ജില്ലാ ആശുപത്രി അത്യാസന്ന നിലയിലേക്ക്; അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസര്‍ക്ക് സ്ഥലം മാറ്റം

Posted on: September 9, 2015 10:53 am | Last updated: September 9, 2015 at 10:53 am

മാനന്തവാടി: ജില്ലാ ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലേക്ക് തള്ളിവിട്ട് ആരോഗ്യ വകുപ്പ്. ഡോക്ടര്‍മാരുടെ കുറവ് മൂലം അവതാളത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറെ ആരോഗ്യ വകുപ്പ് പൊടുന്നനെ സ്ഥലം മാറ്റി. പകരം ഡോക്ടറെ നിയമിക്കാത്തതിനാല്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റും.
അത്യാഹിത വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന ഡോ ദിവ്യ കലയെയാണ് ജില്ലാ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റിയത്. വേങ്ങപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കാണ് മാറ്റം. ഇത് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി. ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അഞ്ച് ഡോക്ടര്‍മാരാണ് വേണ്ടത്. എന്നാല്‍ രണ്ട് പേരാണ് നിലവില്‍ രോഗികളെ പരിശോധിക്കാനുള്ളത്. ഇതിലൊരാളായ ഡോ.ദിവ്യ കലയക്കാണ് ഇപ്പോള്‍ സ്ഥലം മാറ്റിയത്. എന്നാല്‍ ജില്ലാ ആശുപത്രിയുടെ പരിതസ്ഥികള്‍ കണക്കിലെടുത്ത് പുതിയ ഡോക്ടറെ അത്യാഹിത വിഭാഗത്തിലേക്ക് നിയമിച്ചിട്ടുമില്ല. ഇത് ആശുപത്രിയുടെ അവസ്ഥയെ ഗുരുതരമാക്കും. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം അടുത്ത ദിവസം മുതല്‍ താളം തെറ്റുമെന്ന് ചുരുക്കം. എന്നാല്‍ ബുധനാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെ നിയമിക്കാനാണ് തീരുമാനമെന്ന് ഡി എം ഒ അറിയിച്ചു. ഇങ്ങിനെ വരുമ്പോള്‍ സ്‌പെഷ്യലൈസ്ഡ് ഓപിയെ ബാധിക്കാനിടവരും. ഡോക്ടര്‍മാരുടെ കുറവ് മൂലം ചക്രം ശ്വാസം വലിക്കുന്ന ജില്ലാ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതില്‍ ദുരൂഹതയുള്ളതായും ആരോപണമുണ്ട്. ദന്തല്‍ വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയത് അടുത്തിടെയാണ്. മൊബൈല്‍ ഡ്യൂട്ടി ചെയ്യുന്ന ദന്ത ഡോക്ടറുടെ സേവനമാണ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.