍ നിയമസഭയിലേക്ക് അഞ്ച് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയന്തരീക്ഷം ചൂടുപിടിക്കുന്നു. മൂന്നാം വട്ടവും അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇത്തവണയും തിരഞ്ഞെടുപ്പിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ അവിസ്മരണീയ വിജയം നിയമസഭയിലും ആവര്‍ത്തിക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിക്കുന്ന തരത്തില്‍ ബി ജെ പിയും ഇതിനകം പ്രചാരവേലകള്‍ ആരംഭിച്ചിട്ടുണ്ട്.
അതോടെ, നിതീഷ് കുമാറിന്റെ ജെ ഡി യുവിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച മഹാസഖ്യവും ബി ജെ പിയും തമ്മിലായിരിക്കും പ്രധാന പോരാട്ടമെന്ന് വ്യക്തമായി. ആര്‍ ജെ ഡിയും കോണ്‍ഗ്രസുമാണ് മഹാസഖ്യത്തിലെ മറ്റംഗങ്ങള്‍. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം എന്‍ ഡി എയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് നിതീഷ് കുമാര്‍ കോണ്‍ഗ്രസുമായും ലാലുപ്രസാദിന്റെ ആര്‍ ജെ ഡിയുമായും സഖ്യമുണ്ടാക്കിയിരിക്കുന്നത്. 17 വര്‍ഷം നീണ്ട ബന്ധമാണ് നിതീഷ് അവസാനിപ്പിച്ചത്.
മഹാസഖ്യം ഇതിനകം തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകെയുള്ള 243 സീറ്റില്‍ 100 വീതം സീറ്റുകളില്‍ ജെ ഡി യുവും ആര്‍ ജെ ഡിയും മത്സരിക്കാനാണ് ധാരണ. 40 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ളത്. സീറ്റ് വിഭജനത്തില്‍ അതൃപ്തി അറിയിച്ച് മഹാസഖ്യത്തില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി കഴിഞ്ഞ ദിവസം വിട്ടുപോയിരുന്നു.
അതേസമയം, എന്‍ ഡി എക്ക് ഇതുവരെ സീറ്റുവിഭജനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ബീഹാറിലുണ്ടാകുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാറിന്റെ ഭരണനേട്ടങ്ങളും നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണപോരായ്മയും ഉയര്‍ത്തിക്കാട്ടിയാകും ബി ജെ പി വോട്ട് ചോദിക്കുകയെന്ന് ഉറപ്പ്. ഇതിന് തുടക്കം കുറിച്ച് മോദി നേരിട്ട് സംബന്ധിച്ച റാലികള്‍ ബീഹാറില്‍ നടന്നു. കോടികളുടെ വികസന പാക്കേജ് അദ്ദേഹം സംസ്ഥാനത്തിന് പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ രാംവിലാസ് പാസ്വാന്റെ എല്‍ ജെ പി, ഉപേന്ദ്ര കുഷ്‌വാഹയുടെ ആര്‍ എല്‍ എസ് പി എന്നിവരുമായി കൈകോര്‍ത്താണ് ബി ജെ പി എതിരാളികളെ തൂത്തെറിഞ്ഞത്. ഈ വിജയം അസംബ്ലി തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ബി ജെ പിക്ക്.
അതിനിടെ, ആറ് ഇടതുപാര്‍ട്ടികള്‍ ചേര്‍ന്ന് മറ്റൊരു കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. സി പി ഐ, സി പി എം, സി പി ഐ- എം എല്‍, എസ് യു സി ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍ എസ് പി എന്നിവരടങ്ങിയ സഖ്യം 243 സീറ്റുകളിലും മത്സരിക്കുമെന്നാണ് പ്രഖ്യാപനം.